സ്വന്തം ലേഖകന്‍: നെയ്മര്‍ പടനയിച്ചപ്പോള്‍ മെക്‌സിക്കോയ്‌ക്കെതിരെ ജയിച്ചു കയറി ബ്രസീല്‍; വിറപ്പിച്ച ജപ്പാനെ അവസാന നിമിഷം മറികടന്ന് ബെല്‍ജിയം, ലോകകപ്പ് റൗണ്ടപ്പ്. മടക്കമില്ലാത്ത രണ്ട് ഗോളിന് മെക്‌സിക്കോയെ കീഴടക്കിയ ബ്രസീല്‍ തുടര്‍ച്ചയായ ഏഴാം തവണ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. 53 മത്തെ മിനിറ്റില്‍ നെയ്മറും 89 മത്തെ മിനിറ്റില്‍ റോബര്‍ട്ടോ ഫിര്‍മിനോയുമാണ് ബ്രസീലിന്റെ ഗോളുകള്‍ നേടിയത്. മെക്‌സിക്കന്‍ ഗോള്‍കീപ്പര്‍ ഗില്ലര്‍മോ ഒച്ചോവയുടെ മിന്നുന്ന സേവുകളായിരുന്നു ബ്രസീലിന് തലവേദനയായത്.
ബ്രസീലിന്റെ ആക്രമണ ഫുട്‌ബോളിന് അതേ നാണയത്തില്‍ മെക്‌സിക്കോയും മറുപടി നല്‍കിയതോടെ കളി ചൂടുപിടിച്ചു. എന്നാല്‍ ഫിനിഷിംഗില്‍ പാളിയതാണ് മെക്‌സിക്കന്‍ താരങ്ങള്‍ക്ക് വിനയായത്. മറുവശത്ത് ഗോളടിച്ചും ഗോളടിപ്പിച്ചും നെയ്മര്‍ കളിമെനഞ്ഞപ്പോള്‍ ബ്രസീല്‍ മത്സരത്തില്‍ മുന്‍തൂക്കം നേടുകയും ചെയ്തു. വില്ലിയനും നെയ്മറും കുടീഞ്ഞോയും പൗളിഞ്ഞോയും ഇരമ്പിയെത്തിയതോടെ മത്സരം പലപ്പോഴും അവരും മെക്‌സിക്കന്‍ ഗോള്‍കീപ്പര്‍ ഗില്ലര്‍മോ ഒച്ചോവയും തമ്മിലാകുകയും ചെയ്തു.
ലോകകപ്പ് ഫുട്‌ബോള്‍ പ്രീക്വാര്‍ട്ടറില്‍ ജപ്പാനെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ബല്‍ജിയം തകര്‍ത്തത്. ഗോള്‍രഹിതമായ ആദ്യപകുതിക്കു ശേഷം രണ്ടാം പകുതിയിലാണ് മല്‍സരത്തിലെ അഞ്ചു ഗോളുകളും പിറന്നത്. 48 മത്തെ മിനിറ്റില്‍ ഹരഗൂച്ചിയും 52 മത്തെ മിനിറ്റില്‍ ഇനൂയിയും നേടിയ ഗോളില്‍ മുന്നിലെത്തിയ ജപ്പാനെ വെര്‍ട്ടോംഗന്‍ (69), മൊറെയ്ന്‍ ഫെല്ലെയ്‌നി (74), ചാഡ്‌ലി (90+4) എന്നിവര്‍ നേടിയ ഗോളുകളിലാണ് ബല്‍ജിയം വീഴ്ത്തിയത്.
ലോകകപ്പ് നോക്കൗട്ട് മല്‍സരങ്ങളില്‍ ഇതുവരെ ജയിക്കാനായിട്ടില്ലെന്ന ശാപം മാറ്റാനാകാതെയാണ് റഷ്യയില്‍നിന്നും ജപ്പാന്‍ മടങ്ങുന്നത്. 2002 ലും 2010 ലും ഗ്രൂപ്പുഘട്ടം പിന്നിട്ട ജപ്പാന്‍, അന്നും പ്രീക്വാര്‍ട്ടറില്‍ കീഴടങ്ങിയിരുന്നു. എങ്കിലും ഇത്തവണ ജപ്പാന് ആരാധകരെ ആവേശത്തിലാഴ്ത്തുന്ന കളി പുറത്തെടുക്കാനായി. ജൂലൈ ആറിന് നടക്കുന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ബ്രസീല്‍ ബല്‍ജിയത്തെ നേരിടും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല