സ്വന്തം ലേഖകന്‍: ഫറൂഖ് കോളേജിലെ ആണ്‍, പെണ്‍ വേര്‍തിരിവിനെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട അധ്യാപകനെ പുറത്താക്കി. ഫറൂഖ് കോളേജിലെ ലിംഗ വിവേചനത്തെ ഫേസ്ബുക്കിലൂടെ വിമര്‍ശിച്ച അരീക്കോട് സുല്ല മുസലാം സയന്‍സ് കോളേജിലെ അധ്യാപകന്‍ മുഷമ്മദ് ഷഫീഖ് സിപിയെയാണ് പിരിച്ചു വിട്ടത്.
കോളേജിലെ ഇംഗ്ലീഷ് ഗസ്റ്റ് അധ്യാപകനാണ് ഷെഫീഖ്. എന്നാല്‍ പിരിച്ചുവിടലിനെ കുറിച്ച് കോളേജ് അധികൃതര്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഫ്രീഡം ആസാദ് എന്ന പേരിലുള്ള ഫേസ് അക്കൗണ്ടിലൂടെയാണ് ഷെഫീഖ് തന്റെ നിലപാടുകള്‍ വ്യക്തമാക്കിയിരുന്നത്. ഫറൂഖ് കോളേജ് വിഷയത്തില്‍ ഇട്ട ഫേസ്ബുക്ക് കമന്റ് ആണ് തന്റെ പിരിച്ചുവിടലിലേയ്ക്ക് നയിച്ചതെന്ന് ഷെഫീഖ് വ്യക്തമാക്കി.
നേരത്തെ ഫറൂഖ് കോളേജിലെ ലിംഗ വിവേചന പ്രശ്‌നം പുറത്തുകൊണ്ടുവന്ന ദിനു എന്ന വിദ്യാര്‍ത്ഥിയെ പിന്തുണച്ചതുകൊണ്ട് ഷഫീഖ് പോസ്റ്റ് ഇട്ടിരുന്നു. ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതോടെ കോളേജ് അധികൃതര്‍ വിഷയത്തില്‍ വിശദീകരണം ചോദിക്കുകയും ഷെഫീഖ് പോസ്റ്റ് പിന്‍വലിയ്ക്കുകയും ചെയ്തു. അതിന് ശേഷമാണ് ഇപ്പോള്‍ പിരിച്ചുവിടല്‍ നടപടി.
ഫറൂഖ് കോളേജ് പോലെ തന്നെ ലിംഗ വിവേചന പ്രശ്‌നങ്ങള്‍ നലിനില്‍ക്കുന്ന കോളേജ് ആണ് അരീക്കോട് സുല്ല മുസലാം സയന്‍സ് കോളേജും. തിരുവാതിരക്കളി നടത്താന്‍ അനുമതി നല്‍കാതിരുന്ന സംഭവം 2012 ല്‍ വലിയ വിവാദമായിരുന്നു. കോളേജില്‍ കലാപരിപാടികള്‍ക്ക് പോലും ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് പങ്കെടുക്കരുതെന്നാണ് കര്‍ശന നിയമം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല