സ്വന്തം ലേഖകന്‍: സ്വീഡന് വിജയത്തുടക്കം; ലുഡാക്കുവിന്റെ ഇരട്ടഗോളുകളില്‍ ബല്‍ജിയത്തിന്റെ തേരോട്ടം; ക്യാപ്റ്റന്‍ കെയ്‌നിന്റെ കരുത്തില്‍ ഇംഗ്ലണ്ട്; ലോകകപ്പ് റൗണ്ടപ്പ്. ദക്ഷിണ കൊറിയയെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തി സ്വീഡന് വിജയത്തുടക്കം. ഗ്രൂപ്പ് എഫില്‍ നടന്ന മത്സരത്തില്‍ 65 മത്തെ മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റിയില്‍ നേടിയ ഗോളിലൂടെയാണ് സ്വീഡന്റെ ജയം. സ്വീഡിഷ് ക്യാപ്റ്റന്‍ ആന്ദ്രെസ് ഗ്രാന്‍ക്വിസ്റ്റാണ് ഗോള്‍ നേടിയത്.
ബോക്‌സില്‍ വെച്ച് ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് വീഡിയോ അസിസ്റ്റിലൂടെയാണ് സ്വീഡന് പെനാല്‍റ്റി ലഭിച്ചത്. കളിയില്‍ മികച്ച അവസരങ്ങള്‍ ലഭിച്ചിരുന്നെങ്കിലും ഗോളാക്കാന്‍ സാധിക്കാത്തതാണ് കൊറിയയക്ക് തിരിച്ചടിയായത്. ഇതോടെ ഗ്രൂപ്പ് എഫില്‍ മെക്‌സിക്കോ, സ്വീഡന്‍ എന്നിവര്‍ മൂന്ന് പോയിന്റുകളുമായി ആദ്യ രണ്ട് സ്ഥാനത്തെത്തി. ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട നിലവിലെ ചാമ്പ്യന്‍മാരായ ജര്‍മനി പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. നാലാം സ്ഥാനത്താണ് കൊറിയ. 23ന് നടക്കുന്ന മത്സരത്തില്‍ സ്വീഡന്‍ ജര്‍മനിയെ നേരിടും.
രണ്ടാം പകുതിയില്‍ കാഴ്ചവെച്ച തകര്‍പ്പന്‍ പ്രകടത്തിലൂടെ ലോകകപ്പില്‍ ബല്‍ജിയത്തിന് വിജയത്തുടക്കം. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മുന്നേറ്റനിര താരം റൊമേലു ലുക്കാക്കു ഇരട്ടഗോള്‍ നേട്ടമുള്‍പ്പെടെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് പനാമയ്‌ക്കെതിരെ ബല്‍ജിയം ജയിച്ചുകയറിയത്.
ആദ്യപകുതിയില്‍ ആധിപത്യം പുലര്‍ത്തിയിട്ടും ബല്‍ജിയത്തിന് ലക്ഷ്യം കാണാനായില്ല. എന്നാല്‍ ആദ്യപകുതിയില്‍ ഉറച്ചുനിന്ന പാനമ പ്രതിരോധം രണ്ടാം പകുതിയില്‍ പതറിയപ്പോള്‍ 47 മത്തെ മിനിറ്റില്‍ ഡ്രീസ് മെര്‍ട്ടന്‍സ് ബല്‍ജിയത്തിനായി ആദ്യ ഗോള്‍ നേടി. 69 മത്തെ മിനിറ്റിലായിരുന്നു റൊമേലു ലുക്കാക്കുവിന്റെ ആദ്യ ഗോള്‍. കെവിന്‍ ഡിബ്രൂയിന്‍ ഉയര്‍ത്തി നല്‍കിയ പന്തിനെ ബുള്ളറ്റ് ഹെഡറിലൂടെ വലയിലെത്തിച്ചാണ് ലുക്കാക്കു ബല്‍ജിയത്തിന്റെ ലീഡ് രണ്ടാക്കി ഉയര്‍ത്തിയത്.
ആറു മിനിറ്റിനിടെ രണ്ടാം ഗോളുമായി റൊമേലു ലുക്കാക്കു കളം നിറഞ്ഞപ്പോള്‍ ബല്‍ജിയം മൂന്നു ഗോളുകള്‍ക്കു മുന്നിലായി. മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ ഏഡന്‍ ഹസാര്‍ഡിന്റെ പാസില്‍നിന്നായിരുന്നു ലുക്കാക്കുവിന്റെ രണ്ടാം ഗോള്‍. മികച്ച പ്രകടനം നടത്തിയാണ് ലോകകപ്പിലെ അരങ്ങേറ്റക്കാരായ പനാമ ലോകകപ്പിലെ കറുത്ത കുതിരകളാകുമെന്ന് കരുതപ്പെടുന്ന ബെല്‍ജിയത്തിന് മുന്നില്‍ കീഴടങ്ങിയത്.
നായകന്‍ ഹാരി കെയ്ന്‍ നേടിയ ഇരട്ട ഗോളുകളുടെ ബലത്തില്‍ ലോകകപ്പ് ഫുട്ബാളിന്റെ ഗ്രൂപ്പ് ജിയില്‍ ഒന്നിനെതിരേ രണ്ട് ഗോളിന് ഇംഗ്ലണ്ട് ടുണീഷ്യയെ തോല്‍പിച്ചു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തുറ്റ സ്‌ട്രൈക്കര്‍മാര്‍ അണിനിരക്കുന്ന ഇംഗ്ലണ്ട് ടീം പ്രതീക്ഷിച്ച പോലെത്തന്നെ 11 മത്തെ മിനിറ്റില്‍ ലക്ഷ്യം കണ്ടു. ആഷ്‌ലി യങ്ങിന്റെ കോര്‍ണര്‍ കിക്കില്‍ സ്റ്റോണ്‍സിന്റെ ഹെഡ്ഡര്‍ ടുണീഷ്യ ഗോള്‍കീപ്പര്‍ തടുത്തിട്ടത് കാത്തുനിന്ന കെയ്ന്‍ വലയിലാക്കി.
എന്നാല്‍ പതിനാല് മിനിറ്റിനുളല്ലില്‍ കെയ്ല്‍ വാക്കര്‍, ഫക്രദ്ദീന്‍ ബെന്‍ യൂസഫിനെ ബോക്‌സില്‍ വച്ച് മുട്ടുകൊണ്ട് മുഖത്ത് ഇടിച്ചതിന് കിട്ടിയ പെനാല്‍റ്റി മുതലാക്കി ഫെര്‍ജാനി സാസി ടുണീഷ്യയെ ഒപ്പമെത്തിച്ചു. പിന്നീട് അവസരങ്ങള്‍ ഏറെ തുലച്ച് ഇംഗ്ലീഷുകാര്‍ സമനില വഴങ്ങുമെന്ന് തോന്നിച്ചെങ്കിലും നാലു മിനിറ്റ് അനുവദിച്ച ഇഞ്ചുറി ടൈമില്‍ റഫറി വിസസലൂതാന്‍ രണ്ട് മിനിറ്റ് മാത്രം ബാക്കി നില്‍ക്കെ ഒരു കോര്‍ണര്‍ കെയ്ന്‍ വലയിലേയ്ക്ക് കുത്തിയിട്ട് ഇംഗ്ലണ്ടിന് വിലപ്പെട്ട വിജയം നേടിക്കൊടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല