ബ്രിട്ടണിലെ കൗമാരക്കാരികള്‍ ഭീതിയിലാണ്. രണ്ട് കാരണങ്ങളാണ് ഇതിനുള്ളത്. ഒന്ന് തങ്ങള്‍ക്ക് തടി കൂടുന്നുവെന്ന ചിന്തയാണ്. രണ്ടാമത്തെ കാരണം കത്തിയുമായി ക്ലാസില്‍ വരുന്ന ആണ്‍കുട്ടികളെക്കുറിച്ചുള്ള ചിന്തകളാണ്. വിദേശരാജ്യങ്ങളില്‍ ഇടയ്ക്കിടക്ക് കേള്‍ക്കാറുള്ള വാര്‍ത്തയാണ് കത്തിയുമായി അല്ലെങ്കില്‍ തോക്കുമായി ക്ലാസ് റൂമിലെത്തി സഹപാഠികളെ വെടിവെച്ച് കൊല്ലുന്ന വിദ്യാര്‍ത്ഥികളുടെ കഥകള്‍. ഈ വാര്‍ത്തകളെ സാധൂകരിക്കുന്ന തരത്തില്‍ ക്ലാസില്‍ കത്തിയുമായി വരുന്ന സഹപാഠികള്‍കൂടി ഉണ്ടെങ്കിലോ? കാര്യങ്ങള്‍ തീര്‍ന്നില്ലേ? അതാണ് ബ്രിട്ടണിലെ പത്തും പന്ത്രണ്ടും വയസ്സുള്ള പെണ്‍കുട്ടികളുടെ കാര്യം.
ഇതിനെല്ലാം കാരണമായി പറയുന്ന മറ്റൊരു കാര്യമാണ് പ്രധാനം. ബ്രിട്ടണിലെ ഭൂരിപക്ഷം കുട്ടികളും പന്ത്രണ്ടാം വയസില്‍തന്നെ നല്ല കള്ളു കുടിയന്മാരാകുന്നു. അതാണ് ഇത്തരം പേടികള്‍ക്ക് കാരണമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. പതിനൊന്ന് വയസ്സ് എത്തുമ്പോള്‍തന്നെ മൂന്നിലൊന്ന് പെണ്‍കുട്ടികള്‍ക്ക് തങ്ങളുടെ ഭാരത്തെക്കുറിച്ച് അമിതമായി ഉത്കണ്ഠയുണ്ടാകുന്നു. പതിനഞ്ചാം വയസ്സ് ആകുമ്പോള്‍ ഈ പേടി മൂന്നിലൊന്ന് എന്നത് രണ്ടിലൊന്നായി മാറുന്നു.
തടി കുറയ്ക്കാന്‍വേണ്ടി പെണ്‍കുട്ടികള്‍ ചെയ്യുന്ന ഒരു പരിപാടിയാണ് പ്രഭാത ഭക്ഷണം ഒഴിവാക്കുകയെന്നത്. ഇങ്ങനെ പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരുടെ എണ്ണം ഏതാണ്ട് മൂന്നിലൊന്ന് വരും എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതൊക്കെയാണ് അടിസ്ഥാന പരമായ പ്രശ്നങ്ങള്‍. എന്നാല്‍ പിന്നെ പറയാനുള്ളത് കള്ളുകുടിയെക്കുറിച്ചാണ്. പന്ത്രണ്ട് വയസ്സുള്ള ഒരു കുട്ടി ആഴ്ചയില്‍ ഏതാണ്ട് പത്തൊന്‍പത് ഗ്ലാസ് വൈനാണ് അകത്താക്കുന്നത്. പത്തിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ള 83,000 കുട്ടികളെ എടുത്ത നടത്തിയ പഠനത്തില്‍നിന്നാണ് ഇക്കാര്യം വ്യക്തമായത്.
നാല് ശതമാനം കുട്ടികള്‍ ആഴ്ചയില്‍ 28 യൂണിറ്റ് ആല്‍ക്കഹോള്‍ അകത്താക്കുന്നുണ്ട് എന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. പ്രായപൂര്‍ത്തിയായ ഒരു പുരുഷന് ദിവസത്തില്‍ മദ്യപിക്കാമെന്ന് കണക്കാക്കിയിരിക്കുന്ന ആല്‍ക്കഹോളിന്റെ അളവ് നാല് യൂണിറ്റാണ് എന്ന് അറിയുമ്പോളാണ് ഇതിന്റെ ഭീകരത മനസിലാകുന്നത്. ഇത്രയും കള്ളുകുടിക്കുന്ന കുട്ടികളാണ് സ്കൂളില്‍ തോക്കും കത്തിയുമായി എത്തുന്നത്. അതുതന്നെയാണ് കുട്ടികളുടെ ഏറ്റവും വലിയ ഭീതിയും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല