സ്വന്തം ലേഖകൻ: കാണാതായ സൈനികനായ മകന്റെ രാജ്യസ്‌നേഹം തെളിയിക്കുന്നതിന് പിതാവിന് നടത്തേണ്ടി വന്നത് 13 മാസവും 21 ദിവസവും നീണ്ട പോരാട്ടം. കശ്മിരിലെ ഷോപിയാനിലെ മന്‍സൂര്‍ അഹമ്മദ് വഗെയ്ക്കാണ് മകന്റെ രാജ്യസ്‌നേഹം തെളിയിക്കുന്നതിനായി ഇറങ്ങിപുറപ്പടേണ്ടി വന്നത്.
2020 ഓഗസ്റ്റില്‍ ടെറിറ്റോറിയല്‍ ആര്‍മി റൈഫിള്‍മാന്‍ ആയ ഷക്കീര്‍ മന്‍സൂറിനെ ഈദ് ആഘോഷത്തിന് ശേഷം വീട്ടില്‍ നിന്ന് സൈനിക ക്യാംപിലേക്ക് മടങ്ങവെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് മകനെ കാണാതായതായി മന്‍സൂര്‍ അഹമ്മദ് അധികൃതരെ സമീപിച്ചെങ്കിലും ഷക്കീര്‍ പാക്കിസ്ഥാനിലായിരിക്കുമെന്നാണ് ചില പൊലീസുകാര്‍ മന്‍സൂര്‍ അഹമ്മദിനോട് പറഞ്ഞത്.
ഇതിനിടെ ഷക്കീര്‍ സഞ്ചരിച്ച വാഹനം കത്തിയ നിലയിലും സമീപത്തെ കൃഷിയിടത്തില്‍ നിന്ന് ഷക്കീറിന്റെ ചോര പുരണ്ട വസ്ത്രങ്ങളും ലഭിച്ചു. ഇതോടെ ഷക്കീറിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുഴിച്ചിട്ടതായിരിക്കാമെന്ന വാര്‍ത്തകള്‍ പുറത്തുവന്നു. എന്നാല്‍ ഷക്കീര്‍ ഭീകരവാദികള്‍ക്കൊപ്പം ചേര്‍ന്നതായിരിക്കാമെന്നുള്ള തരത്തില്‍ ചിലര്‍ പ്രചാരണങ്ങള്‍ ആരംഭിച്ചു.
മകന്റെ രാജ്യസ്‌നേഹത്തിനെ ചോദ്യം ചെയ്തുകൊണ്ടുള്ള വ്യാജപ്രചാരണങ്ങളില്‍ തളര്‍ന്ന മന്‍സൂര്‍ മകന്റെ മൃതദേഹം കണ്ടെത്താന്‍ ഇറങ്ങിപ്പുറപ്പെടുകയായിരുന്നു. തുടര്‍ന്ന് ഒരു വര്‍ഷത്തിലേറെയായി മന്‍സൂര്‍ എല്ലാ ദിവസവും തന്റെ മകന്റെ മൃതദേഹം കണ്ടെത്താനായി മണ്‍വെട്ടിയുമായി വീട്ടില്‍ നിന്ന് ഇറങ്ങുകയും സ്ഥലങ്ങള്‍ കുഴിച്ച് മൃതദേഹം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.
ഒടുവില്‍ ഒരു വര്‍ഷത്തിന് ശേഷം മകന്റെ അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തുകയായിരുന്നു. ഷക്കീര്‍ കയ്യില്‍ അണിഞ്ഞിരുന്ന ബ്രേസ് ലെറ്റില്‍ നിന്നാണ് മന്‍സൂര്‍ മൃതദേഹം തിരിച്ചറിഞ്ഞത്. ഷക്കീറിന്റെ തിരോധാനത്തിന് ശേഷം തന്നെയും മകനെയും ഭീകരവാദവുമായി ബന്ധമുള്ളവരായി ചിലര്‍ സംശയിച്ചിരുന്നെന്ന് മൃതദേഹത്തിന് അനുശോചനം അറിയിക്കാനെത്തിയ സൈനിക ഉദ്യോഗസ്ഥനോട് മന്‍സൂര്‍ പറഞ്ഞു.
“മകന്റെ ശരീരം വീണ്ടെടുത്തതിന് ഞാന്‍ ദൈവത്തിന് നന്ദി പറയുന്നു. ഒരു കളങ്കത്തോടെയാണ് ഞാന്‍ ജീവിച്ചത്. പൊലീസില്‍ പോയി മകനെക്കുറിച്ച് ചോദിക്കുമ്പോഴെല്ലാം അവര്‍ പറയും, ‘അറിയില്ല … അവന്‍ പാകിസ്ഥാനിലായിരിക്കാം, അയാള്‍ ഭീകരര്‍ക്കൊപ്പം ചേര്‍ന്നു,‘ ഇത് കേട്ട് ഞാന്‍ കരഞ്ഞ് വീട്ടിലേക്ക് മടങ്ങും. എനിക്ക് എന്റെ മകനെ നഷ്ടപ്പെട്ടതില്‍ വളരെ വിഷമമുണ്ട്, പക്ഷേ ആ കളങ്കം നീങ്ങിയതില്‍ ഞാന്‍ ഇന്ന് സന്തുഷ്ടനാണ്. ആരും എന്നെ വിശ്വസിച്ചിരുന്നില്ല,“ എന്നായിരുന്നു മന്‍സൂര്‍ എന്‍.ഡി.ടി.വിയോട് പറഞ്ഞത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല