സ്വന്തം ലേഖകന്‍: ഫിഡല്‍ കാസ്‌ട്രോയുടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി, ആയിരങ്ങളെ സാക്ഷിയാക്കി ചിതാഭസ്മം നിമഞ്ജനം ചെയ്തു. ക്യൂബന്‍ വിപ്ലവത്തിന്റെ ജന്മനഗരമായ സാന്റിയാഗോയില്‍ വിപ്ലവകാരിയായ ജോസ് മാര്‍ട്ടിയുടെ ചിതാഭസ്മം അടക്കം ചെയ്ത സ്ഥലത്തുതന്നെ കാസ്‌ട്രോയുടെ ഭൗതികാവശിഷ്ടവും നിമഞ്ജനം ചെയ്യുകയായിരുന്നു.
ക്യൂബന്‍ സമയം ഞായറാഴ്ച രാവിലെയായിരുന്നു ചടങ്ങ്. ഒമ്പതു ദിവസത്തെ ദുഃഖാചരണത്തിനും ഇതോടെ സമാപനമായി. ആയിരങ്ങളാണ് വിപ്ലവ നായകന്റെ അന്ത്യചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാനെത്തിയത്.
ബ്രസീല്‍, വെനിസ്വേല, നികരാഗ്വ, ബൊളീവിയ എന്നിവിടങ്ങളിലെ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. സഹോദരന്‍ റൗള്‍ കാസ്‌ട്രോയുടെ നേതൃത്വത്തിലാണ് ജനം വിപ്‌ളവനേതാവിന് അന്ത്യാഭിവാദ്യം അര്‍പ്പിച്ചത്.
‘ഫിദല്‍ താങ്കള്‍ക്ക് മരണമില്ല, ഞങ്ങളുടെ ഹൃദയത്തില്‍ എന്നും ജീവിക്കു’മെന്ന് പലരും വിളിച്ചുപറയുന്നുണ്ടായിരുന്നു. ഫിദല്‍ കാസ്‌ട്രോയുടെ ചിതാഭസ്മമടങ്ങിയ ചെറുപേടകവുമായി ഹവാനയില്‍നിന്ന് തുടങ്ങിയ നാലു ദിവസത്തെ അന്ത്യോപചാരയാത്ര ശനിയാഴ്ചയാണ് സാന്റിയാഗോയിലത്തെിയത്. 90 മത്തെ വയസ്സില്‍ നവംബര്‍ 25 നായിരുന്നു കാസ്‌ട്രോയുടെ അന്ത്യം.
സൈനിക വേഷത്തില്‍ ചടങ്ങിനെത്തിയ റൗള്‍ കാസ്‌ട്രോ ഫിഡല്‍ നയിച്ച വിപ്‌ളവത്തിന്റെ ലക്ഷ്യങ്ങളും സോഷ്യലിസ്റ്റ് സിദ്ധാന്തങ്ങളും ഉയര്‍ത്തിപ്പിടിക്കുമെന്ന് തടിച്ചുകൂടിയ ആയിരങ്ങള്‍ക്ക് ഉറപ്പുനല്‍കി. രാജ്യത്തെ സ്മാരകങ്ങള്‍ക്കും റോഡുകള്‍ക്കും ഫിദല്‍ കാസ്‌ട്രോയുടെ പേര് നല്‍കുന്നത് ക്യൂബന്‍ ഭരണകൂടം നിരോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. പേരു നല്‍കുന്നത് വ്യക്തിപൂജക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ക്യൂബന്‍ സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല