സ്വന്തം ലേഖകന്‍: സെനഗലിന്റെ തലയരിഞ്ഞ് കൊളംബിയ; തോറ്റിട്ടും ജയിച്ചു കയറി ജപ്പാന്‍; അജയ്യരായി ബെല്‍ജിയം; ലോകകപ്പ് റൗണ്ടപ്പ്. യെറി മിന നേടിയ ഏക ഗോളില്‍ സെനഗലിനെ തകര്‍ത്ത് കൊളംബിയ ഗ്രൂപ്പ് എച്ചില്‍ ആറു പോയിന്റുമായി പ്രീ ക്വാര്‍ട്ടറില്‍ കടന്നു. ചാമ്പ്യന്‍മാരായാണ് കൊളംബിയയുടെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം. 74 മത്തെ മിനിറ്റിലാണ് പ്രതിരോധ താരം യെറി മിന കൊളംബിയയുടെ വിജയ ഗോള്‍ നേടിയത്. ഈ ലോകകപ്പില്‍ മിനയുടെ രണ്ടാം ഗോളാണിത്. നേരത്തെ പോളണ്ടിനെതിരേയും മിന ഗോള്‍ നേടിയിരുന്നു.
നാല് പോയിന്റുള്ള സെനഗലിന് പ്രീ ക്വാര്‍ട്ടറിലെത്താന്‍ സമനില മാത്രം മതിയായിരുന്നു. കൊളംബിയക്ക് ജയം നിര്‍ബന്ധവുമായിരുന്നു. മത്സരത്തിന്റെ ആദ്യ പകുതിയില്‍ സെനഗലാണ് മികച്ച് നിന്നതെങ്കില്‍ രണ്ടാം പകുതിയില്‍ പ്രതിരോധത്തിലേക്ക് വലിഞ്ഞത് അവര്‍ക്ക് തിരിച്ചടിയായത്. ഗ്രൂപ്പില്‍ നിന്ന് നാല് പോയിന്റുമായി ജപ്പാനും അവസാന പതിനാറിലെത്തി. സെനഗലിനും ജപ്പാനും നാല് പോയിന്റാണുള്ളതെങ്കിലും മഞ്ഞക്കാര്‍ഡ് വാങ്ങുന്നതില്‍ കുറവ് വരുത്തിയത് ജപ്പാനാണ്. ഇതോടെയാണ് ഏഷ്യന്‍ ടീമിന് പ്രീ ക്വാര്‍ട്ടറിലേക്കുള്ള വഴി തെളിഞ്ഞത്.
പോളണ്ടിനോടു തോറ്റിട്ടും ജപ്പാന്‍ റഷ്യന്‍ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ജപ്പാന്റെ തോല്‍വി. 59 മത്തെ മിനിറ്റില്‍ ബെഡ്‌നാരെക്കാണ് പോളണ്ടിന്റെ വിജയഗോള്‍ നേടിയത്. ആദ്യ മല്‍സരത്തില്‍ കൊളംബിയയെ അട്ടിമറിച്ച ജപ്പാന്‍, സെനഗലിനെ സമനിലയിലും കുരുക്കിയാണ് നോക്കൗട്ട് ഉറപ്പാക്കിയത്. പോളണ്ടിനോടു തോറ്റ ജപ്പാന്, രണ്ടാം മല്‍സരത്തില്‍ സെനഗല്‍ കൊളംബിയയോടും തോറ്റതാണ് ഗുണമായത്. ഇതോടെ ഇരു ടീമുകള്‍ക്കും തുല്യ പോയിന്റായെങ്കിലും, ഫെയര്‍ പ്ലേയിലെ മികവ് ജപ്പാന്റെ തുണയ്‌ക്കെത്തി. ഈ ലോകകപ്പില്‍ ഫെയര്‍പ്ലേ പോയിന്റിന്റെ ബലത്തില്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പാക്കിയ ആദ്യ ടീമായി ഇതോടെ ജപ്പാന്‍.
പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനെ ജനുസാജിന്റെ കിടിലന്‍ ഗോളില്‍ ബെല്‍ജിയം തോല്‍പ്പിച്ചു. 51 മത്തെ മിനിറ്റില്‍ ഈ ലോകകപ്പില മനോഹരമായ ഗോളുകളിലൊന്നിലൂടെയാണ് ജനുസാജ് ബെല്‍ജിയത്തിന് ജയം നല്‍കിയത്. പ്രീ ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ട് കൊളംബിയയെയും ബെല്‍ജിയം ജപ്പാനെയും നേരിടും. അവസരങ്ങള്‍ കളഞ്ഞ് കുളിക്കുന്നതില്‍ ഇരുടീമുകളും മത്സരിച്ചതോടെ മത്സരം വിരസമാകുകയും ചെയ്തു. ഇംഗ്ലീഷ് ഗോളി ജോര്‍ദാന്‍ പിക്ക്‌ഫോണ്ടിന്റെ തകര്‍പ്പന്‍ സേവുകള്‍ മാത്രമായിരുന്നു കളിയിലെ ഹരം. ടൂര്‍ണ്ണമെന്റില്‍ അഞ്ചു ഗോളുകള്‍ നേടി ടോപ് സ്‌കോററായി നില്‍ക്കുന്ന ഹാരി കെയ്‌നും തൊട്ടുപിന്നില്‍ നാലു ഗോളുകളോടെ നില്‍ക്കുന്ന ബെല്‍ജിയത്തിന്റെ റൊമേലു ലുക്കാക്കുവും മത്സരത്തിനിറങ്ങിയില്ല.
ഇതേ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ചരിത്ര ജയവുമായി ടുണീഷ്യ മടങ്ങി. പനാമയ്‌ക്കെതിരെ ഒരു ഗോളിനു പിന്നില്‍ നിന്ന ശേഷം രണ്ടു ഗോള്‍ തിരിച്ചടിച്ചാണ് ടുണീഷ്യ വിജയത്തോടെ 2018 ലോകകപ്പിനോട് വിടപറയുന്നത്. 40 വര്‍ഷത്തിനിടയില്‍ ടുണീഷ്യ കരസ്ഥമാക്കുന്ന ആദ്യ ലോകകപ്പ് വിജയമാണിത്. ടുണീഷ്യയുടെ രണ്ടു ഗോളുകളും പിറന്നത് രണ്ടാം പകുതിയിലായിരുന്നു. 51 മത്തെ മിനിറ്റില്‍ ഫക്രദ്ദീന്‍ ബിന്‍ യൂസഫും 66 മത്തെ മിനിറ്റില്‍ വഹബി ഖാസ്രിയുമാണ് ഗോളുകള്‍ നേടിയത്. 33 മത്തെ മിനിറ്റില്‍ ടുണീഷ്യ വഴങ്ങിയ സെല്‍ഫ് ഗോളിലൂടെയാണ് പനാമ ലീഡ് നേടിയത്. ഇരു ടീമുകള്‍ക്കും ഇത് ആശ്വാസ ജയം സ്വന്തമാക്കുന്നതിനുള്ള പോരാട്ടമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല