സ്വന്തം ലേഖകന്‍: ബെല്‍ജിയത്തെ തലകൊണ്ടിടിച്ചു വീഴ്ത്തിയ ഫ്രാന്‍സ് 12 കൊല്ലത്തിനു ശേഷം ലോകകപ്പ് ഫൈനലില്‍. സെമിയിലെ ആവേശപ്പോരാട്ടത്തില്‍ ബെല്‍ജിയത്തെ മടക്കമില്ലാത്ത ഏക ഗോളിന് തോല്‍പിച്ചാണ് ഫ്രാന്‍സ് മൂന്നാം തവണയും ലോകകപ്പിന്റെ കലാശപ്പോരിന് യോഗ്യത നേടിയത്.
അമ്പത്തിയൊന്നാം മിനിറ്റില്‍ ഡിഫന്‍ഡര്‍ സാമ്വല്‍ ഉംറ്റിറ്റിയാണ് ഫ്രാന്‍സിന്റെ വിജയഗോള്‍ നേടിയത്. ഗ്രീസ്മനെടുത്ത കോര്‍ണര്‍ ഫെല്ലെയ്‌നിക്കൊപ്പം ചാടിയാണ് ഉംറ്റിറ്റി വലയിലെത്തിച്ചത്. ആക്രമണത്തില്‍ ഒപ്പത്തിനൊപ്പമായിരുന്നു ഇരു ടീമുകളും. അതിവേഗത്തിലായിരുന്നു ഇരു ടീമുകളും നീക്കങ്ങള്‍ മെനഞ്ഞത്. ഫ്രഞ്ച് ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസിന്റെ മിന്നല്‍ സേവുകളായിരുന്നു കളിയുടെ ആകര്‍ഷണം.
ഹ്യുഗോ ലോറിസ് ബെല്‍ജിയത്തിന്റെ പ്രതീക്ഷകള്‍ തട്ടിയകറ്റിയപ്പോള്‍ ബെല്‍ജിയം ഗോളി കുര്‍ട്ടോയ്‌സും മിന്നല്‍ നീക്കങ്ങളുമായി ചുട്ട മറുപടി നല്‍കി. ഗോള്‍ കീപ്പര്‍മാര്‍ പരസ്പരം വാശിയോടെ പൊരുതുമ്പോള്‍ ആദ്യ പകുതിയില്‍ ഗ്രീസ്മാനും കൂട്ടരും നടത്തിയ നിരവധി മുന്നേറ്റങ്ങള്‍ ബെല്‍ജിയം പ്രതിരോധം തടുത്തിടുകയും ചെയ്തു. ഗോള്‍ വഴങ്ങിയ ശേഷവും ബെല്‍ജിയം നിരവധി ആക്രമണങ്ങള്‍ നടത്തിയെങ്കിലും ഭാഗ്യം ഫ്രാന്‍സിന്റെ കൂടെനിന്നു.
1998 ല്‍ ചാമ്പ്യന്മരായ ഫ്രാന്‍സിന്റെ മൂന്നാം ലോകകപ്പ് ഫൈനലാണിത്. 2006 ല്‍ അവര്‍ റണ്ണറപ്പുകളായിരുന്നു. ഇന്നു നടക്കുന്ന ഇംഗ്ലണ്ട്, ക്രെയേഷ്യ സെമിഫൈനല്‍ വിജയികള്‍ പതിനഞ്ചിന് ഫൈനല്‍ പോരാട്ടത്തില്‍ ഫ്രാന്‍സിനോട് ഏറ്റുമുട്ടും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല