സ്വന്തം ലേഖകന്‍: ലോകകപ്പില്‍ സ്വിസ് താരങ്ങളുടെ വിജയാഘോഷം രാഷ്ട്രീയ വിവാദത്തിലേക്ക്; കൊസവോ, സെര്‍ബിയ സംഘര്‍ഷം ഫുട്‌ബോള്‍ മൈതാനത്തിലേക്കും. വിവാദത്തിന് തുടക്കമിട്ടത് സ്വിറ്റ്‌സര്‍ലന്‍ഡ് സെര്‍ബിയക്കെതിരെ നേടിയ രണ്ടു ഗോളുകള്‍ക്കു ശേഷം ഗോളടിച്ച ഷെര്‍ദാന്‍ ഷാക്കിരിയും ഗ്രാനിറ്റ് ഷാക്കയും നടത്തിയ ആഘോഷങ്ങളാണ്.
ഈ ആഘോഷങ്ങള്‍ക്കിടയില്‍ അവര്‍ പ്രദര്‍ശിപ്പിച്ച അടയാളമാണ് സെര്‍ബിയക്കാരെ പ്രകോപിപ്പിച്ചിരിക്കുന്നത്. ഗോളടിച്ചശേഷം നെഞ്ചില്‍ കൈകള്‍ കുറുകേ വച്ചായിരുന്നു ഇരുവരുടെയും ആഘോഷം. അല്‍ബേനിയയുടെ ഇരട്ടത്തലയുള്ള പരുന്തിനെയാണ് കൊസോവന്‍ വംശജരായ ഇവര്‍ കാട്ടിയതെന്നാണ് സെര്‍ബിയന്‍ ആരാധകര്‍ പറയുന്നത്.
2008 തങ്ങളില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ പഴയ പ്രവിശ്യയായ കൊസോവയെ സെര്‍ബിയ ഇതുവരെ അംഗീകരിച്ചിട്ടില്ല. മാത്രമവുമല്ല, 1998, 99 കാലഘട്ടത്തില്‍ നടന്ന കൊസോവ യുദ്ധത്തിന്റെ മുറിവുകള്‍ ഇനിയും ഉണങ്ങാതെ കൊസവോക്കാരുടെ മനസിലുണ്ട്. ഇപ്പോഴും സംഘര്‍ഷം നിലനില്‍ക്കുന്ന മേഖലയുമാണിത്.
കൊസവോ യുദ്ധത്തില്‍ എല്ലാം നഷ്ടപ്പെട്ടവരാണ് ഷാക്കിരിയുടെയും സ്വിസ് ടീമിലെ മറ്റൊരംഗമായ വാലണ്‍ ബെഹ്രാമിയുടേയും കുടുംബങ്ങള്‍. തുടര്‍ന്ന് ഇവര്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ അഭയം തേടുകയായിരുന്നു. ഏതാണ്ട് രണ്ട് ലക്ഷം സെര്‍ബിയക്കാരാണ് ഇങ്ങനെ സ്വിറ്റ്‌സര്‍ലന്‍ഡില്‍ താമസിക്കുന്നത്.
ഈ സാഹചര്യത്തില്‍ തങ്ങള്‍ക്കെതിരെയുള്ള ജയം കൊസോവയുടെ അടയാളം തന്നെ കാട്ടി സ്വിസ് താരങ്ങള്‍ ആഘോഷിച്ചത് തങ്ങളെ മുറിപ്പെടുത്താനും അപമാനിക്കാനും തന്നെയാണെന്നാണ് വലിയൊരു വിഭാഗം സെര്‍ബിയക്കാരും വിശ്വസിക്കുന്നത്. സ്വിറ്റ്‌സര്‍ലന്‍ഡ് ടീമിലെ കൊസോവ വംശജരാണ് ഷാക്കിരിയും ഷാക്കയും. ഷാക്കയുടെ സഹോദരന്‍ ഇപ്പോഴും കൊസോവ ദേശീയ ടീമില്‍ അംഗവുമാണ്.
ഇടതു ബൂട്ടില്‍ സ്വിസ് പതാക തുന്നിച്ചേര്‍ത്ത ഷാക്കിരി വലതു കാലില്‍ കൊസോവയുടെ പതാക തുന്നിച്ചേര്‍ത്ത ബൂട്ടും ധരിച്ചാണ് താന്‍ കളിക്കാനിറങ്ങുക എന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കൊസോവയ്ക്ക് പരസ്യമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ഷാക്കിരി ബൂട്ടിന്റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
കൊസോവയോട് അത്രയ്ക്കും സ്‌നേഹമാണെങ്കില്‍ അയാള്‍ എന്തുകൊണ്ടാണ് അവര്‍ക്കുവേണ്ടി കളിക്കാനുള്ള അവസരം ഒഴിവാക്കിയത് എന്നാണ് ലോകകപ്പില്‍ സെര്‍ബിയയുടെ ആദ്യ ഗോളടിച്ച മിത്രോവിച്ച് തിരിച്ചടിയ്ക്കുകയും ചെയ്തു. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ മത്സരത്തിന് മുന്‍പ് തന്നെ സെര്‍ബിയക്കാരും കൊസോവക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് സംഘാടകര്‍ കനത്ത സുരക്ഷ ഒരുക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല