സ്വന്തം ലേഖകന്‍: ഫിഡല്‍ കാസ്‌ട്രോ, 638 വധശ്രമങ്ങളെ അതിജീവിച്ച വിപ്ലവകാരി. സദ്ദാം ഹുസൈന്‍, മൂവമ്മര്‍ ഗദ്ദാഫി, തീവ്രവാദി നേതാവ് ഒസാമാ ബിന്‍ ലാദന്‍ എന്നിങ്ങനെ അമേരിക്കയുടെ ശത്രുക്കളെല്ലാം ചരിത്രമായിട്ടും ഫിഡല്‍ കാസ്‌ട്രോ ഉറച്ചുനിന്നു. തൊണ്ണൂറാം വയസ്സില്‍ സ്വാഭവിക മരണം കൊണ്ടുപോകും വരെ അമേരിക്കന്‍ ചാരസംഘടനയായ സിഐഎ ആസൂത്രണം ചെയ്ത 638 വധശ്രമങ്ങളെയും കാസ്‌ട്രോ അതിജീവിച്ചു.
അമേരിക്കന്‍ സ്‌റ്റേറ്റായ ഫ്‌ളോറിഡയുടെ തീരങ്ങളില്‍ നിന്നും കേവലം 90 മൈല്‍ മാത്രം അകലെയുള്ള ക്യൂബ അമേരിക്കന്‍ സംസ്ഥാനങ്ങളേക്കാള്‍ ചെറുതാണ്. ആ ഇത്തിരിപ്പോന്ന ക്യൂബയില്‍ ചുവടുറപ്പിച്ച് നിന്നാണ് അര നൂറ്റാണ്ടോളം ലോക പോലീസായ യുഎസിനെ നിരന്തരമായി വെല്ലുവിളിച്ച് കാസ്‌ട്രോ ഭരിച്ചത്. സിഗററ്റ് ബോംബും വിഷ ഗുളികകളും വെടിവെയ്പ്പും വിമാനം തകര്‍ക്കാനുള്ള ശ്രമങ്ങളും ഒക്കെയായി മരണം എപ്പോഴും കാസ്‌ട്രോയുടെ കൂടെയുണ്ടായിരുന്നു. ഗ്യാസ് നിറച്ച റേഡിയോ സ്‌റ്റേഷനും വിഷം നിറച്ച സിറിഞ്ചും ഫൗണ്ടന്‍പെന്‍ ഉപയോഗിച്ചള്ളതും ഗുരുതരമായ ത്വക്ക്‌രോഗം ഉണ്ടാക്കുന്ന ഫംഗസുകളെ നിക്ഷേപിച്ച ഡൈവിംഗ് സ്യൂട്ട് പോലും ഇക്കൂട്ടത്തില്‍പ്പെടും.
2006 ല്‍ ചാനല്‍ 4 നിര്‍മിച്ച 638 വേയ്‌സ് ടൂ കില്‍ എന്ന ഡോക്യുമെന്ററിയില്‍ കാസ്‌ട്രോയെ അമേരിക്ക വധിക്കാന്‍ ശ്രമിച്ച 600 ലധികം ശ്രമങ്ങളെ കുറിച്ച് പറയുന്നുണ്ട്. പൊട്ടിത്തെറിക്കുന്ന സിഗററ്റ് മുതല്‍ മാദക സ്ത്രീകളായ കൊലയാളികളെ ഉപയോഗിച്ചുള്ള നീക്കങ്ങള്‍ വരെ അമേരിക്കയില്‍ വന്‍ വിമര്‍ശനം നേരിട്ട ഈ സിനിമയില്‍ കാണാം. 49 വര്‍ഷം നീണ്ട ഭരണത്തിനിടെ ഏത് അപകടങ്ങളെയും നേരിടാന്‍ കാസ്‌ട്രോയെ തുണയായത് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിശ്വസ്തനായ തലവന്‍ ഫാബിയന്‍ എസ്‌കാലാന്റേയായിരുന്നു.
