സ്വന്തം ലേഖകൻ: ടോൾ ബൂത്തുകളിലെ നീണ്ട ക്യൂവിന് വിരാമമിടാൻ ദേശീയപാത നിയമങ്ങളിൽ ഭേദഗതിയുമായി കേന്ദ്രസർക്കാർ. സ്വകാര്യ വാഹനങ്ങൾക്ക് ദിവസവും 20 കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് ഇനി മുതല്‍ ടോൾ ബാധകമാവില്ല. ജിഎൻഎസ്എസ് (ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം) സംവിധാനം നടപ്പാക്കുന്നതായി കേന്ദ്ര ഗതാഗതമന്ത്രാലയം വിജ്ഞാപനമിറക്കി. 2008-ലെ ദേശീയ പാത ഫീ ചട്ടത്തിലാണ് ഭേദഗതി വരുത്തിയിരിക്കുന്നത്.
പുതിയ ഭേദഗതി നടപ്പിലാക്കുന്നതോടെ ദേശീയപാതയിലെ ടോൾ നിരക്കുകളിൽ മാറ്റമുണ്ടാകും. പുതുക്കിയ ചട്ടങ്ങൾ പ്രകാരം ഫങ്ഷണൽ ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (ജിഎൻഎസ്എസ്) ഉള്ള സ്വകാര്യ വാഹന ഉടമകൾക്ക് ടോൾ ടാക്സ് ഇളവുകൾ ലഭിക്കുന്നതായിരിക്കും. ജിഎൻഎസ്എസ് സജ്ജീകരിച്ചിട്ടുള്ള സ്വകാര്യ വാഹനങ്ങൾക്ക് ഹൈവേകളിലും എക്‌സ്പ്രസ് വേകളിലും പ്രതിദിനം 20 കിലോമീറ്റർ വരെ യാതൊരു ടോൾ ടാക്സും ഈടാക്കില്ല. 20 കിലോമീറ്ററിൽ കൂടുതലുള്ള യാത്രകൾ ആണെങ്കിൽ യാത്രാ ദൂരത്തെ അടിസ്ഥാനമാക്കിയായിരിക്കും ഫീസ് ഈടാക്കുന്നത് എന്നും ഗതാഗത മന്ത്രാലയം അറിയിച്ചു.
നിലവില്‍ വാഹനത്തില്‍ പതിപ്പിച്ചിരിക്കുന്ന ഫാസ്ടാഗ് ആർഎഫ്‌ഐഡി ടോള്‍ ബൂത്തില്‍ സ്കാന്‍ ചെയ്താണ് ടോള്‍ പിരിവ്. എന്നാല്‍ ഇനി ജിഎന്‍എസ്‌എസ് ഉപഗ്രഹ ശൃംഖലയുമായി ബന്ധിപ്പിച്ചാണ് ടോള്‍ പിരിക്കുക. അതായത് വാഹനം ഓടിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ ടോള്‍ ഈടാക്കാനാകും. കാറിൽ ഘടിപ്പിക്കുന്ന സാറ്റലൈറ്റ് ട്രാക്കിങ് ഉപകരണം ഒബിയു (ഓൺ ബോർഡ് യൂണിറ്റ്) ഉപയോഗിച്ചാകും പിരിവ്. ഇത് സർക്കാർ പോർട്ടലുകൾ വഴി ലഭ്യമാകും. വാഹനം നിശ്ചിത ദൂരം കടക്കുന്നത് ഉപഗ്രഹ മാപ്പിൽ കാണക്കാക്കും.
ഫാസ്ടാഗുകൾക്ക് സമാനമായാണ് ഒബിയു വിതരണം. ഇത് റീച്ചാർജ് ചെയ്യാവുന്നതാണ്. ആദ്യ ഘട്ടത്തിൽ വാണിജ്യ വാഹനങ്ങളിലായിരിക്കും ജിഎൻഎസ്എസ് ഉപയോഗിക്കുക. പ്രധാന പാതയ്ക്ക് മാത്രമായിരിക്കും ടോൾ. ടോൾ ബാധകമായ സഞ്ചാരപാത മാപ്പിൽ അടയാളപ്പെടുത്തിയത് എസ്എംഎസ് ആയി അയച്ചു നൽകും. ഓടുന്ന ദൂരത്തിൻ്റെ അടിസ്ഥാനത്തിൽ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടിൽ നിന്ന് ടോൾ ചാർജുകൾ കുറയ്ക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല