സ്വന്തം ലേഖകന്‍: 2022 ലെ ഖത്തര്‍ ലോകകപ്പ് ഫുട്ബോളിന്റെ തിയതി പ്രഖ്യാപിച്ച് ഫിഫ; ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും സൂചന. 2022 നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ടൂര്‍ണമെന്റ് നടത്താനാണ് തീരുമാനം. ഖത്തര്‍ ആതിഥ്യം വഹിക്കുന്ന ടൂര്‍ണമെന്റ് നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ് നടക്കുക. ഖത്തര്‍ ലോകകപ്പ് മുതല്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ആലോചിക്കുന്നതായും ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ അറിയിച്ചു.
2026 ലോകകപ്പില്‍ ടീമുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്നായിരുന്നു ഇന്‍ഫന്റിനോ നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ ടീമുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഖത്തറുമായി ചര്‍ച്ച നടത്തിവരികയാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം ലോകകപ്പില്‍ പങ്കെടുക്കുന്നത് വലിയ കാര്യമാണ്. ഫുട്ബോള്‍ വളര്‍ത്തുന്നതിന് ഇതിലും മികച്ചൊരു മാര്‍ഗവുമില്ല – മോസ്കോയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
റഷ്യന്‍ ലോകകപ്പില്‍ 32 രാജ്യങ്ങളാണ് പങ്കെടുത്തത്. ഇത് വര്‍ധിപ്പിച്ച് 48 രാഷ്ട്രങ്ങള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റാക്കി മാറ്റാനാണ് ഫിഫ ആലോചിക്കുന്നത്. ലോകകപ്പില്‍ 48 ടീമുകള്‍ പങ്കെടുക്കുമ്പോള്‍ 16 മല്‍സരങ്ങളാണ് അധികമായി നടത്തേണ്ടി വരിക. 64 മല്‍സരങ്ങള്‍ക്കു പകരം 80 കളികള്‍ക്കുള്ള സൗകര്യവും സ്റ്റേഡിയങ്ങളും ഒരുക്കണം. ഇതിന് ഖത്തര്‍ സമ്മതം മൂളുമോ എന്നതാണ് ഫുട്ബോള്‍ ലോകം ഉറ്റുനോക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല