1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 16, 2018

സ്വന്തം ലേഖകന്‍: ഗോള്‍മഴ പെയ്യിച്ച് ഫ്രാന്‍സ് ലോകഫുട്‌ബോളിന്റെ അമരത്ത്; പൊരുതിക്കളിച്ച ക്രൊയേഷ്യ തല ഉയര്‍ത്തി മടങ്ങി. ലോകകപ്പ് ഫൈനലില്‍ ക്രൊയേഷ്യയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ഫ്രാന്‍സിന് ലോക കിരീടം. 1998ല്‍ സ്വന്തം നാട്ടില്‍ കപ്പുയര്‍ത്തിയശേഷം ഫ്രാന്‍സിന്റെ ആദ്യ ലോകകപ്പ് വിജയമാണിത്. അതേസമയം, കന്നി കിരീടം തേടിയെത്തിയ ക്രൊയേഷ്യയെ കൈയ്യടികളോടെയാണ് റഷ്യ യാത്രയാക്കുന്നത്.

ആദ്യപകുതിയില്‍ ഫ്രാന്‍സ് 21ന് മുന്നിലായിരുന്നു. ക്രൊയേഷ്യന്‍ താരം മരിയോ മാന്‍സൂകിച്ചിന്റെ സെല്‍ഫ് ഗോളില്‍ ഫ്രാന്‍സാണ് ആദ്യം ലീഡെടുത്തത്. പിന്നാലെ അന്റോയിന്‍ ഗ്രീസ്മന്‍ (38, പെനല്‍റ്റി), പോള്‍ പോഗ്ബ (59), കിലിയന്‍ എംബപെ (65) എന്നിവര്‍ ഫ്രാന്‍സിന്റെ ഗോള്‍ പട്ടിക നിറച്ചു. ക്രൊയേഷ്യയുടെ ആശ്വാസഗോളുകള്‍ ഇവാന്‍ പെരിസിച്ച് (28), മരിയോ മാന്‍സൂക്കിച്ച് (69) എന്നിവര്‍ നേടി.

1958 ലോകകപ്പിനുശേഷം മുഴുവന്‍ സമയത്ത് ഏറ്റവും കൂടുതല്‍ ഗോളുകള്‍ പിറന്ന ഫൈനല്‍ കൂടിയായി ഇത്. 1974നു ശേഷം ലോകകപ്പ് ഫൈനലിന്റെ ആദ്യ പകുതിയില്‍ മൂന്നു ഗോള്‍ പിറക്കുന്നത് ആദ്യം. മല്‍സരം കൈവിട്ടെങ്കിലും റഷ്യന്‍ ലോകകപ്പിന്റെ ഓമനകളായാണ് മോഡ്രിച്ചിന്റെയും സംഘത്തിന്റെയും മടക്കം. ഈ കിരീടനേട്ടത്തോടെ മരിയോ സഗല്ലോ (ബ്രസീല്‍), ഫ്രാന്‍സ് ബെക്കന്‍ബോവര്‍ (ജര്‍മനി) എന്നിവര്‍ക്കുശേഷം കളിക്കാരനായും പരിശീലകനായും ലോകകപ്പ് കിരീടം നേടുന്ന ആദ്യ വ്യക്തിയെന്ന നേട്ടം ഫ്രഞ്ച് പരിശീലകന്‍ ദിദിയെ ദെഷം സ്വന്തം പേരിലാക്കുകയും ചെയ്തു.

ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം ക്രൊയേഷ്യന്‍ നായകന്‍ ലൂക്കാ മോഡ്രിച്ചിനാണ്. പത്തൊമ്പതുകാരനായ കിലിയന്‍ എംബാപ്പെയാണ് റഷ്യയിലെ മികച്ച യുവതാരം. ഫൈനലില്‍ അടക്കം ഫ്രാന്‍സിന്റെ വിജയം ഉറപ്പിച്ച നാലു ഗോളുകളാണ് എംബാപ്പെ സ്‌കോര്‍ ചെയ്തത്. സെമിയില്‍ തോറ്റ് പുറത്തായ ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്‌നാണ് കൂടുതല്‍ ഗോളടിച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയത്. മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരം ബെല്‍ജിയത്തിന്റെ തിബൂട്ട് കുര്‍ട്ടോയുടെ കൈകളിലെത്തി. മികച്ച ടീമിനുള്ള ഫെയര്‍ പ്ലേ അവാര്‍ഡ് മുന്‍ചാമ്പ്യന്‍മാരായ സ്‌പെയിന്‍ സ്വന്തമാക്കി.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.