സ്വന്തം ലേഖകന്‍: റൊണാള്‍ഡോയുടെ ചിറകില്‍ പോര്‍ച്ചുഗല്‍; സ്‌പെയിനെതിരെ പൊരുതിത്തോറ്റ് ഇറാന്‍; സൗദിയെ മറികടന്ന് ഉരുഗ്വായ്. റഷ്യന്‍ ലോകകപ്പില്‍ മൊറോക്കോയ്‌ക്കെതിരെ പോര്‍ച്ചുഗലിന് ആദ്യ ജയം. പൊരുതിക്കളിച്ച മൊറോക്കോയെ എതിരില്ലാത്ത ഒരു ഗോളിനാണ് പോര്‍ച്ചുഗല്‍ വീഴ്ത്തിയത്. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് നാലാം മിനിറ്റില്‍ പോര്‍ച്ചുഗലിന്റെ വിജയഗോള്‍ നേടിയത്. ഈ ലോകകപ്പില്‍ റൊണാള്‍ഡോയുടെ നാലാം ഗോളാണിത്. നേരത്തെ സ്‌പെയിനെതിരേ റൊണാള്‍ഡോ ഹാട്രിക്ക് നേടിയിരുന്നു.
ഇതോടെ ഒരു വിജയവും സമനിലയും ഉള്‍പ്പെടെ നാലു പോയിന്റുമായി പോര്‍ച്ചുഗല്‍ ഗ്രൂപ്പില്‍ ഒന്നാമതെത്തി. പോര്‍ച്ചുഗലിനെ ഞെട്ടിച്ച പ്രകടനം പുറത്തെടുത്തെങ്കിലും തുടര്‍ച്ചയായ രണ്ടാം തോല്‍വി ഏറ്റവാങ്ങിയ മൊറോക്കോ ലോകകപ്പില്‍ നിന്ന് പുറത്തായി. ആദ്യ മത്സരത്തില്‍ അവര്‍ ഇറാനോടാണ് തോറ്റിരുന്നു.
കോസ്റ്റയുടെ ഗോളില്‍ ഇറാനെ കീഴടക്കി സ്‌പെയ്ന്‍ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തി. പൊരുതിക്കളിച്ച ഇറാനെതിരെ സ്‌പെയ്‌നിന് കഠിവാധ്വാനം ചെയ്യേണ്ടിവന്നു. മികവുറ്റ പ്രതിരോധവുമായി സ്‌പെയ്‌നിന്റെ ടിക്കിടാക്ക കളിയെ സമര്‍ഥമായി തടയാന്‍ ആദ്യഘട്ടത്തില്‍ ഇറാന് കഴിഞ്ഞു. പന്തില്‍ കൂടുതല്‍ നിയന്ത്രണം നേടിയിട്ടും ഇറാന്‍ പ്രതിരോധത്തെ മറികടക്കാന്‍ സ്പാനിഷ് നിരയ്ക്ക് കഴിഞ്ഞില്ല.
കടുത്ത ഫൗളുകളും വന്‍മതില്‍ പോലെ പ്രതിരോധവും ഇറാന്‍ പ്രയോഗിച്ചതോടെ ഗോളിലേക്ക് വഴിതുറക്കാനാകാതെ സ്പാനിഷ് താരങ്ങള്‍ മൈതാനത്ത് ഓടിനടന്നു. ഒരേസമയം ഒമ്പത് കളിക്കാര്‍വരെ ഇറാന്‍ ബോക്‌സിന് പുറത്ത് കാവല്‍നിന്നപ്പോള്‍ തുറന്ന അവസരങ്ങള്‍ സ്‌പെയ്‌നിന് കിട്ടിയതേയില്ല. ഇടവേളയ്ക്കുശേഷം സ്‌പെയ്‌നിന്റെ നീക്കങ്ങള്‍ക്ക് കൂടുതല്‍ വേഗം കിട്ടി. ബോക്‌സിന് പുറത്തുവെച്ച് ഇനിയേസ്റ്റയുടെ പാസ് ബോക്‌സില്‍ തട്ടി കോസ്റ്റയ്ക്ക്. ഇറാന്റെ റമീന്‍ റെസെയ്‌നിന്റെ കാലില്‍ തട്ടിയ പന്തെടുത്ത് കോസ്റ്റ വലകുലുക്കി.
മറ്റൊരു മത്സരത്തില്‍ സൂപ്പര്‍ താരം സുവാരസിന്റെ ഗോളില്‍ സൗദിയെ ഉറുഗ്വായ് പരാജയപ്പെടുത്തി. ഇതോടെ റഷ്യന്‍ ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ട് വിജയവുമായി ഉറുഗ്വായ് പ്രീ ക്വാര്‍ട്ടറില്‍ കടന്നു. മത്സരത്തിലുടനീളം സൗദി തിരികെയെത്താന്‍ ശ്രിമിച്ചുകൊണ്ടിരുന്നെങ്കിലും ഗോള്‍ കണ്ടെത്താനായില്ല. ഉറുഗ്വായ് കളിക്കാരും നിരവധി അവസരങ്ങള്‍ നഷ്ടമാക്കി. രാജ്യത്തിനുവേണ്ടിയുള്ള തന്റെ നൂറാം മത്സരത്തിലാണ് സുവാരസ് തന്റെ രാജ്യത്തിന്റെ വിജയഗോള്‍ കണ്ടെത്തിയത് എന്ന പ്രത്യേകതയുമുണ്ട്. ഗ്രൂപ്പ് ‘എ’യില്‍നിന്ന് റഷ്യയും പ്രീക്വാര്‍ട്ടറില്‍ കടന്നിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല