1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 4, 2015

സ്വന്തം ലേഖകന്‍: തലവന്‍ സെപ് ബ്ലാറ്ററുടെ വിവാദ രാജിക്കു പിന്നാലെ അഴിമതിയില്‍ മുങ്ങിക്കുളിക്കുകയാണ് ലോക ഫുട്‌ബോള്‍ സംഘടനയായ ഫിഫ. കത്തിനില്‍ക്കുന്ന അഴിമതി വിവാദത്തിലേക്ക് എണ്ണ പകര്‍ന്ന് മുന്‍ ഫിഫ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗത്തിന്റെ കുറ്റസമ്മത മൊഴി പുറത്തായി. ലോകകപ്പ് വേദികള്‍ അനുവദിച്ചതിന് പകരമായി താനും മറ്റ് കമ്മിറ്റി അംഗങ്ങളും കൈക്കൂലി കൈപ്പറ്റിയെന്നാണ് കമ്മിറ്റി അംഗം ചക് ബ്ലേസറുടെ മൊഴി.

അംഗം ചക് ബ്ലേസര്‍ 2013 ല്‍ അമേരിക്കന്‍ കോടതിയില്‍ നടത്തിയ കുറ്റസമ്മതത്തിന്റെ വിശദാംശങ്ങളാണ് പുറത്തായത്. ഇതോടെ നടപടി സെപ് ബ്ലാറ്ററിലേക്കും നീളുമെന്ന കാര്യം ഉറപ്പായി. അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷനെ സംശയത്തിന്റെ നിഴലിലാക്കിയ അഴിമതി വിവാദത്തിലെ നിര്‍ണായക വഴിത്തിരിവാണ് ചക് ബ്ലേസറുടെ കുറ്റസമ്മത മൊഴി.

1998, 2010 ലോകകപ്പ് വേദികള്‍ അനുവദിച്ചതിന് പകരമായി കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നാണ് ചക് ബ്ലേസറുടെ കുറ്റസമ്മതം. 2010 ലോകകപ്പ് വേദി കിട്ടുന്നതിനായി ദക്ഷിണാഫ്രിക്ക 100 ലക്ഷം ഡോളര്‍ കൈക്കൂലി തന്നിട്ടുണ്ടെന്നാണ് ബ്ലേസര്‍ മൊഴി നല്‍കിയിരിക്കുന്നത്. എക്‌സിക്യുട്ടീവ് കമ്മിറ്റിയിലെ മറ്റംഗങ്ങളും കൈക്കൂലി വാങ്ങിയിട്ടുണ്ട്.

എന്നാല്‍ 1998 ഫ്രാന്‍സ് ലോകകപ്പിന് വേദി അനുവദിച്ചതില്‍ എത്ര കൈക്കൂലി വാങ്ങിയെന്ന് അമേരിക്കന്‍ പൗരനായ ബ്ലേസര്‍ 2013 ല്‍ ഫെഡറല്‍ കോടതിക്ക് മുമ്പില്‍ നല്‍കിയ മൊഴിയുടെ ചില ഭാഗങ്ങളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. നിലവില്‍ ബ്ലേസര്‍ അഴിമതിക്കേസില്‍ ജയിലിലാണ്.

ബ്ലേസറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇപ്പോള്‍ 14 പേരുടെ അറസ്റ്റിലേക്ക് നയിച്ച വിവരങ്ങള്‍ ലഭിച്ചത്. ഇതോടെ 2018, 2022 ലോകകപ്പ് വേദികളുടെ നിര്‍ണയവും സംശയത്തിന്റെ നിഴലിലായിരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.