സ്വന്തം ലേഖകന്‍: ഭൂമി ഏറ്റെടുക്കല്‍ നിയമ ഭേദഗതിക്കെതിരെ ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ സംഘടിപ്പിച്ച കര്‍ഷക റാലിക്കിടെ ആത്മഹത്യക്ക് ശ്രമിച്ച കര്‍ഷകന്‍ മരിച്ചു. റാലി നടന്ന ജന്തര്‍ മന്ദറിലെ ഒരു മരത്തില്‍ കയര്‍ കെട്ടിയായിരുന്നു കര്‍ഷകന്റെ ആത്മഹത്യാ ശ്രമം. കര്‍ഷകനെ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
രാജസ്ഥാന്‍ സ്വദേശി ഗജേന്ദ്രയാണ് ആത്മഹത്യ ചെയ്തതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, കര്‍ഷകന്റെ ആത്മഹത്യാശ്രമം നടക്കുമ്പോള്‍ സമീപത്തുണ്ടായിരുന്ന പൊലീസ് സംഘം കൈയ്യും കെട്ടി നോക്കിനിന്നുവെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. മരത്തില്‍ തൂങ്ങിയാടിയ ഗജേന്ദ്രയെ ആദ്യം മാധ്യമ ക്യാമറകളാണ് കണ്ടെത്തിയത്. തുടര്‍ന്ന് എഎപി പ്രവര്‍ത്തകര്‍ ഗജേന്ദ്രയെ താഴെയിറക്കി ആശുപത്രിയില്‍ കൊണ്ടു പോകും വഴി മരണം സംഭവിക്കുകയായിരുന്നു.
ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളാണ് റാലി ഉദ്ഘാടനം ചെയ്തത്. ഒറീസ, പശ്ചിമബംഗാള്‍, പഞ്ചാബ്, രാജസ്ഥാന്‍, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ റാലിക്കെത്തിയിരുന്നു. നേരത്തെ ഡല്‍ഹി പൊലീസിന്റെ വിലക്കിനെ തുടര്‍ന്ന് പാര്‍ലമെന്റ് മാര്‍ച്ച് പാര്‍ട്ടി ഒഴിവാക്കിയിരുന്നു.
മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ ഡല്‍ഹി പൊലീസിന് അരവിന്ദ് കേജ്‌രിവാള്‍ നിര്‍ദ്ദേശം നല്‍കിയതായും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ആം ആദ്മി പാര്‍ട്ടിയിലെ വിഭാഗതീയതയും നേതാക്കളുടെ പുറത്താക്കലുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഒഴിവാക്കാനാണ് ഇതെന്നായിരുന്നു അഭ്യൂഹം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല