സൗത്തന്റ് സെന്റ് ഗ്രിഗോറിയോസ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്സ് പള്ളിയുടെ കാവല്‍ പിതാവ്, പുണ്യശ്ലോകനും ഭാരത സഭയുടെ പ്രാര്‍ത്ഥന സുഗന്ധവുമായി പരിശുദ്ധ പരുമല തിരുമേനിയുടെ 109 താമത് ഓര്‍മ്മപ്പെരുന്നാള്‍ ഭക്ത്യാതരപൂര്‍വ്വം ആഘോഷിച്ചു. നവംബര്‍ ഇരുപത്തിയാറാം തീയതി വൈകിട്ട് ആറ് മണിക്ക് വെസ്റ്റ്ക്ലിഫില്‍നിന്ന് ഓള്‍ സെന്റ് ദേവാലയത്തിലേക്ക് നടത്തിയ പദയാത്രയ്ക്ക് റവ. ഫാദര്‍ തോമസ് പി ജോണ്‍ നേതൃത്വം നല്‍കി. എല്ലാ വര്‍ഷവും നടത്തിവരുന്ന പദയാത്രയ്ക്ക് കൂടുതല്‍ വിശ്വാസികള്‍ പങ്കെടുക്കാന്‍ വരുകയുണ്ടായി.
എഴ് മണിക്ക് സന്ധ്യാനമസ്കാരവും വചനപ്രഘോഷണവും നടത്തി. ഇരുപത്തിയേഴാം തീയതി രാവിലെ എട്ട് മണിക്ക് പ്രഭാതനമസ്കാരവും തുടര്‍ന്ന് നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ലണ്ടന്‍ ബ്രോക്ലി പള്ളി വികാരി റവ. ഫാദര്‍ തോമസ് പി ജോണ്‍ കാര്‍മ്മികത്വം വഹിച്ചു. പരിശുദ്ധ തിരുമേനിയോടുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും ജാതിമതഭേദമന്യേ പങ്കെടുത്ത ഭക്തിപൂര്‍വ്വം നടന്ന പ്രദക്ഷിണത്തിന് തടികുരിശുകളും പൊന്‍വെള്ളികുരിശും പല വര്‍ണ്ണങ്ങളില്‍ പീലി വിടര്‍ത്തിയ മുത്ത് കുടകളും കൊടികളും വര്‍ണ്ണപകിട്ട് ചാര്‍ത്തി. പരിശുദ്ധ പരുമല തിരുമേനിയുടെ പ്രാര്‍ത്ഥനാ ജീവിതം തങ്ങളുടെ കുടുംബജീവിതത്തില്‍ പരിശുദ്ധിയുടെ പരിമളം നിറയട്ടെയെന്ന് തിരുനാള്‍ സന്ദേശത്തില്‍ ഫാദര്‍ തോമസ് പി ജോണ്‍ പറഞ്ഞു.
തുടര്‍ന്ന് നടന്ന അനുസ്മരണ സമ്മേളനത്തില്‍ ഡല്‍ഹി ഭദ്രാസന മെത്രോപോലീത്ത അഭിവന്ദ്യ മാര്‍ ജോബ് പീലകസിനോസ് തിരുമേനിയുടെ ദേഹവിയോഗത്തില്‍ ഇടവക അനുശോചനം രേഖപ്പെടുത്തി. പ്രതിസന്ധി ഘട്ടത്തില്‍പോലും തളരാതെ ചെറുപുഞ്ചിരിയോട് കൂടി ഏറ്റെടുത്ത് സഹനജീവിതം മാതൃകയാക്കി വിശ്വാസികള്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുകയും വിവിധ സ്ഥലങ്ങളില്‍ ജീവിക്കുന്ന വേദന നിറഞ്ഞ ജീവിതവും കഷ്ടപ്പാടുകളും മനസിലാക്കുകയും അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ആത്മചര്യനായിരുന്നു തിരുമേനിയെന്ന് ഇടവക വികാരി മാത്യു എബ്രഹാം അനുസ്മരണ പ്രഭാഷണത്തില്‍ പറയുക ഉണ്ടായി. ഇടവക കമ്മറ്റി അംഗങ്ങളും അഗാധമായ ദുഖം രേഖപ്പെടുത്തി.
തുടര്‍ന്ന് ധൂപപ്രാര്‍ത്ഥനയും ആശിര്‍വാദവും കൈമുത്ത് നേര്‍ച്ചവിളമ്പും നടത്തപ്പെട്ടു. പരിശുദ്ധിയുടെ പരിമളം വീശിയ പെരുന്നാളിന് ബര്‍മ്മിഹാം, ലിവര്‍പൂള്‍, ന്യൂകാസില്‍ മറ്റ് വിദൂര സ്ഥലങ്ങളില്‍നിന്നുപോലും വിശ്വാസികള്‍ പരിശുദ്ധന്റെ മദ്ധ്യസ്ഥതയില്‍ അഭയം പ്രാപിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ എത്തിച്ചേര്‍ന്നു. സ്നേഹവിരുന്നോടെ തിരുനാള്‍ മംഗളമായി സമാപിച്ചു.
ഇടവകയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ക്രിസ്മസ് പുതുവത്സാരഘോഷങ്ങള്‍ ഡിസംബര്‍ ഇരുപത്തിനാലാം തീയതി രാവിലെ എട്ടരയ്ക്ക് വിശുദ്ധ കുര്‍ബാനയോടുകൂടി തുടക്കംക്കുറിക്കും. സണ്‍ഡേ സ്കൂള്‍ കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറും. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി നടത്തിവരുന്ന ക്രിസ്മസ് കാരള്‍ ഗായകസംഘം ഡിസംബര്‍ 3, 10, 17, 18 തീയതികളില്‍ ഇടവക അംഗങ്ങളുടെ ഭവനങ്ങള്‍ സന്ദര്‍ശിച്ച് ക്രിസ്മസ് സന്ദേശങ്ങള്‍ നല്‍കുന്നതുമാണെന്ന് ഇടവക കമ്മറ്റി അംഗങ്ങള്‍ അറിയിച്ചു. എല്ലാ മാസവും നാലാം തീയതി ശനിയാഴ്ച വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല