സ്വന്തം ലേഖകന്‍: കശ്മീര്‍ താഴ്വരയില്‍ ഇന്ത്യന്‍ സൈന്യത്തെ കല്ലെറിയുന്ന സ്ത്രീകളെ വനിതാ സൈനികര്‍ നേരിടുമെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത്, യുവാക്കള്‍ കല്ലെടുക്കാന്‍ കാരണം വ്യാജ പ്രചരണം. കശ്മീരിലെ വനിതാ പ്രക്ഷോഭകരെ വനിതാ സൈനികര്‍ നേരിടുമെന്ന് വ്യക്തമാക്കിയ കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത് കശ്മീരില്‍ വനിതാ പ്രക്ഷോഭകരുടെ എണ്ണം വര്‍ദ്ധിച്ചതായും സമ്മതിച്ചു. സൈന്യത്തില്‍ വനിതകളെ നിയമിക്കുമെന്ന് കഴിഞ്ഞയാഴ്ചയാണ് കരസേന മേധാവി വ്യക്തമാക്കിയത്.
തീവ്രവാദ വിരുദ്ധ പോരാട്ടത്തില്‍, പലപ്പോഴും സ്ത്രീകളെ നേരിടേണ്ടി വരാറുണ്ട്. സൈന്യത്തില്‍ വനിതകളുണ്ടെങ്കില്‍ സ്ത്രീ പ്രക്ഷോഭകരെ എളുപ്പത്തില്‍ നേരിടാംബിപിന്‍ റാവത്ത് പറഞ്ഞു. ഇന്ത്യന്‍ മിലിട്ടറി അക്കാദമിയിലെ പുതിയ ബാച്ചിന്റെ പാസിങ് ഔട്ട് പരേഡില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കരസേന മേധാവി. നിലവില്‍ സൈന്യത്തിന്റെ മെഡിക്കല്‍, ലീഗല്‍, എഞ്ചിനീയറിംഗ് വിഭാഗങ്ങളിലാണ് സ്ത്രീകളുള്ളത്.
എന്നാല്‍ പോരാട്ട രംഗത്തേക്ക് കൂടി വനിതകളെ ഉള്‍പ്പെടുത്താനാണ് സൈന്യത്തിന്റെ തീരുമാനം. സ്ത്രീകള്‍ സൈന്യത്തിന്റെ ഭാഗമാകുന്നത് കാണാന്‍ താന്‍ കാത്തിരിക്കുകയാണെന്നും, ഉടനെ തന്നെ അതിനുവേണ്ട നടപടികള്‍ തുടങ്ങുമെന്നും ബിപിന്‍ റാവത്ത് പറഞ്ഞു കശ്മീരില്‍ സൈന്യത്തിനെതിരെ കല്ലെറിയുന്ന വനിതാ പ്രക്ഷോഭകരെ എങ്ങനെ നേരിടുമെന്ന ചോദ്യത്തിന് മറുപടിയായാണ് കരസേന മേധാവി വനിതാ സൈനികരെ നിയോഗിക്കുന്ന കാര്യം വെളിപ്പെടുത്തിയത്.
കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിച്ച് സൈന്യത്തിന് നേരെ തിരിക്കുകയാണെന്നും സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങളിലൂടെ യുവാക്കളെ സ്വാധീനിച്ച് ഭീകരവാദികള്‍ ഉപയോഗിക്കുകയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. തെറ്റായ സന്ദേശങ്ങളിലൂടെ യുവാക്കളെ തീവ്രവാദ സംഘങ്ങളിലേക്ക് ചേര്‍ക്കുന്ന ക്യാമ്പയിനുകള്‍ കശ്മീരില്‍ വ്യാപകമായിട്ടുണ്ടെന്നും, ഇതിന്റെ ഫലമായി യുവാക്കള്‍ വീണ്ടും സൈന്യത്തിന് നേരെയുളള കല്ലേറ് തുടങ്ങിയിട്ടുണ്ടെന്നും ബിപിന്‍ റാവത്ത് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല