![](https://www.nrimalayalee.com/wp-content/uploads/2022/03/Fedex-Chief-Malayalee.jpg)
സ്വന്തം ലേഖകൻ: ലോകത്തിലെ വൻകിട പാക്കേജ്-ഡെലിവറി കമ്പനിയായ ഫെഡെക്‌സ് കോർപറേഷന്റെ പുതിയ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായി മലയാളിയായ രാജ് സുബ്രഹ്മണ്യം (56) നിയമിതനായി. ജൂൺ ഒന്നിന് ചുമതലയേൽക്കും. യു.എസ് ആസ്ഥാനമായ കമ്പനിയിലെ ചീഫ് ഓപറേറ്റിങ് ഓഫീസർ ആയിരുന്നു രാജ് സുബ്രഹ്മണ്യം (രാജേഷ്). ഫെഡെക്സിന്റെ സ്ഥാപകനും ചെയർമാനുമായ ഫ്രെഡറിക് ഡബ്ല്യു. സ്മിത്ത് ആണ് സി.ഇ.ഒ പദവിയും വഹിച്ചിരുന്നത്. രാജ് സി.ഇ.ഒ ആകുന്നതോടെ സ്മിത്ത് കമ്പനിയുടെ എക്സിക്യൂട്ടീവ് ചെയർമാനാകും.
പാലക്കാട് ചാത്തപുരം സ്വദേശിയും കേരള മുൻ ഡി.ജി.പി സി. സുബ്രഹ്മണ്യത്തിന്റെ മകനുമാണ് രാജ്. ആരോഗ്യ വകുപ്പിലെ മുൻ അഡീഷണൽ ഡയറക്ടർ ബി. കമലമ്മാൾ ആണ് മാതാവ്. ഭാര്യ: ഉമ. മക്കൾ: അർജുൻ, അനന്യ. 1991ലാണ് രാജ് സുബ്രഹ്മണ്യം ഫെഡെക്‌സില്‍ ചേരുന്നത്.
ലയോള സ്കൂളിലായിരുന്നു വിദ്യാഭ്യാസം. 1983ൽ ഐ.ഐ.ടി ബോംബെയിൽ നിന്ന് കെമിക്കൽ എൻജിനീയറിങ് സ്വർണ മെഡലോടെ പാസായി. പിന്നീട് അമേരിക്കയിൽ കെമിക്കൽ എൻജിനീയറിങ് മേഖലയിലെ ഉപരിപഠനത്തിനായി പോയി. സെറാക്യൂസ് സര്‍വകലാശാലയില്‍നിന്ന് മാസ്‌റ്റേഴ്‌സും ഓസ്റ്റിനിലെ ടെക്‌സസ് സര്‍വകലാശാലയില്‍നിന്ന് എം.ബി.എയും നേടി.
കാമ്പസ് റിക്രൂട്ട്മെന്റ് വഴിയാണ് ജൂനിയർ അനലിസ്റ്റ് എന്ന തസ്തികയിൽ ഫെഡെക്‌സിൽ നിയമിതനായത്. പിന്നീട് ഏഷ്യയിലും അമേരിക്കയിലുമായി നിരവധി ചുമതലകള്‍ വഹിച്ചു. 1996–2003 വരെ ഫെഡക്‌സിന്റെ ഹോങ്കോങ് വൈസ് പ്രസിഡന്റായിരുന്നു. 2003–2006 കാലഘട്ടത്തിൽ കാനഡയുടെ ചുമതലയുള്ള പ്രസിഡന്റായി. 2012ൽ എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റായി. 2017ൽ ഫെഡെക്സ് എക്സ്പ്രസിന്റെ പ്രസിഡന്റ് ആയി. 2019ല്‍ ചീഫ് ഓപറേറ്റിങ് ഓഫീസറും കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്‍സ് അംഗവുമായി.
ഭാര്യ ഉമയും ഫെഡെക്സിൽ ഉദ്യോഗസ്ഥയായിരുന്നു. ഇപ്പോൾ മകൻ അർജുനും സഹോദരൻ രാജീവ് സുബ്രഹ്മണ്യവും ഫെഡെക്സിലാണ് ജോലി ചെയ്യുന്നത്. 1973ലാണ് ഫ്രെഡറിക് ഡബ്ല്യു. സ്മിത്ത് ഫെഡക്‌സ് സ്ഥാപിച്ചത്. പോസ്റ്റ് ഓഫീസുകളേക്കാള്‍ വേഗത്തില്‍ ചെറിയ പാര്‍സലുകളും കത്തുകളും എത്തിക്കുകയായിരുന്നു ലക്ഷ്യം.
അരനൂറ്റാണ്ടിനുള്ളില്‍ ലോകത്തിലെ വൻകിട കൊറിയർ-ലോജിസ്റ്റിക്സ് കമ്പനിയായി ഫെഡെക്സ് വളർന്നു. ഇപ്പോൾ ലോകമെങ്ങും 1,950 കേന്ദ്രങ്ങളിലായി 8.5 ലക്ഷത്തോളം ജീവനക്കാരുണ്ട്. തുടക്കത്തിൽ 14 വിമാനങ്ങളായിരുന്നത് ഇപ്പോൾ 750ലേറെ ആയതോടെ വ്യോമമാര്‍ഗം ലോകമെമ്പാടും പാക്കേജുകള്‍ എത്തിക്കുന്നതിൽ ഒന്നാം നിരയിലാണ് കമ്പനി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല