1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 25, 2015

സ്വന്തം ലേഖകന്‍: കണ്ണൂരില്‍ നിന്ന് പാലായിലെത്തിയ റബര്‍ കര്‍ഷകന്‍ ധനമന്ത്രി കെഎം മാണിക്ക് കത്തെഴുതി വച്ച് ആത്മഹത്യ ചെയ്തു.
പാലായിലെ മേലുകാവ് മൂന്നിലവിലെ റബര്‍ തോട്ടത്തിലാണ് തൂങ്ങി മരിച്ച നിലയില്‍ ഇന്നലെ രാവിലെ മൃതദേഹം കണ്ടെത്തിയത്. മരച്ചുവട്ടില്‍ കണ്ടെത്തിയ 200 പേജിന്റെ പുതിയ നോട്ടുബുക്കിലെ ആദ്യത്തെ രണ്ടുതാളുകളിലാണ് ആത്മഹത്യാ കുറിപ്പുള്ളത്. ഈ കുറിപ്പിലാണ് മരിച്ചയാള്‍ കണ്ണൂര്‍ സ്വദേശിയാണെന്ന സൂചന നല്‍കിയത്.

‘ഞാന്‍ കണ്ണൂര്‍ സ്വദേശിയാണ്. എനിക്ക് കുടുംബവും കുട്ടികളുമുണ്ട്. ഞാന്‍ എന്റെ വീട് വിറ്റ് റബ്ബര്‍തോട്ടം വാങ്ങി. റബറിന്റെ വിലയിടിവുകൊണ്ട് വീടുവെയ്ക്കാനോ സ്ഥലം വില്‍ക്കാനോ സാധിക്കുന്നില്ല’ എന്നു തുടങ്ങുന്ന ആത്മഹത്യാ കുറിപ്പ്, ‘റബറിന് 150 രൂപയെങ്കിലും കിട്ടിയില്ലെങ്കില്‍ എന്നെപ്പോലെയുള്ള ആയിരക്കണക്കിന് ചെറുകിട കര്‍ഷകര്‍ക്ക് ഈ മാര്‍ഗ്ഗം തന്നെ സ്വീകരിക്കേണ്ടിവരും. പ്രഖ്യാപനമല്ലാതെ നടപ്പാക്കാന്‍ നമ്മുടെ ധനമന്ത്രി ഇനിയെങ്കിലും ശ്രമിക്കട്ടേ എന്ന് അപേക്ഷിക്കുന്നു’ എന്നു പറഞ്ഞാണ് അവസാനിക്കുന്നത്.

മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. എന്നാല്‍ നോട്ടു ബുക്കിന്റെ രണ്ടാമത്തെ പേജില്‍, തന്റെ മൃതദേഹം വാടക വീട്ടിലേക്ക് കൊണ്ടു പോകരുതെന്നും പൊതു ശ്മശാനത്തില്‍ സംസ്‌കരിക്കണമെന്നും അഭ്യര്‍ഥിച്ചിട്ടുണ്ട്. ഏതെങ്കിലും ഒരു പത്രത്തിന്റെ കണ്ണൂര്‍ എഡിഷനില്‍ ഈ വാര്‍ത്ത നല്‍കണമെന്നും അപേക്ഷയുണ്ട്. അതുകൊണ്ടു തന്നെ ഇയാള്‍ കണ്ണൂര്‍ സ്വദേശിയാണെന്ന നിഗമനത്തിലാണ് മേലുകാവ് പൊലീസ്.

55 വയസ് പ്രായം തോന്നിക്കുന്ന അജ്ഞാതന്‍ കാവി മുണ്ടാണ് ധരിച്ചിരുന്നത്. കറുപ്പു നിറമാണ്. ഒരു ഷര്‍ട്ട് കടലാസില്‍ പൊതിഞ്ഞ് മരച്ചുവട്ടിലെ പ്ലാസ്റ്റിക് കവറിനകത്ത് സൂക്ഷിച്ചിട്ടുണ്ട്. അകത്തും പുറത്തും പോക്കറ്റുകളുള്ള ഷര്‍ട്ടില്‍ ആയിരത്തിലേറെ രൂപയും ഏറ്റുമാനൂര്‍, പാലാ റൂട്ടില്‍ ഓടുന്ന ഉദയ എന്ന സ്വകാര്യ ബസിന്റെ ടിക്കറ്റും കണ്ടെടുത്തു. ആത്മഹത്യാ കുറിപ്പ് എഴുതാന്‍ ഉപയോഗിച്ച പേനയും അടുത്തുണ്ടായിരുനു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.