സ്വന്തം ലേഖകൻ: 2022 ഖത്തർ ലോകകപ്പിൻെറ ആദ്യ ഘട്ട ടിക്കറ്റ് വിൽപനക്ക് ബുധനാഴ്ച ഉച്ച ഒരു മണിക്ക് തുടക്കമാവും. വാർത്താ കുറിപ്പിലൂടെ ഫിഫയാണ് ഇക്കാര്യം അറിയിച്ചത്. ജനുവരി 19ന് തുടങ്ങി ഫെബ്രുവരി എട്ട് ഉച്ച ഒരു മണിവരെയാണ് ആദ്യഘട്ട ടിക്കറ്റ് ബുക്കിങ് സമയം. ഇതിനകം, https://www.fifa.com/tickets എന്ന ലിങ്ക് വഴി ബുക് ചെയ്യുന്നവർക്ക്, മാർച്ച് എട്ടിന് ആരംഭിക്കുന്ന റാൻഡം തെരഞ്ഞെടുപ്പിലൂടെ ടിക്കറ്റിന് അർഹരാവാം.
ഇ മെയിൽ വഴി അറിയിക്കുന്നത് അനുസരിച്ച് ഓൺലൈൻ വഴി ടിക്കറ്റ് തുക അടച്ച് വിശ്വമേളക്കുള്ള ഇരിപ്പിടവും സ്വന്തമാക്കാം. ഖത്തറിലെ താമസക്കാരായ എല്ലാവർക്കും ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വിലക്കുറവിലാണ് സംഘാടകർ ടിക്കറ്റ് വിൽപന ആരംഭിക്കുന്നത്. കാറ്റഗറി നാല് സീറ്റുകളിലേക്ക് 40 റിയാലിന് (819 രൂപ) ടിക്കറ്റുകൾ ലഭ്യമാവും.
1990 ഇറ്റലി ലോകകപ്പിന് ശേഷമുള്ള ടിക്കറ്റ് ചാർജുകളിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. വിസകാർഡ് വഴി മാത്രമാവും ഖത്തറിലുള്ളവർക്ക് പേയ്മെൻറ്. അതേസമയം, ഖത്തറിന് പുറത്തുള്ളവർക്ക് മറ്റ് ഫോർമാറ്റുകളിലും ടിക്കറ്റ് തുക അടക്കാം. ആരാധകർക്കുള്ള ഫാൻ ഐ.ഡി കാർഡായ ഹയ്യാ കാർഡും ലോകകപ്പിൽ നടപ്പാക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല