സ്വന്തം ലേഖകന്‍: മധ്യപ്രദേശില്‍ കര്‍ഷക പ്രക്ഷോഭം കത്തിപ്പടരുന്നു, 24 മണിക്കൂറിനിടെ മൂന്നു കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. കര്‍ഷക സമരം കൊടുമ്പിരിക്കൊള്ളുന്ന മധ്യപ്രദേശില്‍ കടക്കെണിയില്‍ നട്ടംതിരിയുന്ന മൂന്നു കര്‍ഷകര്‍ കൂടി ഇന്നലെ ജീവനൊടുക്കി. കര്‍ഷക പ്രക്ഷോഭം തുടങ്ങി ഒരാഴ്ചയ്ക്കകം മരിച്ചവരുടെ എണ്ണം ഇതോടെ അഞ്ചായി.
മഖന്‍ലാല്‍(68), ഹരിസിങ് യാദവ് എന്നിവരാണു കഴിഞ്ഞദിവസം ജീവനൊടുക്കിയത്. ബ്ലേഡ് പലിശക്കാരനില്‍നിന്ന് ഏഴുലക്ഷം രൂപ വായ്പയെടുത്ത മഖന്‍ലാല്‍ പലിശ കൊടുക്കാന്‍ രണ്ടു വര്‍ഷം കൊണ്ട് ഏഴേക്കര്‍ വിറ്റിരുന്നു. ഭോപ്പാലിലെ വിദിശയില്‍ വിഷഗുളിക കഴിച്ചു ചികില്‍സയിലായിരുന്ന കര്‍ഷകനും ഇന്നലെ മരിച്ചു.
കര്‍ഷക സമരത്തിനുനേരെയുണ്ടായ പോലീസ് വെടിവയ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ സര്‍ക്കാര്‍ കടാശ്വാസമടക്കം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത്തരം നടപടികള്‍ ഒരു ഫലവും ചെയ്യില്ലെന്ന് കര്‍ഷക സമര നേതാക്കള്‍ ആരോപിച്ചു. ഇതിനിടെ മന്‍സോറിലെ കര്‍ഷകര്‍ക പ്രതിഷേധങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കാനെത്തിയ ഗുജറാത്തിലെ പട്ടേല്‍ സംവരണ സമര നേതാവ് ഹാര്‍ദിക് പട്ടേലിനെ പോലീസ് അറസ്റ്റു ചെയ്തു.
മന്‍സോറിലേക്ക് തിരിച്ച കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയെയും സംഘത്തെയും പോലീസ് തടഞ്ഞു. ഇതില്‍ പ്രതിഷേധിച്ച് ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിലുള്ള 72 മണിക്കൂര്‍ സത്യാഗ്രഹം ബുധനാഴ്ച ആരംഭിക്കും. പ്രതിഷേധങ്ങള്‍ക്കിടെ വെടിയേറ്റുമരിച്ച കര്‍ഷകരുടെ കുടുംബാംഗങ്ങളെ മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍ ബുധനാഴ്ച കാണും.
പൊലീസ് വെടിവെയ്പുണ്ടായി ഒരാഴ്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി പ്രദേശം സന്ദര്‍ശിക്കാന്‍ എത്തുന്നതിന് എതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷം രംഗത്തുണ്ട്. മുഖ്യമന്ത്രി രാജിവക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഉള്ളി, പരിപ്പ് ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച വില ലഭ്യമാക്കണം, കാര്‍ഷിക കടം എഴുതിത്തള്ളണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു ജൂണ്‍ ഒന്നു മുതല്‍ പട്ടേല്‍ വിഭാഗക്കാരായ കര്‍ഷകര്‍ പ്രക്ഷോഭം ആരംഭിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല