സ്വന്തം ലേഖകന്‍: സ്വീഡനെതിരെ അവസാന നിമിഷം കടന്നുകൂടി ജര്‍മനി; രണ്ടാം ജയവുമായി മെക്‌സിക്കോ; ഗോള്‍ മഴ പെയ്യിച്ച് ബെല്‍ജിയം; ലോകകപ്പ് റൗണ്ടപ്പ്. അവസാന നിമിഷം വരെ ഉദ്വേഗം നിറഞ്ഞു നിന്ന മത്സരത്തില്‍ സ്വീഡനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്ത് ജര്‍മനി റഷ്യന്‍ ലോകകപ്പിലെ സാധ്യതകള്‍ സജീവമാക്കി. അവസാന നിമിഷങ്ങളിലൊന്നില്‍ ലഭിച്ച ഫ്രീ കിക്ക് ലക്ഷ്യത്തിലെത്തിച്ച് ടോണി ക്രൂസാണ് ചാമ്പ്യന്മാര്‍ക്ക് അവിശ്വസനീയ വിജയം സമ്മാനിച്ചത്.
ആദ്യ പകുതിയില്‍ ഗോള്‍ വഴങ്ങിയാണ് ജര്‍മനി സോചിയിലും കളി തുടങ്ങിയത്. മത്സരത്തിന്റെ 32 ആം മിനിറ്റില്‍ ഓല ടോയ്‌വോനെയാണ് മുള്ളറെയും സംഘത്തെയും ഞെട്ടിച്ചത്. മത്സരം ആരംഭിച്ചതു മുതല്‍ സ്വീഡന്‍ ജര്‍മനിക്ക് അപ്രതീക്ഷിത വെല്ലുവിളിയാണ് ഉയര്‍ത്തിയത്. പ്രതിരോധവും ആക്രമണവും സമാസമം പ്രയോഗിച്ച സ്വീഡിഷ് താരങ്ങള്‍ ജര്‍മനിയെ വിറപ്പിക്കുക തന്നെ ചെയ്തു.
ലോകകപ്പില്‍ ഗ്രൂപ്പ് എച്ചിലെ രണ്ടാം പോരാട്ടത്തില്‍ ഒന്നിനെതിരേ രണ്ട് ഗോളിന് ദക്ഷിണ കൊറിയയെ മറികടന്ന മെക്‌സിക്കോയ്ക്ക് പ്രീക്വാര്‍ട്ടറിലേയ്ക്കുള്ള വഴി എളുപ്പമായി. രണ്ടു മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്റാണ് മെക്‌സിക്കോ സ്വന്തമാക്കിയത്. തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ ഏറ്റുവാങ്ങിയ ദക്ഷിണ കൊറിയ ലോകകപ്പില്‍ നിന്ന് പുറത്തായി.
26 മത്തെ മിനിറ്റില്‍ കാര്‍ലോസ് വെലയുടെ പെനാല്‍റ്റിയിലൂടെ ലീഡ് നേടിയ മെക്‌സിക്കോ 66 മത്തെ മിനിറ്റില്‍ വീണ്ടും ലക്ഷ്യം കണ്ടു. ഇത്തവണ ഹാവിയര്‍ ഹെര്‍ണാണ്ടസായിരുന്നു ഗോള്‍ സ്‌കോറര്‍. ലൊസാനൊ നല്‍കിയ പാസ്സില്‍ രണ്ട് കൊറിയന്‍ ഡിഫന്‍ഡര്‍മാരെ മറികടന്നാണ് ഹെര്‍ണാണ്ടസ് ഗോള്‍ നേടിയത്. ദേശീയ ജെഴ്‌സിയില്‍ ഹെര്‍ണാണ്ടസിന്റെ 50 മത്തെ ഗോളാണ് ഇത്. ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനറ്റില്‍ സോന്‍ ഹ്യുങ് മിന്നാണ് ദക്ഷിണ കൊറിയയുടെ ആശ്വാസഗോള്‍ കണ്ടെത്തിയത്.
മോസ്‌കോയിലെ സ്പാര്‍ട്ടക്ക് സ്റ്റേഡിയത്തില്‍ ഗോള്‍ മഴയുമായി ബെല്‍ജിയം ലോകകപ്പ് ഫുട്‌ബോള്‍ ഗ്രൂപ്പ് ജിയില്‍ തുനീഷ്യയ്‌ക്കെതിരായ മത്സരം ആവേശകരമാക്കി. രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ബെല്‍ജിയത്തിന് രണ്ടാം ജയം. സൂപ്പര്‍താരം റെമേലു ലുകാകുവിന്റെയും നായകന്‍ ഈഡന്‍ ഹസാര്‍ഡിന്റെയും ഇരട്ട ഗോളുകളിലൂടെയാണ് ബെല്‍ജിയം തുണീഷ്യയെ കശക്കിയത്.
ബെല്‍ജിയത്തിന് വേണ്ടി മിച്ചി ബാറ്റുഷുവായി 90 മത്തെ മിനിറ്റില്‍ അഞ്ചാം ഗോള്‍ നേടി. ഇതോടെ രണ്ടു മത്സരങ്ങളും വിജയിച്ച ബെല്‍ജിയം പ്രീ ക്വാര്‍ട്ടറിലേക്ക് കടന്നു. ഡെയ്‌ലന്‍ ബ്രോണും വഹിബി ഖാസിരിയുമാണ് തുണീഷ്യയുടെ ആശ്വാസ ഗോളുകള്‍ നേടിയത്. നേരത്തെ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ട തുണീഷ്യ ഇതോടെ ലോകകപ്പില്‍ നിന്ന് പുറത്തേക്കുള്ള വഴിയിലായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല