സ്വന്തം ലേഖകന്‍: ഇതാണ് പ്രസിഡന്റ്! കെട്ടിപ്പിടിച്ചും കണ്ണീര്‍ തുടച്ചും സമൂഹ മാധ്യമങ്ങളില്‍ താരമായി ക്രൊയേഷ്യന്‍ പ്രസിഡന്റ്. റഷ്യന്‍ ലോകകപ്പ് ഫൈനലില്‍ ഫ്രഞ്ച് നിരയോട് തകര്‍ന്ന വിങ്ങിപ്പൊട്ടിയ ക്രൊയേഷ്യന്‍ താരങ്ങളെ നെഞ്ചോട് ചേര്‍ത്താണ് പ്രസിഡന്റ് കൊളിന്റ ഗ്രബാര്‍ കിറ്ററോവിച്ച് ആശ്വസിപ്പിച്ചത്. ഇങ്ങനെയൊരു പ്രസിഡന്റിനെ കിട്ടിയാല്‍ ക്രൊയേഷ്യ എങ്ങനെ പൊരുതാതിരിക്കും എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.
ടീമിന്റെ ജഴ്‌സി അണിഞ്ഞ് ഗ്യാലറിയില്‍ എത്തിയ അവര്‍ ടീം ഗോള്‍ നേടുമ്പോള്‍ ആഘോഷിച്ചും ആരവം മുഴക്കിയും താരമായി മാറി. ഫൈനലില്‍ മികച്ച പ്രകടനം നടത്തിയിട്ടും ഫ്രഞ്ച് നിരയോട് തോല്‍വി വഴങ്ങിയപ്പോള്‍ തകര്‍ന്നുപോയ ക്രൊയേഷ്യന്‍ ടീമംഗങ്ങളെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിക്കുന്ന കൊളിന്റെയുടെ ചിത്രങ്ങള്‍ അത്ഭുതത്തോടെയാണ് ലോകം കണ്ടത്.
ഫിഫ പ്രസിഡന്റ് ജിയോവാനി, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവന്‍ മക്രോണ്‍ എന്നിവര്‍ക്കൊപ്പം ഗ്യാലറിയില്‍ ക്രൊയേഷ്യയുടെ ജഴ്‌സിയുമണിഞ്ഞാണ് കൊളിന്റ മത്സരം കണ്ടത്. മത്സരത്തിന് ശേഷം ഫ്രഞ്ച് പ്രസിഡന്റിന്റെ കയ്യും പിടിച്ചാണ് അവര്‍ മൈതാനത്തേക്ക് ഇറങ്ങി വന്നത്. ലോകകപ്പിന് പോകുന്ന ടീമിനെ ഒരു രാജ്യം എങ്ങനെ പിന്തുണയ്ക്കണം എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ക്രൊയേഷ്യന്‍ പ്രസിഡന്റ് കോളിന്‍ഡ ഗ്രാബര്‍ കിറ്റാറോവിച്ച് എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
എല്ലാ തിരക്കുകളും ഒഴിവാക്കിയാണ് ലൂക്കാ മാഡ്രിച്ചിന്റെയും കൂട്ടരുടെയും കളി നേരില്‍ കണ്ട് ആസ്വദിക്കുവാന്‍ ക്രൊയേഷ്യന്‍ പ്രസിഡന്റ് റഷ്യയിലെത്തിയത്. റഷ്യയെ പെനാല്‍റ്റിയിലൂടെ തോല്‍പ്പിച്ച ടീമിന്റെ ഡ്രസിങ് റൂമില്‍ ചെന്ന് താരങ്ങള്‍ക്കൊപ്പം ആവേശം പങ്കിടാനും ഇവര്‍ മറന്നില്ല. കളിക്കാരുടെ തോളുകളില്‍ പിടിച്ച് തുള്ളിച്ചാടുന്ന വീഡിയോ സോഷ്യല്‍ മീഡിയ ഇതിനോടകം തന്നെ ഏറ്റെടുത്ത് കഴിഞ്ഞു. 50കാരിയായ കൊളിന്‍ഡ ക്രൊയേഷ്യയുടെ പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ വനിതയാണ്.
കളി കാണാന്‍ സാധാരണ ക്ലാസില്‍ വിമാന യാത്ര ചെയ്താണ് ഇവര്‍ ക്രൊയേഷ്യയില്‍ നിന്നും റഷ്യയിലെത്തുന്നത്. സ്വന്തം ടീമിനെ പിന്തുണയ്ക്കാന്‍ തിരക്കുകളെല്ലാം മാറ്റിവെക്കുന്നതിന് ഒരു ബുദ്ധിമുട്ടും ഇല്ലെന്നും ലോകകപ്പില്‍ തന്റെ ടീം മുത്തമിടുമെന്നും ഇവര്‍ പറയുന്നു. ഡെന്മാര്‍ക്കിനെതിരായ ക്രൊയേഷ്യയുടെ മത്സരത്തിന് മുന്‍പ് തന്നെ കൊളിന്‍ഡ റഷ്യയിലെത്തിയിരുന്നു. വിമാനത്തില്‍ എക്കോണമി ക്ലാസില്‍ യാത്ര ചെയ്ത അവര്‍ മറ്റ് യാത്രികരോടൊപ്പം ഫോട്ടോയ്ക്കും പോസ് ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല