സ്വന്തം ലേഖകന്‍: 2017 ലെ ഇന്ത്യയില്‍ വച്ചു നടക്കുന്ന അണ്ടര്‍ 17 ഫിഫ ലോകകപ്പിനു കൊച്ചി വേദിയാകും. മറ്റു നാലു ഇന്ത്യന്‍ നഗരങ്ങള്‍ക്കൊപ്പമാണ് കൊച്ചിയില്‍ ലോകകപ്പ് നടക്കുക. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ഗോവ എന്നിവയാണു മറ്റു വേദികള്‍. അഞ്ചു സ്ഥലങ്ങളിലായി ആറു പ്രാഥമിക ഗ്രൂപ്പ് മല്‍സരങ്ങള്‍ നടത്താനാണ് ഫിഫയുടെ പദ്ധതി.
ലോകകപ്പ് വേദിയാകാനുള്ള രണ്ടാമത്തെ കടമ്പയും കൊച്ചി കടന്നതായി ഫിഫ പ്രതിനിധികൂടിയായ ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹവിയര്‍ സെപ്പി പറഞ്ഞു. എന്നാല്‍ 2016 സെപ്റ്റംബറില്‍ ഒരുക്കങ്ങളുടെ പുരോഗതി വിലയിരുത്താന്‍ ഫിഫ സംഘം എത്തുമ്പോള്‍ പുരോഗതി തീരെ ദയനീയമാണെങ്കില്‍ കൊച്ചിക്ക് അവസരം നഷ്ടമാകാന്‍ സാധ്യതയുണ്ട്.
കൊച്ചിയിലെത്തുന്ന നാലു ടീമുകള്‍ക്കായി രാജ്യാന്തര നിലവാരത്തിലുള്ള നാലു പരിശീലന മൈതാനങ്ങള്‍ ആവശ്യമാണ്. ഫോര്‍ട്ട്‌കൊച്ചി വെളി, പനമ്പിള്ളി നഗര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനം, മഹാരാജാസ് സ്റ്റേഡിയം എന്നീ പരിശീലനവേദികള്‍ ഇതിനകം തന്നെ ലോകകപ്പിന് സജ്ജമാക്കുന്നതിനു മുന്നോടിയായി ഫിഫയെ ഏല്‍പിക്കാന്‍ ധാരണയായിട്ടുണ്ട്.
ഫിഫ മല്‍സരവിഭാഗം ഡപ്യൂട്ടി ഡയറക്ടറായ ഇനാക്കി അല്‍വാരെസ് കഴിഞ്ഞ വര്‍ഷം കലൂര്‍ സ്റ്റേഡിയം സന്ദര്‍ശിച്ച് കൊച്ചി ഉള്‍പ്പെടെയുള്ള വേദികളുടെ പല പോരായ്മകളും ചൂണ്ടിക്കാണിച്ചിരുന്നു. കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയം ക്രിക്കറ്റിനു വേണ്ടിയുള്ളതാണെന്നും ഫുട്‌ബോളിനായി അഴിച്ചുപണി വേണ്ടിവരുമെന്നും ഇനാക്കിയുടെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
ഇനാക്കിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അടിസ്ഥാന സൗകര്യങ്ങളുടെ നിലവാരം ഉയര്‍ത്താനുള്ള നടപടികള്‍ ആസൂത്രണം ചെയ്ത് കാര്യക്ഷമമായി നടപ്പിലാക്കുന്നുണ്ടോ എന്നാണ് ഫിഫ നിരീക്ഷിക്കുന്നത്. ഫിഫ ആസ്ഥാനത്തേക്ക് ചിലി സ്വദേശിയായ സെപ്പി അയച്ച റിപ്പോര്‍ട്ടില്‍ കേരളത്തിന്റെ ഫുട്‌ബോള്‍ പാരമ്പര്യത്തെ പ്രശംസിക്കുന്നതായാണു സൂചന.
ഫിഫയുടെ ഇന്ത്യയില്‍ വച്ചു നടത്തുന്ന ആദ്യ ലോകകപ്പ്, ആതിഥേയരെന്ന നിലക്ക് ഇന്ത്യ കളിക്കുന്ന ആദ്യ ലോകകപ്പ് എന്നിങ്ങനെ ഏറെ പ്രത്യേകതകളുമായാണ് അണ്ടര്‍ 17 ലോകകപ്പ് ഇന്ത്യയിലേക്ക് എത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല