സ്വന്തം ലേഖകന്‍: കോസ്റ്റാറിക്കയ്‌ക്കെതിരെ നാടകീയ ജയവുമായി ബ്രസീല്‍, സെര്‍ബിയക്കെതിരെ വിയര്‍ത്തു കളിച്ച് സ്വിസ് പട; ഐസ്‌ലന്‍ഡിനെ കശക്കി നൈജീരിയ; ലോകകപ്പ് റൗണ്ടപ്പ്. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്റുമായി സമനില വഴങ്ങിയ ബ്രസീലിന് ആശ്വാസമായി കോസ്റ്റാറിക്കയ്‌ക്കെതിരായ ജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബ്രസീലിന്റെ ജയം. കുട്ടീന്യോയും നെയ്മറുമാണ് ബ്രസീലിന്റെ സ്‌കോറര്‍മാര്‍.
തൊണ്ണൂറു മിനുട്ടുകള്‍ക്ക് ശേഷം അധിക സമയത്ത് നാടകീയമായായിരുന്നു ബ്രസീലിന്റെ രണ്ട് ഗോളുകളും. ഇഞ്ചുറി ടൈമിന്റെ ആദ്യ മിനുട്ടിലാണ് കുട്ടീന്യോയുടെ ഗോള്‍ വന്നത്. പിന്നീട് ഇഞ്ചുറി ടൈമിന്റെ അവസാന മിനുട്ടില്‍ നെയ്മറും ഗോള്‍വല കുലുക്കി. ലഭിച്ച നിരവധി അവസരങ്ങള്‍ ബ്രസീല്‍ പാഴാക്കി. പെനാല്‍റ്റി ബോക്‌സിനുള്ളിലെ നെയ്മറുടെ അഭിനയം വാര്‍ കയ്യോടെ പിടിച്ചതും നാണക്കേടായി.
മറുവശത്ത് ഇടയ്ക്കിടെ ചില മിന്നലുകള്‍ ഒഴിച്ചാല്‍ കൊസ്റ്റാറിക്കയും ഗോളടിക്കാന്‍ മറന്നു. കുട്ടീന്യോയാണ് കളിയിലെ കേമന്‍. ഇതോടെ രണ്ട് മത്സരത്തില്‍നിന്ന് ബ്രസീലിന് നാല് പോയന്റുകളായി. എന്നാല്‍ ആദ്യ മത്സരത്തില്‍ സെര്‍ബിയയോട് തോല്‍വി വഴങ്ങിയ കോസ്റ്റാറിക്കയുടെ ലോകകപ്പിലെ പ്രതീക്ഷകള്‍ അസ്തമിക്കുകയും ചെയ്തു.
സെര്‍ബിയയ്‌ക്കെതിരെ വിയര്‍ത്തു കളിച്ച സ്വിറ്റ്‌സര്‍ലന്‍ഡ് ആദ്യം പിന്നിലായ ശേഷം രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് വിജയം പിടിച്ചുവാങ്ങുകയായിരുന്നു. അഞ്ചാം മിനിറ്റില്‍ ഒരു ഹെഡ്ഡറിലൂടെ അലക്‌സാണ്ടര്‍ മിത്രോവിച്ചാണ് സ്വിറ്റ്‌സര്‍ലന്‍ഡിനുവേണ്ടി വല ചലിപ്പിച്ചത്. ഡുസ്‌കോ ടോസിച്ച് തൊടുത്ത ഒരു കൃത്യതയാര്‍ന്ന ക്രോസിന് ചാടി തലവയ്ക്കുകയായിരുന്നു മിത്രോവിച്ച്. ഈ ലോകകപ്പിലെ ഏറ്റവും വേഗമേറിയ മൂന്നാമത്തെ ഗോളാണിത്.
രണ്ടാം പകുതിയില്‍ ഷാക്കയാണ് സകലരെയും ഞെട്ടിച്ച ഒരു അപ്രതീക്ഷിത ബുള്ളറ്റ് ഷോട്ടിലൂടെ സ്വിറ്റ്‌സര്‍ലന്‍ഡിനെ ഒപ്പമെത്തിച്ചത്. മത്സരം സമനിലയില്‍ കലാശിക്കുമെന്ന് കരുതിയിരിക്കുമ്പോഴായിരുന്നു ഷാക്കിരിയുടെ കിടിലന്‍ വിജയ ഗോള്‍ എത്തിയത്. വിജയഗോള്‍ വലയിലാക്കിയതിന്റെ ആഘോഷത്തില്‍ ജഴ്‌സിയൂരി മസിലു പെരുപ്പിച്ച ഷാക്കിരിക്ക് മഞ്ഞ കാര്‍ഡും കിട്ടി. ഇതോടെ ഗ്രൂപ്പ് ഇയില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന് നാലു പോയിന്റായി. മൂന്ന് പോയിന്റുള്ള സെര്‍ബിയ മൂന്നാമതാണ്.
മറ്റൊരു മത്സരത്തില്‍ ഐസ്‌ലന്‍ഡിനെ കശക്കിവിട്ട നൈജീരിയ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ജയിച്ചു കയറി. ലെസ്റ്റര്‍ സിറ്റി താരമായ അഹമ്മദ് മൂസയുടെ ഇരട്ടഗോളുകളാണ് നൈജീരിയയ്ക്ക് വിജയം സമ്മാനിച്ചത്. 49, 75 മിനിറ്റുകളിലായിരുന്നു മൂസയുടെ ഗോളുകള്‍. വിഡിയോ അസിസ്റ്റന്റ് റഫറി സംവിധാനത്തിന്റെ സഹായത്തോടെ ലഭിച്ച പെനല്‍റ്റി ഐസ്‌ലന്‍ഡ് പുറത്തേക്കടിച്ചു കളയുകയും ചെയ്തു.
ഇതോടെ ഗ്രൂപ്പ് ഡിയില്‍ മൂന്നു പോയിന്റുമായി നൈജീരിയ രണ്ടാമതെത്തി. ഒരു പോയിന്റു മാത്രമുള്ള ഐസ്‌ലന്‍ഡിന്റെ നില പരുങ്ങലിലുമായി. അതേസമയം, ഗ്രൂപ്പിലെ അര്‍ജന്റീനയുടെ നില നൈജീരിയയുടെ ജയത്തോടെ ത്രിശങ്കുവിലായി. അടുത്ത മല്‍സരത്തില്‍ മികച്ച ഫോമിലുള്ള നൈജീരിയയുമായാണ് അര്‍ജന്റീന കൊമ്പുകോര്‍ക്കുന്നത്. പ്രീക്വാര്‍ട്ടറില്‍ കടക്കാന്‍ വിജയയത്തില്‍ കുറഞ്ഞതൊന്നും ഈ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് തുണയാകില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല