സ്വന്തം ലേഖകന്‍: പാക് താരങ്ങളുടെ സാന്നിധ്യം, ബോളിവുഡ് ചിത്രമായ യെ ദില്‍ ഹെ മുഷ്‌കിലിന് തിയറ്റര്‍ ഉടമകളുടെ വിലക്ക്. കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത ചിത്രമായ യെ ദില്‍ ഹെ മുഷ്‌കിലിന് ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കില്ലെന്ന് നാല് സംസ്ഥാനങ്ങളിലെ തീയേറ്റര്‍ ഉടമകളുടെ അസോസിയേഷന്‍ തീരുമാനിച്ചു. പാകിസ്താന്‍ താരങ്ങള്‍ അഭിനയിച്ച ചിത്രം പ്രദര്‍ശിപ്പിക്കേണ്ടെന്ന നിലപാടിലാണ് തീയേറ്റര്‍ ഉടമകള്‍.
മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കേണ്ടെന്ന് തീരുമാനിച്ചത്. കഴിഞ്ഞ ഏതാനും മാസങ്ങളില്‍ പൊതുജനങ്ങളില്‍ നിന്നുയര്‍ന്ന വികാരം കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് സിനിമാസ് ഓണര്‍ അസോസിയേഷന്‍ നേതാവ് നിതിന്‍ ദാദര്‍ അറിയിച്ചു. പാക് താരം ഫവദ് ഖാനെ ഒഴിവാക്കിയില്ലെങ്കില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയും ഭീഷണി മുഴക്കിയിരുന്നു.
ദീപാവലി റിലീസ് ലക്ഷ്യമിട്ട് ഒരുക്കിയ ചിത്രമാണ് ഇതോടെ അനിശ്ചിതത്വത്തിലായത്. ബോളിവുഡ് സൂപ്പര്‍ താരങ്ങളായ റണ്‍ബീര്‍ കപൂറിനും ഐശ്വര്യ റായ്ക്കും അനുഷ്‌ക ശര്‍മ്മയ്ക്കുമൊപ്പം പാകിസ്താന്‍ താരമായ ഫവദ് ഖാന്‍ പ്രധാന വേഷത്തിലാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
സെപ്തംബര്‍ 18 ന് 19 സൈനികരുടെ മരണത്തിനിടയാക്കിയ ഉറി ഭീകരാക്രമണത്തിനു പിന്നാലെയാണ് ബോളിവുഡ് പാക് താരങ്ങള്‍ക്കെതിരെ വിലക്ക് ശക്തമാക്കിയത്. നിര്‍മ്മാതാക്കളുടെ അസോസിയേഷന്‍ ഈ തീരുമാനം എടുത്തതിന് പിന്നാലെ ഇന്ത്യന്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് പാകിസ്താന്‍ തീയേറ്റര്‍ ഉടമകളും വ്യക്തമാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല