1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 30, 2011


ബൈജു പുല്‍ത്തകിടിയില്‍

ഇന്ന് യു കെ മലയാളികള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതിയുള്ള വ്യക്തി ആരെന്ന് ചോദിച്ചാല്‍ അതിന് ഒരു ഉത്തരം മാത്രമേയുള്ളൂ.അത് സീറോ മലബാര്‍ സഭയുടെ ബര്‍മിംഗ്ഹാം അതിരൂപത ചാപ്ലിനും ധ്യാനഗുരുവുമായ ഫാദര്‍ സോജി ഓലിക്കല്‍ എന്ന വൈദിക ശ്രേഷ്ഠനാണ്.യു കെ മലയാളിയുടെ ക്രൈസ്തവ ആത്മീയ ജീവിതത്തിന് പുതിയ മാനങ്ങള്‍ നല്‍കി കുടുംബ നവീകരണത്തിന് പാതയോരുക്കുന്ന അദ്ദേഹത്തെ അറിയാത്തവരായി യു കെ മലയാളികളില്‍ ആരുമുണ്ടാവില്ല.യു കെയിലെത്തി ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ ഓരോ യു കെ മലയാളിയുടെയും മനസിനുള്ളില്‍ ഇടം പിടിച്ചുകഴിഞ്ഞു നമ്മുടെയൊക്കെ പ്രിയപ്പെട്ട സോജിയച്ചന്‍.

അങ്ങിനെ വചന വഴിയിലൂടെ യു കെ മലയാളികളെ ആത്മീയ ഉണര്‍വിലേക്ക് നയിക്കുന്ന സോജിയച്ചന്‍ ഡിസംബര്‍ 29 ന് തന്‍റെ പൌരോഹിത്യ ജീവിതത്തിന്‍റെ ഒരു പതിറ്റാണ്ട് പൂര്‍ത്തിയാക്കുകയാണ്. പാലക്കാട് രൂപതയിലെ കാഞ്ഞിരപ്പുഴ സ്വദേശിയായ സോജിയച്ചന്‍ 2001 ഡിസംബര്‍ 29 നാണ് പ്രഥമ ദിവ്യബലി അര്‍പ്പിക്കുന്നത്.തുടര്‍ന്ന് അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തിലും കോയമ്പത്തൂര്‍ ഇടവകയിലും സേവനം അനുഷ്ട്ടിച്ച അദ്ദേഹം ഏകദേശം രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് മലയാളികള്‍ക്ക് ദൈവാരൂപിയുടെ അനുഗ്രഹ സ്പര്‍ശവുമായി യു കെയില്‍ എത്തുന്നത്‌. .യു കെ മലയാളികള്‍ക്കിടയിലെ ആത്മീയ ഉണര്‍വിന്‍റെ പ്രാധാന്യം മനസിലാക്കിയ സഭാനേതൃത്വം അതിനു നേതൃത്വം കൊടുക്കാന്‍ സോജിയച്ചനെ ഇങ്ങോട്ട് അയക്കുകയായിരുന്നു.കാലങ്ങള്‍ പിന്നിടുമ്പോള്‍ ഇന്ന് യു കെ മലയാളികള്‍ ആത്മീയ പാതയില്‍ വളരെയധികം മുന്നോട്ട് പോകുന്നതിന്‍റെ പ്രധാന കാരണം ഈ വൈദിക ശ്രേഷ്ഠന്റെ അര്‍പ്പണ ബോധവും തീഷ്ണതയും അദ്ദേഹത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ദൈവാരൂപിയുടെ പ്രവര്‍ത്തനവുമാണ്.

വടവാതൂര്‍ സെമിനാരിയിലെ പഠന കാലത്ത് ബ്രദര്‍ തോമസ്‌ പോളിന്‍റെ പ്രഭാഷണങ്ങള്‍ സോജിയച്ചനെ സ്വാധീനിച്ചിരുന്നു.മുന്‍പ് സീറോ മലബാര്‍ സഭയുടെ ബര്‍മിംഗ്ഹാം അതിരൂപത ചാപ്ലിന്‍ ആയിരുന്ന ഫാദര്‍ സെബാസ്റ്റ്യന്‍ അരീക്കാട്ട് സെമിനാരി പഠന കാലത്ത് സോജിയച്ചന്റെ പ്രൊഫസര്‍ ആയി സേവനം അനുഷ്ട്ടിച്ചിട്ടുണ്ട്.ഇപ്പോള്‍ യു കെയില്‍ സീറോ മലബാര്‍ സഭയ്ക്ക് വേണ്ടി സേവനം അനുഷ്ടിക്കുന്ന ഒട്ടുമിക്ക വൈദികരും സോജിയച്ചനോപ്പം പഠിച്ചവരാണ്.പഠന കാലത്ത് തന്നെ സോജിയച്ചനില്‍ ഒരു പ്രത്യേക ആത്മീയ ഉണര്‍വ്‌ പ്രകടമായിരുന്നുവെന്നു സെമിനാരിയിലെ അദ്ദേഹത്തിന്‍റെ സീനിയര്‍ ആയിരുന്ന ഡെറി രൂപതയിലെ സീറോമലബാര്‍ സഭാ ചാപ്ലിന്‍ ആയ ഫാദര്‍ ജോസഫ്‌ കറുകയില്‍ പറഞ്ഞു.സോജിയച്ചനോപ്പം അതേദിവസം തന്നെ അദ്ദേഹത്തിന്‍റെ പിതൃ സഹോദര പുത്രനും ഇപ്പോള്‍ റോമില്‍ ഡോക്റ്ററെറ്റിന് പഠിക്കുന്ന ഫാദര്‍ ലാലുവും പുത്തന്‍ കുര്‍ബാന ചൊല്ലിയിരുന്നു.മാറാനാത്ത എന്ന പേരില്‍ സോജിയച്ചന്റെ പ്രഭാഷണങ്ങള്‍ യുട്യൂബില്‍ പ്രസിദ്ധമാണ്.നീ കര്‍ത്താവാണെന്നും നീ ദൈവമാണെന്നും ….എന്ന് തുടങ്ങുന്ന ഗാനങ്ങള്‍ അടങ്ങിയ വിടുതലിന്‍ ആത്മാവ് എന്ന ക്രിസ്ത്യന്‍ സംഗീത ആല്‍ബത്തിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നതും സോജിയച്ചനാണ്.(ലിങ്ക് ചുവടെ കൊടുക്കുന്നു.)

യു കെ മലയാളികള്‍ക്കിടയില്‍ ആത്മീയ ഉണര്‍വേകി അരൂപിയുടെ നിറവില്‍ അനുഗ്രഹമായി പ്രവര്‍ത്തിക്കുമ്പോഴും പൌരോഹിത്യത്തിന്റെ ദശാബ്ദ വേളയില്‍ സോജിയച്ചന് ആഘോഷങ്ങള്‍ ഒന്നുമില്ല.സ്വകാര്യ പ്രാര്‍ഥനയുമായി ഇന്നെദിവസം ചിലവിടാനാണ് അച്ചന്റെ തീരുമാനം.ക്രിസ്മസ് കുര്‍ബാനകളുടെ തിരക്കുകളും ബ്രാഡ്‌ഫോര്‍ഡ്‌ കണ്‍വന്‍ഷനും കഴിഞ്ഞെത്തിയ അച്ചന്‍ ചൊവ്വാഴ്ച വ്യക്തികളെ നേരിട്ട് കാണുന്ന തിരക്കിലായിരുന്നു.ഇന്നലെ രണ്ടാം ശനിയാഴ്ച പ്രാര്‍ത്ഥന കൂട്ടായ്മയിലെ സഹോദരങ്ങള്‍ ബാല്‍സാല്‍ കോമണ്‍ പള്ളിയില്‍ ഒത്തു ചേര്‍ന്ന് അച്ചന് വേണ്ടി പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ചു.കുട്ടികളുടെ നേതൃത്വത്തില്‍ കേക്ക് മുറിക്കുകയും അച്ചന് ആശംസകള്‍ നേരുകയുമുണ്ടായി.പുതു വര്‍ഷ തലേന്ന് വിശുദ്ധ കുര്‍ബാന,ജനുവരി നാലിന് വിശുദ്ധ നാടുകളിലേക്ക് തീര്‍ഥയാത്ര എന്നിങ്ങനെ പോകുന്നു സോജിയച്ചന്റെ തിരക്കുകള്‍

വചന വഴിയിലെ പാതകളില്‍ സുധീരം മുന്നോട്ടു പോകുമ്പോഴും നമ്മളില്‍ ഒരാളായി നമ്മോടൊപ്പം നില്‍ക്കുന്ന സോജിയച്ചന്‍ ഈ പതിറ്റാണ്ടില്‍ നമ്മള്‍ യു കെ മലയാളികള്‍ക്ക് ലഭിച്ച അനുഗ്രഹമാണ്.കാലഘട്ടങ്ങളില്‍ അത്യപൂര്‍വമായി മാത്രം ഉണ്ടാകുന്ന ഈ അപൂര്‍വ പ്രതിഭയുടെ അജഗണങ്ങള്‍ ആകാന്‍ പുണ്യം ലഭിച്ച നാം ഓരോരുത്തരും ധന്യരാണ്.ആംഗലേയ സംസ്ക്കാരത്തിന്റെ വിഷവിത്തുകള്‍ നമ്മുടെയും നമ്മുടെ കുട്ടികളുടെയും മേല്‍ പതിയാതിരിക്കാന്‍, നമ്മില്‍ അടിയുറച്ച ക്രൈസ്തവ വിശ്വാസത്തിന്റെ അടിത്തറ പാകാന്‍ ദൈവം നിയോഗിച്ച ഈ പുണ്യ വ്യക്തിത്വത്തിന് എന്‍ ആര്‍ ഐ മലയാളിയുടെ എല്ലാ ആശംസകളും നേരുന്നു.ഒപ്പം വചന ധാര പൊഴിച്ച് ഇനിയും തലമുറകളെ ദൈവത്തിലേക്ക് അടുപ്പിക്കാനുള്ള കൃപ സോജിയച്ചനു മേല്‍ ചോരിയുവാന്‍ സര്‍വശക്തനായ ദൈവത്തോട് പ്രാര്‍ഥിക്കുകയും ചെയ്യുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.