സ്വന്തം ലേഖകൻ: 2034ലെ ലോകകപ്പിന് സൗദി ആതിഥേയത്വം വഹിക്കുമെന്ന് ഫിഫ ഔദ്യോഗികമായി അറിയിച്ചതോടെ രാജ്യത്ത് ആഘോഷങ്ങളും തുടങ്ങി. പ്രഖ്യാപനം ഉണ്ടായ ഉടൻ തന്നെ റിയാദിൽ കിങ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിൽ ആകാശത്ത് ഡ്രോൺ ഷോ അരങ്ങേറി. ബോളിവാർഡ്, അൽ ഫൈസലിയ ടവർ, മജ്‌ദൂൽ ടവർ, അൽ രാജ്ഹി ടവർ, മിനിസ്ട്രി ഓഫ് ട്രാൻസ്പോർട്ട് ടവർ, ബഗ്ലഫ് കിങ് ഫഹദ് സ്റ്റേഡിയം, മൂൺ ടവർ, മഹദ് അക്കാദമി എന്നിവിടങ്ങളിൽ കരിമരുന്ന് പ്രയോഗവും നടന്നു.
ശനിയാഴ്‌ച വരെ രാജ്യവ്യാപകമായി നാല് ദിവസം നീളുന്ന ആഘോഷമാണ് നടക്കുന്നത്. ഇനിയുള്ള നാലുദിവസവും വൈകിട്ട് 5.15 മുതൽ രാത്രി 11 വരെ ബോളിവാർഡ് സിറ്റി, ലൈസൻ വാലി, റോഷൻ ഫ്രന്റ, ബുജൈരി ടെറസ് എന്നിവിടങ്ങളിൽ പൊതുജനങ്ങൾ പങ്കെടുക്കുന്ന വലിയ ആഘോഷ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
ചരിത്രത്തിലെ ഏറ്റവുമുയർന്ന റേറ്റിങ് ആണ് ലോകകപ്പ് ഒരുക്കങ്ങൾക്കായി സൗദിയ്ക്ക് ഫിഫ നൽകിയത്. 500ൽ 419.8 എന്ന റെക്കോഡ് റേറ്റിങ് ആണ് ലഭിച്ചത്. 2034 എഡിഷൻ ഏഷ്യയിലോ ഓഷ്യാനിയയിലോ നടത്തുമെന്ന് ഫിഫ നേരത്തെ വ്യക്തമാക്കിയിരുന്നു. ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (എ.എഫ്.സി) പ്രസിഡന്റ് ഷെയ്ഖ് സൽമാൻ ബിൻ ഇബ്രാഹിം അൽ ഖലീഫി സമർപ്പിച്ച കത്തിന് എല്ലാ അംഗരാജ്യങ്ങളും പിന്തുണ നൽകുകയുംചെയ്തു.
ഖത്തറിലേത് പോലെ ഡിസംബർ മാസത്തിലാകും സൗദിയിലും മത്സരങ്ങൾ നടക്കുക. റമസാൻ മാസവും ഹജ് കർമങ്ങളും അടക്കമുള്ളവ കൂടി പരിഗണിച്ചാകും ഷെഡ്യൂൾ തയാറാക്കുക. ഇക്കാരണത്താൽ 2034 ഒക്ടോബർ മുതൽ ഏപ്രിൽ വരെയുള്ള കാലയളവിലാകും മത്സരങ്ങൾ ഒരുക്കുകയെന്നാണ് സൂചന. ലോകകപ്പ് പ്രമാണിച്ച് നേരത്തേ തന്നെ വൻ ഒരുക്കങ്ങളാണ് സൗദിയിൽ ചെയ്തത്. ഇതിനായി കായികരംഗത്ത് വൻനിക്ഷേപമാണ് നടത്തുന്നത്. നിരവധി രാജ്യാന്തര കായിക മത്സരങ്ങൾക്ക് ഇതിനകം വേദിയായ സൗദി, ലോക ഫുട്ബോളിലെ വൻതാരങ്ങളെ കൊണ്ടുവന്ന് ക്ലബ് ഫുട്ബോളും രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തിയിട്ടുണ്ട്.
ഫിഫയുടെ 25-ാമത്തെ ലോകകപ്പ് എന്ന നിലയിൽ അസാധാരണമായ ഇവന്റായിരിക്കും 2034 ലോകകപ്പ് നടക്കുക. ആറ് വൻകരകളിൽനിന്ന് 48 ടീമുകൾ പങ്കെടുക്കും. സൗദിയിൽ അഞ്ച് നഗരങ്ങളിൽ, 15 സ്റ്റേഡിയങ്ങളിലായാണ് ലോകകപ്പ് ഉദ്ഘാടന, സമാപന പരിപാടികളും മത്സരങ്ങളും നടക്കുക. അസാധാരണ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ചരിത്രദൗത്യമാണ് സൗദി അറേബ്യക്ക് കൈവന്നത്. ലേലത്തിലും യോഗ്യത സംബന്ധിച്ച വിലയിരുത്തലിലും റെക്കോർഡ് പോയിന്റുകളോടെ മുന്നിലെത്തിയ സൗദി അറേബ്യ ഇനി ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാവും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല