സ്വന്തം ലേഖകന്‍: സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ കഷ്ടിച്ച് രക്ഷപ്പെട്ട സ്വീഡനും, പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ കൊളംബിയന്‍ വെല്ലുവിളി മറികടന്ന ഇംഗ്ലണ്ടും ക്വാര്‍ട്ടറില്‍; ലോകകപ്പ് റൗണ്ടപ്പ്. ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലന്റിനെ എതിരില്ലാത്ത ഒരു ഗോളിനാണ് സ്വീഡന്‍ പരാജയപ്പെടുത്തിയത്. ഇരുടീമുകളും ഭേദപ്പെട്ട പ്രകടനമാണ് പുറത്തെടുത്തതെങ്കിലും അന്തിമഫലം സ്വീഡന് അനുകൂലമായി. അവസാന നിമിഷം വരെ ഗോള്‍ മടക്കാന്‍ സ്വിറ്റ്‌സര്‍ലന്റ് കിണഞ്ഞുശ്രമിച്ചുവെങ്കിലും സാധിച്ചില്ല.
66 മത്തെ മിനുട്ടിലാണ് കളിയിലെ ഒരേയൊരു ഗോള്‍ സ്വീഡന്‍ നേടിയത്. സ്വീഡിഷ് താരം ഫോര്‍സ്ബര്‍ഗാണ് ഗോള്‍ നേടിയത്. ഗോളി കൃത്യമായി പ്ലേസ് ചെയിതിരുന്നുവെങ്കിലും സ്വിസ് താരത്തിന്റെ കാലില്‍ത്തട്ടി ഡിഫ്‌ലക്ഷന്‍ സംഭവിച്ചത് സ്വിറ്റ്‌സര്‍ലന്റിന് തിരിച്ചടിയായി. ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടാണ് സ്വീഡന്റെ എതിരാളി.\
കൊളംബിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തി ഇംഗ്ലണ്ട് ലോകകപ്പ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ഷൂട്ടൗട്ടില്‍ മൂന്നിനെതിരേ നാലു ഗോളുകള്‍ക്കായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. നിശ്ചിത സമയത്തും എക്‌സ്ട്രാടൈമിലും ഇരു ടീമുകളും ഓരോ ഗോള്‍ വീതമടിച്ച് സമനില പാലിച്ചതിനെ തുടര്‍ന്നാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
കൊളംബിയക്കുവേണ്ടി ഫാല്‍ക്കാേവോ, ക്വാഡ്രാഡോ, മുറിയാല്‍ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ഉറിബേയുടെ ഷോട്ട് ക്രോസ് ബാറിനിടിച്ച് മടങ്ങുകയും കാര്‍ലോസ് ബാക്ക എടുത്ത അവസാന കിക്ക് ഇംഗ്ലീഷ് ഗോളി ജോര്‍ദന്‍ പിക്ക്‌ഫോര്‍ഡ് തടയുകയും ചെയ്തു. ഇംഗ്ലണ്ടിനുവേണ്ടി ഹാരി കെയ്ന്‍, റാഷ്‌ഫോര്‍ഡ്, ട്രിപ്പിയര്‍, ഡീര്‍ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ഹെന്‍ഡേഴ്‌സന്റെ കിക്ക് കൊളംബിയന്‍ ഗോളി ഓസ്പിന തടഞ്ഞിട്ടു.
57 മത്തെ മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയാണ് ഇംഗ്ലണ്ട് മുന്നിലെത്തിയത്. കെയ്‌നിനെ ബോക്‌സില്‍ വെച്ച് കാര്‍ലോസ് സാഞ്ചസ് വീഴ്ത്തിയതിനെ തുടര്‍ന്നാണ് റഫറി പെനാല്‍റ്റി വിധിച്ചത്. ഒപ്പം സാഞ്ചസിന് മഞ്ഞക്കാര്‍ഡും. ഒരു ഗോളിന്റെ ലീഡ് വഴങ്ങിയ കൊളംബിയയെ ഇഞ്ചുറി ടൈമില്‍ മത്സരത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവന്നത് യെറി മിനയാണ്. 93 മത്തെ മിനിറ്റില്‍ കോര്‍ണര്‍ കിക്കില്‍ നിന്ന് വന്ന പന്ത് ബാഴ്‌സലോണ ഡിഫന്‍ഡര്‍ പോസ്റ്റിലേക്ക് ഉയര്‍ന്നുചാടി കുത്തിയിടുകയായിരുന്നു. ഇംഗ്ലീഷ് ഗോളി ഡൈവ് ചെയ്തപ്പോഴേക്കും പന്ത് വലയിലെത്തിയിരുന്നു. ഇതോടെയാണ് മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല