സ്വന്തം ലേഖകൻ: 2022 ലെ ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളിന്റെ മത്സരതിയതി ഫിഫ പ്രഖ്യാപിച്ചു. നവംബര്‍ 21 നാണ് ലോകകപ്പ് ഫുട്‌ബോള്‍ ആരംഭിക്കുന്നത്. ഡിസംബര്‍ 18 നാണ് കലാശപ്പോര്. ഗ്രൂപ്പ് സ്റ്റേജില്‍ ഒരു ദിവസം നാല് മത്സരങ്ങളാണ് നടക്കുക.
ലോകകപ്പിന്റെ 22-ാം പതിപ്പിനാണ് ഖത്തര്‍ ആതിഥ്യമരുളുന്നത്. അറബ് ലോകത്ത് മുസ്‌ലീം ഭൂരിപക്ഷ രാജ്യത്ത് നടക്കുന്ന ആദ്യ ലോകകപ്പുമായിരിക്കും ഇത്.
നവംബര്‍ 21 പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണിക്ക് അല്‍ ബെയ്ത്ത് സ്റ്റേഡിയത്തില്‍ വെച്ചാണ് ഉദ്ഘാടന മത്സരം നടക്കുക. 12 ദിവസങ്ങളിലായി നീളുന്ന ഗ്രൂപ്പ് മത്സരങ്ങള്‍ നവംബര്‍ 21 മുതല്‍ ഡിസംബര്‍ രണ്ട് വരെ. മുഴുവന്‍ സ്റ്റേഡിയങ്ങളിലുമായാണ് മത്സരങ്ങള്‍.
പ്രീക്വാര്‍ട്ടര്‍ നടക്കുന്നത് ഡിസംബര്‍ 3 മുതല്‍ ആറ് വരെ വൈകുന്നേരം ആറിനും പത്തിനും മുഴുവന്‍ സ്റ്റേഡിയങ്ങളിലുമായിട്ടാണ്. ക്വാര്‍ട്ടര്‍ ഫൈനല്‍ ഡിസംബര്‍ ഒമ്പത് പത്ത് തിയതികളിലായി നടക്കും. അല്‍ ബെയ്തത്ത്, അല്‍ തുമാമ, ലുസൈല്‍, എജ്യൂക്കേഷന്‍ സിറ്റി എന്നീ സ്റ്റേഡിയങ്ങളിലായാണ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍.
ഡിസംബര്‍ 13 പതിനാല് തിയതികളിലായാണ് സെമി ഫൈനല്‍ മത്സരങ്ങള്‍ നടക്കുന്നത്. അല്‍ ബെയ്ത്ത് ലുസൈല്‍ സ്റ്റേഡിയങ്ങളാണ് സെമി വേദികള്‍. ഒടുക്കം ഫൈനല്‍ നടക്കുന്ന ഡിസംബര്‍ പതിനെട്ട് വൈകുന്നേരം ആറിന് ലുസൈല്‍ സ്റ്റേഡിയത്തില്‍. മൂന്ന് സ്റ്റേഡിയങ്ങള്‍ ഇതിനകം ഉദ്ഘാടനം ചെയ്തു. രണ്ടെണ്ണത്തിന്‍റെ ജോലികള്‍ പൂര്‍ത്തിയായി. മൂന്നെണ്ണത്തിന്‍റെ ജോലികള്‍ അന്തിമ ഘട്ടത്തിലും.
ഖത്തറിലേക്കെത്തുന്ന 32 ടീമുകള്‍ ആരൊക്കെയെന്ന് നിശ്ചയിക്കാനുള്ള യോഗ്യതാ മത്സരങ്ങളുടെ പുതിയ റൌണ്ടുകള്‍ അടുത്ത മാസം മുതല്‍ ആരംഭിക്കും. ടിക്കറ്റുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉടന്‍ തന്നെ കായിക പ്രേമികളെ അറിയിക്കുമെന്നും ഫിഫ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
2002 ല്‍ ദക്ഷിണ കൊറിയയിലും ജപ്പാനിലും നടന്ന ടൂര്‍ണമെന്റിന് ശേഷം ഏഷ്യയില്‍ നടക്കുന്ന രണ്ടാമത്തെ ലോകകപ്പാണിത്. മാത്രമല്ല 32 ടീമുകള്‍ ഉള്‍പ്പെടുന്ന അവസാന ടൂര്‍ണമെന്റുമായിരിക്കും ഇത്. 2026 ലെ ടൂര്‍ണമെന്റില്‍ 48 ടീമുകള്‍ മത്സരിക്കും. ഫ്രാന്‍സാണ് നിലവിലെ ലോകചാമ്പ്യന്‍മാര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല