സ്വന്തം ലേഖകന്‍: അര്‍ജന്റീനയെ മലര്‍ത്തിയടിച്ച് ക്രൊയേഷ്യ; ഫ്രാന്‍സിനെതിരെ പൊരുതിത്തോറ്റ് പെറു; സമനിലയില്‍ പിരിഞ്ഞ് ഓസ്‌ട്രേലിയയും ഡെന്മാര്‍ക്കും, ലോകകപ്പ് റൗണ്ടപ്പ്. ഈ ലോകകപ്പിലെ ഏറ്റവും വലിയ ദുരന്തത്തിന്റെ നായകനായിരുന്നു ഇന്നലെ മെസി. നിഷ്‌നിയിലെ സ്റ്റേഡിയത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ക്രൊയേഷ്യ ജയിച്ചുകയറിയത്. ഗോള്‍രഹിതമായ ആദ്യപകുതിക്കു ശേഷം രണ്ടാം പകുതിയിലായിരുന്നു ക്രൊയേഷ്യയുടെ മൂന്നു ഗോളുകള്‍. തകര്‍പ്പന്‍ ജയത്തോടെ ക്രൊയേഷ്യ പ്രീക്വാര്‍ട്ടറില്‍ പ്രവേശിക്കുകയും ചെയ്തു.
ആന്റെ റെബിച്ച് (53), ലൂക്കാ മോഡ്രിച്ച് (80), ഇവാന്‍ റാക്കിട്ടിച്ച് (90+1) എന്നിവരാണ് ക്രൊയേഷ്യയ്ക്കായി ഗോള്‍ നേടിയത്. സൂപ്പര്‍ താരം ലയണല്‍ മെസ്സിയുള്‍പ്പെടെയുള്ളവര്‍ തീര്‍ത്തും നിറം മങ്ങിയതോടെ കടലാസിന്റെ കരുത്തിന്റെ നിഴല്‍ മാത്രമായിരുന്നു കളത്തില്‍ അര്‍ജന്റീന. ഈ തോല്‍വിയോടെ അര്‍ജന്റീനയുടെ നോക്കൗട്ട് പ്രതീക്ഷകളിലും കരിനിഴല്‍ വീണു. രണ്ട് മത്സരങ്ങളില്‍ നിന്ന് ഒരു പോയിന്റ് മാത്രമാണ് അവര്‍ക്കുള്ളത്. നൈജീരിയയുമായാണ് അര്‍ജന്റീനയുടെ അടുത്ത കളി. അതില്‍ അവര്‍ ജയിക്കുകയും ഐസ്ലന്‍ഡ് അടുത്ത രണ്ട് മത്സരങ്ങളും തോല്‍ക്കുകയോ സമനിലയിലാവുകയോ ചെയ്താല്‍ മാത്രമേ അര്‍ജന്റീനയ്ക്ക് പ്രതീക്ഷയുള്ളൂ.
വിഡിയോ അസിസ്റ്റന്റ് സിസ്റ്റം രക്ഷകനായപ്പോള്‍ ഓസ്‌ട്രേലിയ ഡെന്‍മാര്‍ക്കിനെ സമനിലയില്‍ കുരുക്കി സമനില പിടിച്ചു. ഏഴാം മിനിറ്റില്‍ത്തന്നെ ക്രിസ്റ്റ്യന്‍ എറിക്‌സനിലൂടെ ലീഡ് നേടിയ ഡെന്മാര്‍ക്കിനെ വിഎആറിന്റെ സഹായത്തോടെ ലഭിച്ച പെനല്‍റ്റിയില്‍നിന്ന് ഗോള്‍ നേടിയാണ് ഓസീസ് സമനിലയില്‍ കുരുക്കിയത്. പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് മിലി ജെഡിനാക് ഈ ലോകകപ്പിലെ തന്റെ രണ്ടാമത്തെ ഗോള്‍ നേടി. ആദ്യ മല്‍സരത്തില്‍ പെറുവിനെ തോല്‍പ്പിച്ച ഡെന്‍മാര്‍ക്ക് ഇതോടെ നാലു പോയിന്റുമായി പ്രീക്വാര്‍ട്ടര്‍ സാധ്യത സജീവമാക്കി. അതേസമയം ആദ്യ മല്‍സരത്തില്‍ ഫ്രാന്‍സിനോട് പൊരുതിത്തോറ്റ ഓസ്‌ട്രേലിയയ്ക്ക് പ്രീക്വാര്‍ട്ടര്‍ സാധ്യത മങ്ങി.
മറ്റൊരു മത്സരത്തില്‍ പെറുവിനെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്ത് ഫ്രാന്‍സ് പ്രീക്വാര്‍ട്ടര്‍ ഉറപ്പാക്കി. ജയിച്ചത് ഫ്രാന്‍സാണെങ്കിലും അവസാന നിമിഷംവരെ പൊരുതി ഫ്രാന്‍സിനെ വിറപ്പിച്ചുനിര്‍ത്താന്‍ പെറുവിനായി. 38 മത്തെ മിനുട്ടില്‍ ഫ്രാന്‍സിന്റെ എംബാപെയാണ് ടീമിന്റെ വിജയഗോള്‍ നേടിയത്. ലോകകപ്പില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന ബഹുമതിയും 19 കാരനായ എംബാപെ സ്വന്തമാക്കി. ഇതോടെ ഫ്രാന്‍സ് തുടര്‍ച്ചയായ രണ്ടാം വിജയം നേടി ആറ് പോയന്റുകളോടെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു. കളിയിലുടനീളം പെറുവിനെ നിര്‍ഭാഗ്യം പിന്തുടര്‍നു. പോസ്റ്റില്‍ തട്ടി തെറിച്ചതും തൊട്ട് വെളിയിലേക്ക് പോയവയുമുള്‍പ്പെടെ നിരവധി ഷോട്ടുകളാണ് ഫ്രാന്‍സിനെ വിറപ്പിച്ചുകൊണ്ട് പെറു തൊടുത്തത്. തോല്‍വിയോടെ പെറു ലോകകപ്പില്‍നിന്ന് പുറത്താകുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല