1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 20, 2018

സ്വന്തം ലേഖകന്‍: ഏഷ്യന്‍ വീറുമായി ജപ്പാന്‍ മുന്നോട്ട്; നിരാശപ്പെടുത്തി ഈജിപ്ത്; പോളണ്ടിന് ദുരന്തദിനം; ലോകകപ്പ് റൗണ്ടപ്പ്. ലോകകപ്പ് ഗ്രൂപ്പ് എച്ചിലെ ആദ്യ മത്സരത്തില്‍ കൊളംബിയയെ വീഴ്ത്തി ജപ്പാന്‍. മല്‍സരം തുടങ്ങി മൂന്നാം മിനിറ്റില്‍ത്തന്നെ 10 പേരായി ചുരുങ്ങിയ കൊളംബിയയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ജപ്പാന്‍ വീഴ്ത്തിയത്. ഷിന്‍ജി കവാഗ (ആറ്), യൂയ ഒസാക്ക (73) എന്നിവരാണ് ജപ്പാന്റെ ഗോളുകള്‍ നേടിയത്. കൊളംബിയയുടെ ആശ്വാസ ഗോള്‍ യുവാന്‍ ക്വിന്റേറോ നേടി.

മൂന്നാം മിനിറ്റില്‍ സ്വന്തം ബോക്‌സിനുള്ളില്‍ പന്തു കൈകൊണ്ടു തടുത്ത കാര്‍ലോസ് സാഞ്ചസ് ചുവപ്പുകാര്‍ഡ് കണ്ടു പുറത്തുപോയതോടെയാണ് കൊളംബിയ 10 പേരായി ചുരുങ്ങിയത്. ഇതിനു പകരമായി ലഭിച്ച പെനല്‍റ്റിയാണ് ആറാം മിനിറ്റില്‍ ഷിന്‍ജി കവാഗ ലക്ഷ്യത്തിലെത്തിച്ചത്.

ലീഡു വഴങ്ങിയിട്ടും 10 പേരുമായി പൊരുതിനിന്ന കൊളംബിയ 39 മത്തെ മിനിറ്റില്‍ തിരിച്ചടിച്ചു. യുവാന്‍ ക്വിന്റേറോയാണ് ഗോള്‍ നേടിയത്. പിന്നീട് കൊളംബിയ സമനിലയ്ക്കായി ശ്രമിച്ചെങ്കിലും 73 മത്തെ മിനിറ്റില്‍ യൂയ ഒസാക്കയുടെ ഹെഡര്‍ ഗോളിലൂടെ ജപ്പാന്‍ ജയമുറപ്പിച്ചു. ഇതോടെ ലോകകപ്പില്‍ ഒരു ലാറ്റിനമേരിക്കന്‍ ടീമിനെ തോല്‍പ്പിക്കുന്ന ആദ്യ ഏഷ്യന്‍ രാജ്യമെന്ന് ബഹുമതിയും ജപ്പാന് സ്വന്തമായി.

ഫിഫ റാങ്കിംഗില്‍ എട്ടാം സ്ഥാനത്തുള്ള യൂറോപ്യന്‍ കരുത്തന്മാരായ പോളണ്ടിനെ 27 ആം സ്ഥാനത്തുള്ള ആഫ്രിക്കന്‍ ടീമായ സെനഗല്‍ അട്ടിമറിച്ചു. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു സെനഗലിന്റെ വിജയം. പോളണ്ടിനെതിരെ മത്സരത്തിന്റെ 37ാം മിനുട്ടില്‍ സെനഗല്‍ ആദ്യ ഗോള്‍ നേടി. ബോക്‌സിന് പുറത്ത് നിന്നും തൊടുത്ത ഷോട്ട് പോളിഷ് താരത്തിന്റെ കാലില്‍ തട്ടിയാണ് ഗോള്‍വര കടന്നത്. ഗോള്‍കീപ്പര്‍ക്ക് നിഷ്പ്രയാസം തടുക്കാവുന്ന ഷോട്ടാണ് പോളിഷ് ഡിഫന്‍ഡര്‍ തിയാഗോ കോയിനെകിന്റെ കാലില്‍ തട്ടി പോസ്റ്റിലേക്ക് കയറിയത്. പാസ്റ്റിന് പുറത്തേയ്ക്ക് പോകുന്ന പന്താണ് സിനോനെക്കിന്റെ കാലില്‍ തട്ടി വലയിലേയ്ക്ക് പാഞ്ഞത്. അതുകൊണ്ടത് സെല്‍ഫ് ഗോളായി.

രണ്ടാം പകുതിയില്‍ സമനില ഗോളിനായി സമ്മര്‍ദ്ദം ചെലുത്തിയ പോളണ്ടിനെ ഞെട്ടിച്ച് 60ാം മിനിറ്റില്‍ സെനഗല്‍ ലീഡ് ഉയര്‍ത്തി. മൈനസ് പാസ് സ്വീകരിക്കാന്‍ ബോക്‌സിനു പുറത്തേക്കിറങ്ങിയ പോളണ്ട് ഗോള്‍കീപ്പറിന്റെ പിഴവാണ് ഗോളിനു വഴിയൊരുക്കിയത്. പന്തില്‍ തൊടാന്‍ കഴിയാതിരുന്ന പോളിഷ് ഗോളിയെ കബളിപ്പിച്ച് എംബായെ നിയാംഗ് ഏറെക്കുറെ ഒറ്റയ്ക്കു സെനഗലിന്റെ നേട്ടം ഇരട്ടിയാക്കി. കളി തീരാന്‍ നാലു മിനിറ്റ് ബാക്കിനില്‍ക്കെ ഗ്രിസ്‌ഗോര്‍സ് ക്രിഷോവിയാക്കിലൂടെയാണ് പോളണ്ട് ഒരു ഗോള്‍ മടക്കിയത്.

തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും ഉജ്വല വിജയം നേടിയ റഷ്യ, ആറു പോയിന്റുമായി പ്രീക്വാര്‍ട്ടര്‍ ഏതാണ്ട് ഉറപ്പാക്കി. അതേസമയം, തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും തോല്‍വി രുചിച്ച ഈജിപ്ത് പുറത്താകലിന്റെ വക്കിലുമായി. ഈജിപ്ഷ്യന്‍ താരം അഹമ്മദ് ഫാത്തിയുടെ സെല്‍ഫ് ഗോളിലൂടെ 47 മത്തെ മിനിറ്റില്‍ മുന്നിലെത്തിയ റഷ്യയ്ക്ക് ഡെനിസ് ചെറിഷേവ് (59), ആര്‍ട്ടം സ്യൂബ (62) എന്നിവരുടെ ഗോളുകളാണ് വിജയമുറപ്പാക്കിയത്. ഈജിപ്തിന്റെ ആശ്വാസഗോള്‍ പെനല്‍റ്റിയിലൂടെ സൂപ്പര്‍ താരം മുഹമ്മദ് സലാ നേടി.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.