എന്റിക് ഓവര്‍സീസ് എന്നയാളായിരുന്നു കാസ്‌ട്രോയെ ആദ്യം വധിക്കാന്‍ ശ്രമിച്ച അക്രമി. സാം മോമോ ജിയാന്‍കാന എന്ന വാടകക്കൊലയാളി കാസ്‌ട്രോയെ വിഷ ഗുളിക ഉപയോഗിച്ചായിരുന്നു കൊല്ലാന്‍ പദ്ധതിയിട്ടത്. ഒരിക്കല്‍ ഒരു മുന്‍ കാമുകിയെ തന്നെ കാസ്‌ട്രോയെ കൊല്ലാന്‍ അമേരിക്ക നിയോഗിച്ചതായി സിനിമയില്‍ പറയുന്നു. വിഷം കലര്‍ന്ന ഗുളികയായിരുന്നു നല്‍കിയത്. ഇത് അവര്‍ തന്റെ കോള്‍ഡ് ക്രീം ജാറില്‍ ഒളിപ്പിച്ചെങ്കിലും ഗുളിക ഉരുകി. കാസ്‌ട്രോ ഉറങ്ങുമ്പോള്‍ ക്രീം വായില്‍ നല്‍കാനായി അവരുടെ ആലോചന. എന്നാല്‍ തന്നെ കൊല്ലുകയാണ് അവളുടെ ലക്ഷ്യമെന്ന് നേരത്തേ തന്നെ മനസ്സിലാക്കിയ കാസ്‌ട്രോ തന്റെ സ്വന്തം പിസ്റ്റളുകള്‍ എടുത്തു കൊടുത്ത് തന്നെ കൊല്ലാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവര്‍ പതറുകയായിരുന്നു.
മറ്റൊരിക്കല്‍ സിഐഎ കാസ്‌ട്രോയുടെ ചായയിലും കാപ്പിയിലും തൂവാലയിലും വരെ ബാക്ടീരിയ ഉണ്ടാകുന്ന വിഷം കലര്‍ത്താന്‍ ആലോചിച്ചെങ്കിലും സുരക്ഷാ മുന്‍കരുതലുകളെ പേടിപ്പിച്ച് പദ്ധതി തന്നെ ഉപേക്ഷിച്ചു. 2000 ല്‍ കാസ്‌ട്രോയുടെ പനാമ സന്ദര്‍ശനത്തിനിടയിലായിരുന്നു മറ്റൊരു നീക്കം. പ്രസംഗ വേദിക്കടിയില്‍ 90 കിലോ വരുന്ന സ്‌ഫോടക വസ്തുക്കളാണ്‍ പരിശോധനയ്ക്കിടെ സുരക്ഷാ ഭടന്മാര്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഒരു മൂന്‍ ക്യുബക്കാരന്‍ ലൂയിസ് പോസാഡ ഉള്‍പ്പെടെ നാലു പേര്‍ ജയിലില്‍ കഴിയുകയാണ്. പിന്നീട് 1976 ല്‍ വെനിസ്വേലയിലെ പതിവ് സന്ദര്‍ശനത്തിനിടയില്‍ ക്യൂബന്‍ വിമാനം ബോംബ് വെച്ച് തകര്‍ക്കാന്‍ ശ്രമം നടത്തിയെന്ന കുറ്റവും പോസാഡയുടെ പേരിലുണ്ട്.
ഹവാനയില്‍ 40 കളിലും 50 കളിലും കാസിനോകളും ഹോട്ടലുകളും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാഫിയകള്‍ പല തവണ കാസ്‌ട്രോയെ കൊല്ലാന്‍ ശ്രമം നടത്തിയിരുന്നു. 60 കളില്‍ അദ്ദേഹം വലിക്കുന്ന സിഗററ്റില്‍ ബോംബ് ഒളിപ്പിച്ച് കൊല്ലാനും അമേരിക്ക ശ്രമം നടത്തി. എന്നാല്‍ സിഐഎ യുടെ സാങ്കേതിക വിഭാഗം അതീവ ശ്രദ്ധയോടെ തയ്യാറാക്കിയ ഈ പദ്ധതിയും പൊളിഞ്ഞു.
അമേരിക്കയുടെ ക്യൂബന്‍ വിശ്വസ്തന്‍ ഫെലിക്‌സ് റോഡ്രിഗസ്, അമേരിക്കയിലെ അധോലോക നായകന്‍ ജോണ്‍ റോസെല്ലി, മറ്റൊരു അക്രമി സാം മോമോ ജിയാന്‍കാന എന്നിവരും കാസ്‌ട്രോയെ കൊലപ്പെടുത്താന്‍ നിയോഗിക്കപ്പെട്ടവരാണ്. ഇത്രയെല്ലാം ശ്രമങ്ങള്‍ നടത്തിയിട്ടും തെരുവിലൂടെ തനിച്ച് നടന്നുപോകുക, നേരത്തേ ഓഫീസില്‍ എത്തുക തുടങ്ങിയ തന്റെ ശീലങ്ങളില്‍ കാസ്‌ട്രോ ഒരു മാറ്റവും വരുത്തിയില്ല. 1985 ല്‍ ഉപേക്ഷിക്കുന്നത് വരെ അദ്ദേഹം പുകവലിയും തുടര്‍ന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല