സ്വന്തം ലേഖകന്‍: കോഴിക്കോട് ഫാറൂഖ് കോളേജില്‍ ഒരു ബെഞ്ചിലിരുന്ന് സംസാരിച്ചതിന് ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും സസ്‌പെന്‍ഡ് ചെയ്തു, കടുത്ത സദാചാര നിയമങ്ങളെന്ന് വിദ്യാര്‍ഥികള്‍. കോളേജില്‍
കര്‍ശനമായ ആണ്‍ പെണ്‍ വിവേചനം നിലനില്‍ക്കുന്ന വാര്‍ത്തകള്‍ക്കിടെയാണ് സഹപാഠികളായ എട്ട് ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും കോളേജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്. ക്ലാസില്‍ ഒരു ബെഞ്ചില്‍ ഇരുന്നു സംസാരിച്ചെന്ന് ആരോപിച്ചാണ് വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി.
വിദ്യാര്‍ഥികള്‍ ഒരുമിച്ചിരുന്ന സംസാരിക്കുന്നത് മലയാളം അധ്യാപകന്‍ കാണുകയും പ്രിന്‍സിപ്പലിന് റിപ്പോര്‍ട്ട് ചെയ്യുകയുമായിരുന്നു. ഒരുമിച്ചിരുന്നതിനെ തുടര്‍ന്ന് വിദ്യാര്‍ഥികളെ അധ്യാപകന്‍ തന്റെ ക്ലാസില്‍ നിന്നും വിലക്കി. ക്ലാസിന് പുറത്തു നിര്‍ത്തുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരെ പ്രിന്‍സിപ്പലിന് പരാതി നല്‍കുകയായിരുന്നു.
വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്ത പ്രിന്‍സിപ്പല്‍ തിങ്കളാഴ്ച രക്ഷിതാക്കളെ കൊണ്ടു വരണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ക്ലാസിലോ പുറത്തോ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചു പെരുമാറുന്നതിന് കോളേജില്‍ വിലക്കുണ്ടെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. നിയമം തെറ്റിച്ചതിനാണ് വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി.
കോളേജ് കാന്റീന്‍, കാമ്പസ് വൃക്ഷത്തണല്‍ തുടങ്ങി സ്ഥലങ്ങളിലെല്ലാം ഇരു കൂട്ടര്‍ക്കും വെവ്വേറെ ഇരിപ്പിടങ്ങളാണ്. കാമ്പസിനുള്ളില്‍ ഒരുമിച്ചു സംസാരിക്കുന്നതോ ഇരിക്കുന്നതോ നിരീക്ഷിക്കുന്നതിനായി പ്രത്യേക അധ്യാപകരുമുണ്ട്. കേരളത്തില്‍ മറ്റെവിടെയും കേട്ടുകേള്‍വിയില്ലാത്ത സദാചാര നിയമങ്ങളാണ് മുസ്ലീം മാനേജ്‌മെന്റിന് കീഴിലുള്ള ഫാറൂഖ് കോളിജില്‍ നടപ്പാക്കിവരുന്നതെന്ന് വിദ്യാര്‍ഥി സംഘടനകള്‍ ആരോപിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല