സ്വന്തം ലേഖകൻ: പൈതൃക പെരുമയിൽ ഫിഫ ലോകകപ്പ് ഫൈനൽ വേദിയായ ലുസെയ്ൽ സ്റ്റേഡിയം. നിർമാണം പൂർത്തിയായ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ഏറ്റവും മികച്ചതാക്കാനുള്ള തയാറെടുപ്പിലാണ് ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി.
2022 ഫിഫ ലോകകപ്പിന്റെ ഫൈനൽ ഉൾപ്പെടെ 10 മത്സരങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നതിനൊപ്പം ഖത്തർ ലോകകപ്പിൽ ഏറ്റവുമധികം മത്സരങ്ങൾക്ക് വേദിയാകുന്നതും ലുസെയ്ൽ സ്റ്റേഡിയം തന്നെയാണ്. ദോഹ നഗരത്തിൽ നിന്ന് 15 കിലോമീറ്റർ മാത്രം അകലെയുള്ള ലുസെയ്ൽ സ്റ്റേഡിയം ഖത്തറിന്റെ ലോകകപ്പ് സ്റ്റേഡിയങ്ങളിൽ ഏറ്റവും വലുത്. വളരെയധികം സവിശേഷതകൾ നിറഞ്ഞ സ്റ്റേഡിയത്തിന്റെ ചുറ്റുമതിലിൽ നിറയെ സ്റ്റേഡിയം നിർമാണ തൊഴിലാളികളോടുള്ള ആദരവായി അവരുടെ ചിത്രങ്ങളും പതിച്ചിട്ടുണ്ട്.
ലോക സ്‌റ്റേഡിയങ്ങളുടെ ശ്രേണിയിലാണ് ലുസെയ്‌ലും. ബ്രസീലിലെ റിയോ ഡി ജനീറയിലെ വിഖ്യാത സ്റ്റേഡിയമായ മരക്കാനോ, ലോകത്തിലെ മൂന്നാമത്തെ വലിയ ഫുട്ബോൾ സ്റ്റേഡിയമായ നൂ കാമ്പ്, യൂറോപ്പിലെ ഏറ്റവും വലിയ സ്റ്റേഡിയങ്ങളിൽ ഒന്നും റഷ്യയുടെ ദേശീയ സ്റ്റേഡിയവുമായ ലഹ്നികി സ്റ്റേഡിയം തുടങ്ങി ലോക സ്റ്റേഡിയങ്ങളുടെ ശ്രേണിയിൽ ഉൾപ്പെടുന്നതാണ് ഖത്തറിന്റെ ലോകകപ്പ് ഫൈനൽ വേദിയായ ലുസെയ്ൽ.
സ്വർണ നിറത്തിലുള്ള സ്റ്റേഡിയത്തിന്റെ അകവും പുറവും ഒറ്റക്കാഴ്ചയിൽ തന്നെ കാഴ്ചക്കാരുടെ മനം കവരും. അറബ് ലോകത്ത് ഉപയോഗിക്കുന്ന പരമ്പരാഗത സുവർണ യാന പാത്രത്തിന്റെ ആകൃതിയാണ് സ്റ്റേഡിയത്തിന്. ഫനാർ വിളക്കിന്റെ സവിശേഷതയായ വെളിച്ചത്തിന്റെയും നിഴലിന്റെയും പരസ്പര ബന്ധത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് വെളിച്ചവും നിഴലും ഇഴ ചേർന്നുള്ളതാണ് സ്റ്റേഡിയത്തിന്റെ ഡിസൈൻ.
അറബ്, ഇസ്‌ലാമിക ലോകത്തെ കലയുടെയും കരകൗശലത്തിന്റെയും സുവർണ കാലഘട്ടത്തിന്റെ സവിശേഷതയായ പാത്രങ്ങളിലും മറ്റുമുള്ള സങ്കീർണമായ അലങ്കാര രൂപങ്ങൾ സ്റ്റേഡിയത്തിന്റെ ആകൃതിയിൽ മാത്രമല്ല മുഖപ്പിലും പ്രതിധ്വനിക്കുന്നു. ഫോസ്റ്റർ പ്ലസ് പാർട്‌ണഴേസാണ് ഡിസൈൻ.
80,000 പേർക്കുള്ള ഇരിപ്പിടമാണ് ഇവിടെയുള്ളത്. പുറം ഡിസൈനുമായി ഇഴ ചേർത്ത് നിഴലും വെളിച്ചവും ഇരിപ്പിടങ്ങളിലേക്ക് എത്തുന്ന തരത്തിലാണ് ഗാലറിയിലെ ക്രമീകരണവും. സ്റ്റേഡിയത്തിന് അകത്ത് ഖത്തറിന്റെയും അറബ് ലോകത്തിന്റെയും പൈതൃകവും സംസ്‌കാരവും പ്രതിഫലിപ്പിച്ച് പുതുമയും പാരമ്പര്യവും കോർത്തിണക്കിയുള്ള ഇന്റീരിയർ മറ്റൊരു ആകർഷണമാണ്.
കളിക്കാർക്കായി ലോകോത്തര നിലവാരത്തിലുള്ള ഡ്രസിങ് റൂമുകളാണുള്ളത്. മത്സരം വിലയിരുത്താനുള്ള ഡിജിറ്റൽ സ്‌ക്രീൻ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഡ്രസിങ് മുറികളിലുണ്ട്. പരിശീലന സൈറ്റുകൾ, മീഡിയ സോണുകൾ, വിഐപി ലോഞ്ചുകൾ, എൽഇഡി വെളിച്ച സംവിധാനങ്ങൾ എന്നിവയെല്ലാം ലോകോത്തര നിലവാരത്തിലുള്ളത്. പഞ്ചനക്ഷത്ര സൗകര്യങ്ങളോടു കൂടിയ നൂറിലധികം സ്‌കൈ ബോക്‌സുകളാണ് സ്റ്റേഡിയത്തിനുള്ളത്. വിശാലമായ പാർക്കിങ് സൗകര്യങ്ങളുമുണ്ട്.
ഫിഫ ലോകകപ്പ് ഫൈനൽ വേദിയായ ലുസെയ്ൽ സ്റ്റേഡിയത്തിന് ലോകകപ്പിന് ശേഷം പുതിയ മുഖം നൽകാനുള്ള തീരുമാനത്തിലാണ് അധികൃതർ. ലോകകപ്പിന് ശേഷം സ്‌കൂളുകൾ, ഷോപ്പിങ് മാളുകൾ, കഫേകൾ, കായിക സൗകര്യങ്ങൾ, ഹെൽത്ത് ക്ലിനിക്കുകൾ എന്നിവയുൾപ്പെടുന്ന മൾട്ടി പർപസ് കമ്യൂണിറ്റി ഹബ്ബായി മാറും. സീറ്റുകളിൽ ഭൂരിഭാഗവും അവികസിത രാജ്യങ്ങളിലെ കായിക സൗകര്യങ്ങൾക്കായി നൽകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല