കാന്‍സര്‍ ബാധിച്ചു മാഞ്ചെസ്റ്ററില്‍ മരണമടഞ്ഞ കോതമംഗലം ഊന്നുകല്‍ സ്വദേശി കുന്നത്ത് മലയില്‍ ജിബി മാത്യുവിന്റെ മൃതദേഹം ഇന്ന് മാഞ്ചസ്റ്ററില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. മാഞ്ചസ്റ്ററിലെ വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ വൈകീട്ട് ഏഴുമുതല്‍ പൊതുദര്‍ശനവും ദിവ്യബലിയും നടക്കും. ഷൂഷ്ബറി രൂപതാ ചാപ്ലയിന്‍ ഫാ. സജി മലയില്‍ പുത്തന്‍പുരയുടെ കാര്‍മികത്വത്തിലാണ് ശുശ്രൂഷകള്‍. മാഞ്ചെസ്റ്ററിലും പരിസര പ്രദേശങ്ങളിലും ഉള്ളവര്‍ക്ക് ജിബിയെ കണ്ട് അന്തിമോപചാരം അര്‍പ്പിക്കാം. ഇത് ജിബിയുടെ അകാല വേര്‍പാടില്‍ മനംനൊന്ത് കഴിയുന്ന ഭാര്യ അമോനും പപ്പയെ നഷ്ടപ്പെട്ടെന്ന യാഥാര്‍ത്ഥ്യം ഇനിയും തിരിച്ചറിയാത്ത രണ്ടരവയസുള്ള ഏകമകന് ഡോണാള്ഡിനും വലിയ ആശ്വാസമായിരിക്കും.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ശനിയാഴ്ചയോടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ക്രമീകരണങ്ങള്‍ ആണ് ഫാ.സജിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നത്. ജിബിയുടെ ബന്ധുകൂടിയായ പി.ടി. തോമസ് എം.പിയുടെ നേതൃത്വത്തില്‍ ബന്ധുക്കളും നാട്ടുകാരും നിറകണ്ണുകളോടെ ജിബിയുടെ മൃതദേഹം എത്തുന്നത് കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ഒരാഴ്ചയില്‍ ഏറെയായി. നാട്ടിലെതിക്കുന്ന മൃതദേഹം ഊന്നുകല്‍ ദേവാലയത്തിലെ കുടുംബകല്ലറയില്‍ സംസ്കരിക്കും. ജിബിയുടെ ഭാര്യയും മകനും ബന്ധുക്കളും നാളെ രാവിലെ ഖത്തര്‍ എയര്‍വേസില്‍ നാട്ടിലേയ്ക്ക് തിരിക്കും.
മാഞ്ചസ്റ്ററിലെ എം.ആര്.ഐ ഹോസ്പിറ്റലില്‍ ജോലിചെയ്തിരുന്ന ജിബിക്ക് മരണത്തിനു രണ്ടാഴ്ച മുന്‍പാണ് ലംഗ്സ് കാന്‍സര്‍ സ്ഥിരീകരിച്ചത്. തുടര്‍ന്ന് ചികിത്സയില്‍ ഇരിക്കെ പെട്ടെന്ന് മരണം സംഭവിക്കുകയായിരുന്നു. മരണ കാരണം സംബന്ധിച്ച് ആശുപത്രി അധികൃതരുടെ അനാസ്ഥയ്ക്കെതിരെ ജിബിയുടെ ഭാര്യ അമോന്‍ പരാതി ഉന്നയിച്ചിരിക്കെ, മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയശേഷമാണ് കൊറോനര്ക്ക് കൈമാറിയിരിക്കുന്നത്. മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ശനിയാഴ്ച മൃതദേഹം നാട്ടിലേയ്ക്ക് വിടുന്നതിനുള്ള ക്രമീകരണങ്ങള്‍ ആണ് നടന്നുവരുന്നത്.
ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്നു ഏതാനും മാസം മുമ്പ് ജിബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്നു നടത്തിയേ പരിശോധനയില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയെങ്കിലും ആശുപത്രി അധികൃതര്‍ തുടര്‍ ചികിത്സകളോ പരിശോധനകളോ നടത്തിയില്ലെന്ന ഗുരുതതമായ ആരോപനങ്ങലുമായി അമോന്‍ രംഗത്തുണ്ട്. ഇത് സംബന്ധിച്ച് ആശുപത്രിഅധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. നാട്ടില്‍ നിന്നും തിരിച്ചെത്തിയശേഷം പരാതിയുമായി മുന്നോട്ടു പോകുമെന്ന് അമോന്‍ പറഞ്ഞു. മാഞ്ചസ്റ്ററിലെ വിവിധ മലയാളി അസോസിയേഷനുകളും മലയാളി സമൂഹം ഒന്നടങ്കവും സഹായഹസ്തവുമായി രംഗത്തുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല