1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 5, 2016

സ്വന്തം ലേഖകന്‍: മുസ്ലിയാരുടെ ഉപദേശം കേട്ട് അഞ്ചു തവണ ബാങ്കു വിളിക്കാതെ നവജാതെ ശിശുവിന് മുലപ്പാല്‍ നിഷേധിച്ച പിതാവിന് ഫേസ്ബുക്കില്‍ പൊങ്കാല. കോഴിക്കോട് മുക്കം ഓമശ്ശേരി സ്വദേശി അബൂബക്കറാണ് അഞ്ചു തവണ ബാങ്കു വിളിക്കാതെ നവജാതശിശുവിന് മുലപ്പാല്‍ നല്‍കരുതെന്ന മുസ്ലിയാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് കുഞ്ഞിന് പാലു നല്‍കുന്നതില്‍ നിന്നും ഭാര്യയെ വിലക്കിയത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മുക്കം ഇഎംഎസ് സഹകരണ ആശുപത്രിയിലായിരുന്നു സംഭവം. ഡോക്ടര്‍മാര്‍ ഇടപെട്ടിട്ടും പോലീസ് എത്തിയിട്ടും കുഞ്ഞിന് മുലപ്പാല്‍ നല്‍കാന്‍ ഇയാള്‍ ഭാര്യയെ അനുവദിച്ചില്ല. കുളംതോട് തങ്ങളുടെ നിര്‍ദേശപ്രകാരമാണ് കുഞ്ഞിന് മുലപ്പാല്‍ വിലക്കിയത് എന്നായിരുന്നു ഇയാള്‍ പോലീസിനും ഡോക്ടര്‍മാര്‍ക്കും നല്‍കിയ വിശദീകരണം.

ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ഓമശ്ശേരി സ്വദേശിയായ അബൂബക്കറിന്റെ ഭാര്യ ഹഫ്‌സത്ത് ഒരു ആണ്‍കുട്ടിയ്ക്ക് ജന്മം നല്‍കിയത്. തുടര്‍ന്ന് കുഞ്ഞിന് മുലപ്പാല്‍ കൊടുക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയും ഭാര്യ ഇതിന് തയ്യാറാകുകയും ചെയ്തുവെങ്കിലും നിസ്‌കാര സമയം അറിയിക്കാനായി അഞ്ചു തവണ ബാങ്കുവിളിക്കാതെ കുഞ്ഞിന് മുലപ്പാല്‍ നല്‍കാന്‍ പാടില്ലെന്ന് അബൂബക്കര്‍ നിര്‍ബന്ധം പിടിക്കുകയായിരുന്നു.

ഇത്രയും സമയം കുഞ്ഞിന് മുലപ്പാല്‍ നല്‍കാതിരുന്നാല്‍ നിര്‍ജ്ജലീകരണം സംഭവിക്കുമെന്നും കുട്ടിയുടെ ജീവന്‍ അപകടത്തിലാകുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചുവെങ്കിലും കുട്ടിയുടെ പിതാവ് ഇതിനൊന്നും വഴങ്ങിയില്ല. തുടര്‍ന്ന് ആശുപത്രിയില്‍ നിന്നും അറിയിച്ചത് അനുസരിച്ച് ഡോക്ടര്‍മാര്‍ സ്ഥലത്തെത്തിയെങ്കിലും മുസ്ലിയാര്‍ പറഞ്ഞതുപോലെയേ കാര്യങ്ങള്‍ നടക്കൂ എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു കുട്ടിയുടെ പിതാവ്.

ആശുപത്രിയില്‍ ഉണ്ടായിരുന്ന ബന്ധുക്കളും ഇയാളെ പിന്തുണച്ചു. ഡോക്ടര്‍മാരുടെ നിര്‍ദേശം അനുസരിക്കാതിരുന്നതോടെ അമ്മയേയും കുഞ്ഞിനെയും ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു.
അതേസമയം, തന്റെ മൂത്ത കുട്ടിയ്ക്കും മുസ്ലിയാര്‍ നിര്‍ദേശിച്ച പ്രകാരമാണ് മുലപ്പാല്‍ നല്‍കിയതെന്നാണ് അബൂബക്കറിന്റെ വാദം.

സംഭവം വിവാദമായതോടെ ചൈല്‍ഡ് ലൈന്‍, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍തുടങ്ങിയവര്‍ വിഷയത്തില്‍ ഇടപെട്ടു. സംഭവത്തില്‍ ബാലാവകാശ കമ്മിഷന് സ്വമേധയാ കേസെടുക്കാനും അധികാരമുള്ളതിനാല്‍ പിതാവിനെ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.