സ്വന്തം ലേഖകന്‍: ക്യൂബന്‍ വിപ്ലവ നേതാവും ക്യൂബയുടെ മുന്‍ പ്രസിഡന്റുമായ ഫിഡല്‍ കാസ്‌ട്രോ അന്തരിച്ചു. 90 വയസുണ്ടായിരുന്ന കാസ്‌ട്രോ സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ച് ദീര്‍ഘനാളായി വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. ക്യൂബന്‍ പ്രസിഡന്റും കാസ്‌ട്രോയുടെ സഹോദരനുമായ റൗള്‍ കാസ്‌ട്രോ മരണവാര്‍ത്ത സ്ഥിരീകരിച്ചു.
ഭരണാധികാരി, വിപ്ലവകാരി, എഴുത്തുകാരന്‍ തുടങ്ങിയ നിലകളിലെല്ലാം അന്താരാഷ്ട്ര തലത്തില്‍ പ്രസിദ്ധനായ കാസ്‌ട്രോ മൂന്നര പതിറ്റാണ് പ്രസിഡന്റായും ഒന്നര പതിറ്റാണ് പ്രധാനമന്ത്രിയുമായിരുന്നു. കമ്യൂണിസ്റ്റ് വിപ്ലവകാരിയും പതിറ്റാണ്ടുകളോളം ക്യൂബയുടെ ഭരണത്തലവനുമായിരുന്ന ഫിഡല്‍ 1926 ഓഗസ്റ്റ് 13നാണ് ജനിച്ചത്. ആറുവട്ടം ക്യൂബയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടയാളാണ് ഫിഡല്‍ കാസ്‌ട്രോ.
ക്യൂബയുടെ കണക്കു പ്രകാരം 1958നും 2000 നുമിടയില്‍ 634 വട്ടം അമേരിക്ക ഫിഡല്‍ കാസ്‌ട്രോയെ വധിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഫുള്‍ജെന്‍സിയോ ബാറ്റിസ്റ്റയുടെ ഏകാധിപത്യ ഭരണത്തെ അട്ടിമറിച്ച ക്യൂബന്‍ വിപ്ലവത്തിനുശേഷം 1959 ല്‍ അധികാരത്തിലെത്തിയ ഫിഡല്‍ കാസ്‌ട്രോ രോഗബാധിതനായതിനെ തുടര്‍ന്നു എട്ടു വര്‍ഷം മുന്‍പ് അനുജന്‍ റൗള്‍ കാസ്‌ട്രോയെ ചുമതലയേല്‍പ്പിച്ച് അധികാരക്കസേര ഒഴിയുകയായിരുന്നു.
രണ്ട് തവണ ചേരിചേരാ പ്രസ്ഥാനത്തിന്റെ ചെയര്‍പേഴ്‌സണായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിലവില്‍ വന്ന 1961 മുതല്‍ 2011 വരെ അതിന്റെ സെക്രട്ടറിയായിരുന്നു. അധികാരത്തിലെത്തിയതിന് പിന്നാലെ രാജ്യത്തെ വ്യവസായവും വാണിജ്യവും എല്ലാം ദേശീയവല്‍ക്കരിക്കരിച്ച കാസ്‌ട്രോ തന്റെ രാഷ്ട്രീയ ജീവിതത്തിലുടനീളം അമേരിക്കയുടെ ആഗോളവല്‍ക്കരണ രാഷ്ട്രീയത്തിനെതിരെ ശക്തമായി നിലകൊണ്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല