സ്വന്തം ലേഖകന്‍: ഫറൂഖ് കോളേജിലെ ആണ്‍, പെണ്‍ വിവാദം, ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നതിനോട് തനിയ്ക്ക് യോജിപ്പില്ലെന്ന് വിദ്യാഭ്യാസ മന്ത്രി അബ്ദു റബ്ബ്. കോളേജിലെ ക്ലാസ്സ് മുറിയില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടകലര്‍ന്നിരുന്നതായിരുന്നു ഫറൂഖ് കോളേജില്‍ വിവാദമായത്. ഇതേ തുടര്‍ന്ന് ഒമ്പത് കുട്ടികളെ ക്ലാസ്സില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ഫറൂഖ് കോളേജിലെ വിവാദങ്ങളെ കുറിച്ച് തനിയ്ക്കറിയില്ലെന്നും മന്ത്രി പറഞ്ഞു. കോളേജ് അധികൃതര്‍ ഇതുവരെ തന്നോട് ഒരു പരാതിയും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ മന്ത്രിയുടെ പ്രസ്താവന നേരത്തെ ഉണ്ടായ നിലവിളക്ക് വിവാദം പോലെ കത്തിപ്പടരുകയാണ്.
ക്ലാസ്സ് മുറിയില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടകലര്‍ന്നിരിയ്ക്കുന്നത് സദാചാരത്തിനും സംസ്‌കാരത്തിനും മൂല്യങ്ങള്‍ക്കും എതിരാണെന്ന് പറഞ്ഞാണ് ഫറൂഖ് കോളേജില്‍ വിദ്യാര്‍ത്ഥികളെ പുറത്താക്കിയത്.
കുട്ടികള്‍ ഒരുമിച്ചിരിയ്ക്കുന്നതിനോട് യോജിപ്പില്ല എന്ന് വിദ്യാഭ്യാസ മന്ത്രി പറയുമ്പോള്‍ മന്ത്രിയ്ക്കും കോളേജ് മാനേജ്‌മെന്റിനും ഒരേ അഭിപ്രായം തന്നെയാണ് എന്നാണ് വിമര്‍ശകരുടെ വാദം.
ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിയ്ക്കണമെങ്കില്‍ തറവാട്ടില്‍ നിന്ന് പണം കൊണ്ടുവന്ന് കോളേജ് ഉണ്ടാക്കണം എന്ന് ലീഗ് എംഎല്‍എ കെഎം ഷാജി പറഞ്ഞിരുന്നു. അതേസമയം കാമ്പസുകളിലെ ലിംഗ വിവേചനത്തെ ഏത് വിധേനയും ചെറുക്കുമെന്ന് എസ്എഫ്‌ഐയും കെഎസ്‌യുവും അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല