സ്വന്തം ലേഖകൻ: ഫുട്‌ബോള്‍ പ്രേമികള്‍ക്ക് സൗദി അറേബ്യയിലേക്കുള്ള യാത്രാ നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിന് ഇ-വീസ അനുവദിക്കുന്നു. സൗദിയില്‍ ആദ്യമായി നടക്കുന്ന ഫിഫ ക്ലബ് ലോകകപ്പ് കാണാനെത്തുന്ന എല്ലാ രാജ്യക്കാര്‍ക്കും ഈ സൗകര്യം ഏര്‍പ്പെടുത്തിയതായി വിദേശ മന്ത്രാലയം അറിയിച്ചു.
സ്പോര്‍ട്സ്, വിദേശകാര്യ മന്ത്രാലയങ്ങള്‍ സഹകരിച്ചാണ് ഫുട്‌ബോള്‍ പ്രേമികള്‍ക്കുള്ള ഇ-വീസ പദ്ധതി ആവിഷ്‌കരിച്ചത്. ഫിഫയുടെ ക്ലബ്ബ് ലോകകപ്പ് ടിക്കറ്റുകള്‍ നേടുന്നവര്‍ക്കെല്ലാം ലളിതമായ നടപടിക്രമങ്ങളിലൂടെ രാജ്യത്തേക്ക് പ്രവേശിക്കാനാവും. ടിക്കറ്റ് ലഭിച്ചവര്‍ക്ക് വിദേശ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി വീസ അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കും.
നിശ്ചിത രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് ഇ-വീസയും ഓണ്‍അറൈവല്‍ വീസയും അനുവദിക്കുന്ന സംവിധാനം രാജ്യത്ത് നേരത്തേ തന്നെ നിലവിലുണ്ട്. ഈ രാജ്യക്കാര്‍ക്കും എളുപ്പത്തില്‍ സൗദിയിലെത്തി ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പ് മത്സരങ്ങള്‍ നേരില്‍ വീക്ഷിക്കാം.
ജിദ്ദയിലെ രണ്ട് സ്റ്റേഡിയങ്ങളിലായാണ് ക്ലബ്ബ് ലോകകപ്പ് മല്‍സരങ്ങള്‍ അരങ്ങേറുന്നത്. ഈ മാസം 12 മുതല്‍ 22 വരെയാണ് മല്‍സരങ്ങള്‍. ബ്രിട്ടനില്‍ നിന്നുള്ള മാഞ്ചസ്റ്റര്‍ സിറ്റി, ബ്രസീലില്‍ നിന്നുള്ള ഫല്‍മിനസി, സൗദിയില്‍ നിന്നുള്ള അല്‍ഇത്തിഹാദ്, ഈജിപ്തില്‍ നിന്നുള്ള അല്‍അഹ്ലി, ന്യൂസിലാന്റില്‍ നിന്നുള്ള ഓക്ലാന്റ് സിറ്റി, മെക്സിക്കോയില്‍ നിന്നുള്ള ക്ലബ്ബ് ലിയോണ്‍, ജപ്പാനില്‍ നിന്നുള്ള ഉറാവ റെഡ് ഡയമണ്ട്സ് എന്നീ ക്ലബ്ബുകളാണ് ലോകകപ്പില്‍ മാറ്റുരയ്ക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല