സ്വന്തം ലേഖകന്‍: ‘ഇങ്ങനെയാണ് കളിയെങ്കില്‍ താങ്കള്‍ക്കിനി അര്‍ജന്റീനയിലേക്ക് മടങ്ങേണ്ടി വരില്ല,’ അര്‍ജന്റീന കോച്ചിനെതിരെ രൂക്ഷ വിമര്‍ശനവുമായി മറഡോണ. ആരാധകരെ നിരാശരാക്കി അര്‍ജന്റീന സമനില വഴങ്ങിയ ഐസ്ലന്‍ഡുമായുള്ള ലോകകപ്പ് മത്സരത്തിനു ശേഷം പ്രതികരിക്കുകയായിരുന്നു മറഡോണ. മത്സരത്തില്‍ അര്‍ജന്റീന ഒരു ഗോള്‍ വഴങ്ങുകയും ഒരെണ്ണം അടിക്കുകയും ചെയ്തു.
മെസ്സി പെനാല്‍റ്റി നഷ്ടമാക്കിയതായിരുന്നു മത്സരത്തിലെ പ്രധാന സംഭവം. ആരാധകരുടെ നിരാശയുടെ പ്രതിഫലമെന്നോണം മുന്‍ ക്യാപ്റ്റനുംകൂടിയായ മറഡോണ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. അര്‍ജന്റീനയുടെ പരിശീലകനോടായി മുന്‍ കോച്ചുകൂടിയായ മറഡോണ പ്രഖ്യാപിച്ചത് ടീം ഇത്തരത്തിലുള്ള കളിയാണെങ്കില്‍ തിരികെ വരേണ്ടതില്ല എന്നതാണ്.
‘ഇതുപോലെതന്നെയാണ് അടുത്ത കളികളിലും ചെയ്യാന്‍ പോകുന്നതെങ്കില്‍ തിരികെ അര്‍ജന്റീനയിലേക്ക് വരേണ്ടതില്ല. നല്ലത് എന്ന് പറയാവുന്ന ഒരു ചെറുനീക്കം പോലുമുണ്ടായില്ല. ഐസ്ലന്ഡ് താരങ്ങളെല്ലാം ആറടിയിലേറെ പൊക്കമുള്ളവരാണ്. കോര്‍ണറുകളെല്ലാം ഹെഡ്ഡറിലൂടെ ഗോളാക്കാന്‍ അവര്‍ ശ്രമിച്ചു. എന്നാല്‍ അര്‍ജന്റീനയുടെ ഭാഗത്തുനിന്ന് അത്തരമൊരു നീക്കവും ഉണ്ടായില്ല,’ മറഡോണ പറഞ്ഞു.
പരിശീലകന്റെ തന്ത്രങ്ങളാണ് കളിയെ പരാജയപ്പെടുത്തിയത്. കളിക്കാരെ കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ല. വേണ്ടത്ര തയാറെടുപ്പുകള്‍ നടത്താത്തതിന്റെ പ്രശ്നമാണ് കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രൊയേഷ്യയോടും നൈജീരിയയോടുമാണ് അര്‍ജന്റീനയ്ക്ക് ഇനി ഏറ്റുമുട്ടാനുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല