ബുദ്ധിയുടെ കാര്യത്തിലും പുരുഷ മേധാവിത്വത്തിനു പൂര്‍ണ വിരാമം. പുരുഷനാണ് ബുദ്ധിയില്‍ സ്ത്രീയേക്കാള്‍ മുന്നിലെന്നായിരുന്നു ഇതുവരെ ശാസ്ത്രലോകത്തിന്റെ നിഗമനം. ബുദ്ധിയുടെ അളവുകോലായ ഐ ക്യുവില്‍ ഒരു നൂറ്റാണ്ടിനിടെ ഇതാദ്യമായി സ്ത്രീ പുരുഷനെ മറികടന്നിരിക്കുകയാണ് ഇപ്പോള്‍. ഐ ക്യു നിര്‍ണ്ണയത്തില്‍ ആഗോള പ്രശസ്തനായ പ്രൊഫ. ജയിംസ് ഫ്ളിന്‍ ആണ് ഏറെ ശ്രദ്ധേയമായ ഈ വിവരം ലോകത്തോട് പറയുന്നത്.
വിവിധ രാജ്യങ്ങളില്‍ മനശ്ശാസ്ത്ര വിദഗ്ധര്‍ നടത്തിയ ഐ ക്യു പഠനങ്ങള്‍ ക്രോഡീകരിച്ചും അവലോകനം ചെയ്തുമാണ് ഈ രംഗത്തെ ഏറ്റവും ആധികാരികവ്യക്തിത്വവും ഒട്ടാഗോ സര്‍വ്വകലാശാലയിലെ രാഷ്ട്രമീമാംസ വിഭാഗം എമിരറ്റസ് പ്രോഫസറുമായ ഫ്ളിന്നിന്റെ വെളിപ്പെടുത്തല്‍.
നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഗവേഷണങ്ങള്‍ ആരംഭിക്കുമ്പോള്‍ ഐ ക്യുവില്‍ സ്ത്രീകള്‍ അഞ്ചു പോയിന്റിനു പിന്നിലായിരുന്നു. പിന്നീട് ഈ വ്യത്യാസം ക്രമാനുഗതം കുറഞ്ഞുവന്നു. ഒടുവിലിപ്പോള്‍ പുരുഷന്മാരെ പിന്തള്ളി സ്ത്രീകള്‍ മുന്നിലെത്തുകയും ചെയ്തിരിക്കുന്നു.
നൂറ്റാണ്ടിനിടെ പുരുഷന്മാരുടെയും സ്ത്രീകളുടെയും ബുദ്ധിശേഷി ഉയര്‍ന്നു. എന്നാല്‍ സ്ത്രീകളുടെ ഐ ക്യു കൂടുതല്‍ വര്‍ധിച്ചു. ആധുനികതയുടെ ഫലമാണിതെന്നും പ്രൊഫ.ഫഌന്‍ ചൂണ്ടിക്കാട്ടുന്നു. ആധുനിക കാലത്തിന്റെ സങ്കീര്‍ണതകള്‍ക്ക് അനുരൂപമാകാന്‍ മസ്തിഷ്കം ശ്രമിക്കുന്നു. അങ്ങനെയാണ് ഐ ക്യു വര്‍ധിക്കുന്നത്.
ബഹുവിധ ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ സ്ത്രീകള്‍ക്കുള്ള സന്നദ്ധതയും അവ നിറവേറ്റാനുള്ള പ്രാപ്തിയുമാണ് അവരെ ബുദ്ധിശക്തിയില്‍ മുന്നിലെത്തിച്ചത് എന്നാണു പ്രൊഫ.ഫ്ളിന്നിന്റെ നിഗമനം. തങ്ങളുടെ ബൗദ്ധികമായ കരുത്ത് സ്ത്രീകള്‍ ഒടുവില്‍ സ്വയം തിരിച്ചറിഞ്ഞതുമാവാം.
എന്നാല്‍ ഇത് വസ്തുനിഷ്ഠമായി വിശദീകരിക്കാന്‍ കൂടുതല്‍ സൂക്ഷ്മ വിവരങ്ങള്‍ ശേഖരിച്ചു വിശകലനം ചെയ്യണം. ഫ്ളിന്‍ വൈകാതെ പുറത്തിറക്കുന്ന പുസ്തകത്തില്‍ സ്ത്രീകളുടെ ബൗദ്ധികമുന്നേറ്റത്തിന്റെ വിശദാംശങ്ങള്‍ ഉണ്ടാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല