സ്വന്തം ലേഖകൻ: ഫിഫ ഖത്തര്‍ 2022 ലോകകപ്പിലേയ്ക്കുള്ള ഒരു വര്‍ഷത്തെ കൗണ്ട് ഡൗണ്‍ ആഘോഷങ്ങളുടെ ഭാഗമായി ദോഹ കോര്‍ണിഷില്‍ കൗണ്ട് ഡൗണ്‍ ക്ലോക്ക് സ്ഥാപിച്ചു. വര്‍ണാഭമായ ആഘോഷപരിപാടികളോടെ ഹുബ്‌ളോട്ടിന്റെ ക്ലോക്ക് ദോഹ കോര്‍ണിഷിലെ ഫിഷിങ് സ്‌പോട്ടിലാണ് സ്ഥാപിച്ചത്. ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയാണ് ക്ലോക്ക് സ്ഥാപിച്ചത്.
ഒപ്പം ഡ്രോണ്‍ ഷോയും ആഘോഷങ്ങള്‍ക്ക് മിഴിവേകി. പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്ലസീസ് അല്‍താനി, ഖത്തര്‍ ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് ഷെയ്ഖ് ജൊആന്‍ ബിന്‍ ഹമദ് അല്‍താനി, സുപ്രീം കമ്മിറ്റി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍ തവാദി, ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ, ഹുബ്‌ളോട്ട് സിഇഒ റിക്കാര്‍ഡോ ഗുദാലുപെ, ഫിഫ ലോകകപ്പ് ഖത്തര്‍ 2022 സിഇഒ നാസര്‍ അല്‍ ഖാദര്‍ എന്നിവരും ഫിഫ ലോകകപ്പ് ഇതിഹാസങ്ങളും ചടങ്ങില്‍ പങ്കെടുത്തു.
2022 ഫിഫ ലോകകപ്പിലേയ്ക്ക് 11 വര്‍ഷം നീണ്ട ഖത്തറിന്റെ തയാറെടുപ്പുകളാണ് ഒരു വര്‍ഷത്തെ കൗണ്ട് ഡൗണ്‍ തുടങ്ങിയതോടെ ഫിനിഷിങ് പോയിന്റില്‍ എത്തി നില്‍ക്കുന്നത്. 8 സ്‌റ്റേഡിയങ്ങളിലായി 2022 നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ് ഫിഫ ലോകകപ്പ് നടക്കുക. കാൽപന്തുകളിയുടെ കളിയാവേശവുമായി 2022 ഫിഫ ലോകകപ്പ് ജേതാക്കൾക്കുള്ള ട്രോഫി കഴിഞ്ഞ ദിവസം ഖത്തറിലെത്തി.
കൗണ്ട് ഡൗണിന് ഒരു ദിനം മുൻപേ തന്നെ ട്രോഫിയുമായി ലോകകപ്പിന് വേദികളാകുന്ന 8 സ്റ്റേഡിയങ്ങൾക്ക് മുകളിലൂടെയും ഖത്തർ എയർവേയ്‌സിന്റെ വിമാനം പറന്നിരുന്നു. ഖത്തർ ലോകകപ്പിന്റെ ലോഗോയും ചിഹ്‌നങ്ങളും പതിപ്പിച്ച വിമാനത്തിലാണ് ട്രോഫിയുമായി പറക്കൽ നടത്തിയത്. പ്രഥമ ഫോർമുല വൺ ഖത്തർ ഗ്രാൻഡ്പ്രീ വേദിയായ ലുസെയ്ൽ ഇന്റർനാഷനൽ സർക്യൂട്ടിലും ട്രോഫി പര്യടനം നടത്തിയിരുന്നു.
സർക്യൂട്ടിൽ നടന്ന ഫിഫയുടെ ഫുട്‌ബോൾ ഇതിഹാസങ്ങളും ഫോർമുല വൺ ഡ്രൈവർമാരും തമ്മിലുള്ള പ്രത്യേക പെനൽറ്റി ഷൂട്ട് ഔട്ടും ശ്രദ്ധ നേടിയിരുന്നു. ഫോർമുല വൺ ലോക ചാംപ്യൻഷിപ് ട്രോഫിക്കൊപ്പം ലോകകപ്പ് ട്രോഫിയും പ്രദർശിപ്പിച്ചത് കാണികൾക്കും ആവേശമായി. വരും ദിവസങ്ങളിൽ ഖത്തറിന്റെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ട്രോഫി പര്യടനം ഉണ്ടാകുമെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല