സ്വന്തം ലേഖകന്‍: അര്‍ജന്റീന ഉയിര്‍ത്തെഴുന്നേറ്റു; ഗ്രൂപ്പിലെ രാജാക്കന്മാരായി ക്രൊയേഷ്യ; സമനിലയില്‍ പിരിഞ്ഞ് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച് ഫ്രാന്‍സും ഡെന്മാര്‍ക്കും; ലോകകപ്പ് റൗണ്ടപ്പ്. ലയണല്‍ മെസ്സി, മാര്‍ക്കോസ് റോഹോ എന്നിവരുടെ എണ്ണം പറഞ്ഞ ഗോളുകളിലൂടെ നൈജീരിയയെ ഒന്നിനെതിരെ രണ്ട് ഗോളിന് കീഴ്‌പ്പെടുത്തിയാണ് അര്‍ജന്റീന പ്രീക്വാര്‍ട്ടറിലെത്തിയത്. മെസ്സിയുടെ മിന്നുന്ന വലംകാലന്‍ ഷോട്ടിലൂടെ മുന്നിലെത്തിയെങ്കിലും നൈജീരിയയുടെ സമനിലഗോള്‍ ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി. എന്നാല്‍ റോഹോയുടെ ഗോള്‍, വിജയവും പ്രീക്വാര്‍ട്ടര്‍ യോഗ്യതയും അര്‍ജന്റീനയ്ക്ക് നേടൊക്കൊടുത്തു. ഗ്രൂപ്പ് ഡിയിലെ രണ്ടാം സ്ഥാനക്കാരായ അര്‍ജന്റീനയുടെ പ്രീക്വാര്‍ട്ടറിലെ എതിരാളി മുന്‍ ചാമ്പ്യന്‍മാരായ ഫ്രാന്‍സാണ്.
ഗ്രൂപ്പ് ഡിയിലെ മറ്റൊരു മത്സരത്തില്‍ രണ്ടാം നിരയുമായിറങ്ങിയിട്ടും ഐസ്!ലന്‍ഡിനെ തോല്‍പ്പിച്ച് ക്രൊയേഷ്യ ഗ്രൂപ്പ് ജേതാക്കളായി. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ക്രൊയേഷ്യയുടെ വിജയം. ബാദല്‍ജി (53), ഇവാന്‍ പെരിസിച്ച് (90) എന്നിവരാണ് ക്രൊയേഷ്യയ്ക്കായി ഗോള്‍ നേടിയത്. സിഗുര്‍ഡ്‌സന്‍ (76) പെനല്‍റ്റിയിലൂടെ ഐസ്‌ലന്‍ഡിന്റെ ആശ്വാസഗോള്‍ നേടി. ഗ്രൂപ്പില്‍ നിന്ന് നൈജീരിയയും ഐസ്‌ലന്‍ഡും പുറത്താകുകയും ചെയ്തു. പ്രീക്വാര്‍ട്ടറില്‍ ഡെന്‍മാര്‍ക്കിനെതിരെയാണ് ക്രൊയേഷ്യയുടെ പോരാട്ടം.
ഗ്രൂപ്പ് സിയിലെ ഫ്രാന്‍സ്, ഡെന്മാര്‍ക്ക് മത്സരം ഈ ലോകകപ്പിലെ ആദ്യ ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. കഴിഞ്ഞ മത്സരത്തില്‍ നിന്ന് നിരവധി മാറ്റങ്ങളോടെയാണ് ഫ്രാന്‍സ് മത്സരത്തിനിറങ്ങിയത്. ഗോള്‍ കീപ്പറെയടക്കം ആറു മാറ്റങ്ങളാണ് ഫ്രാന്‍സ് വരുത്തിയത്. ഏഴു പോയിന്റുമായി ഫ്രാന്‍സ് ഗ്രൂപ്പു ചാംപ്യന്‍മാരായപ്പോള്‍, അഞ്ചു പോയിന്റുമായി ഡെന്‍മാര്‍ക്ക് രണ്ടാമതായി. ഗ്രൂപ്പ് സിയില്‍ പ്രീക്വാര്‍ട്ടര്‍ പ്രവേശത്തിന് വിജയം അനിവാര്യമായിരുന്ന ഓസ്‌ട്രേലിയ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പെറുവിനോട് തോല്‍ക്കുകയും ചെയ്തു. പെറുവിനായി ആന്ദ്രെ കാരില്ലോ (18), പൗലോ ഗ്വെരേറോ (50) എന്നിവര്‍ ഗോള്‍ നേടി. ജയിച്ചെങ്കിലും ഓസ്‌ട്രേലിയയ്‌ക്കൊപ്പം പെറുവും ഗ്രൂപ്പില്‍നിന്ന് പുറത്തായി
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല