1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 15, 2018

സ്വന്തം ലേഖകന്‍: ലൂസേഴ്‌സ് ഫൈനലില്‍ ഇംഗ്ലണ്ടിനെ രണ്ട് ഗോളുകള്‍ക്ക് മറികടന്ന് ബല്‍ജിയം ലോകകപ്പിലെ മൂന്നാം സ്ഥാനക്കാര്‍; സ്വപ്ന നേട്ടത്തിനായി ക്രൊയേഷ്യ ഇന്നിറങ്ങും. നാലാം മിനിറ്റില്‍ തന്നെ തോമസ് മ്യൂനിയറിലൂടെയാണ് ബെല്‍ജിയം ഇംഗ്ലണ്ടിനെതിരേ ലീഡ് നേടിയത്. എണ്‍പത്തിരണ്ടാം മിനിറ്റില്‍ എഡന്‍ ഹസാര്‍ഡ് രണ്ടാം ഗോള്‍ വലയിലാക്കി.

നാസര്‍ ചാഡ്‌ലി ഇടതു ഭാഗത്ത് നിന്ന് കൊടുത്ത ക്രോസ് ഫസ്റ്റ് ടച്ചിലൂടെ വലയിലേയ്ക്ക് തട്ടിയിടുകയായിരുന്നു മ്യൂനിയര്‍. ബെല്‍ജിയത്തിന്റെ ആദ്യ ഗോള്‍. ലോകകപ്പ് ഫുട്‌ബോളിന്റെ ചരിത്രത്തില്‍ ഇംഗ്ലണ്ട് വഴങ്ങുന്ന ഏറ്റവും വേഗമേറിയ ഗോളാണിത്. തന്നെ വളഞ്ഞ നാല് ഇംഗ്ലീഷ് ഡിഫന്‍ഡര്‍മാര്‍ക്കിടയിലൂടെ ഡിബ്രൂയിന്‍ നല്‍കിയ പാസിലൂടെയാണ് ഹസാര്‍ഡ് രണ്ടാം ഗോള്‍ നേടിയത്.

പന്തുമായി കുതിച്ച ഹസാര്‍ഡ് ഗോള്‍കീപ്പറേയും കബളിപ്പിച്ച് പോസ്റ്റിന്റെ ഇടത് മൂലയിലേക്ക് തട്ടിയിടുകയായിരുന്നു. പന്ത് വലയില്‍ ചുംബിച്ച് നിന്നു. ടൂര്‍ണ്ണമെന്റില്‍ ഹസാര്‍ഡിന്റെ മൂന്നാം ഗോളാണിത്. ആദ്യ നാല്‍പ്പത്തിയഞ്ച് മിനിറ്റില്‍ പന്തടക്കത്തില്‍ ഇംഗ്ലണ്ടിനാണ് ആധിപത്യം ലഭിച്ചതെങ്കിലും ലഭിച്ച അവസരങ്ങളൊന്നും കെയ്‌നും കൂട്ടര്‍ക്കും ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല.

റഷ്യന്‍ ലോകകപ്പില്‍ രണ്ടു ടീമുകള്‍ ആദ്യമായിട്ടാണ് രണ്ടു തവണ നേര്‍ക്കു നേര്‍ ഏറ്റമുട്ടുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ നടന്ന പോരാട്ടത്തിലും ബെല്‍ജിയം ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയിരുന്നു. സെമിയില്‍ ഫ്രാന്‍സിനോടാണ് ബെല്‍ജിയം പരാജയപ്പെട്ടത്. ലോകകപ്പിന്റെ ചരിത്രത്തില്‍ ബല്‍ജിയത്തിന്റെ ഏറ്റവും വലിയ നേട്ടമാണിത്. 1986 ലെ നാലാം സ്ഥാനമായിരുന്നു ഇതുവരെയുള്ള അവരുടെ ഏറ്റവും വലിയ നേട്ടം.

മോസ്‌കോ ലുഷ്‌നിക്കി സ്റ്റേഡിയത്തില്‍ ഇന്ന് കലാശപ്പോരാട്ടത്തില്‍ ഫ്രാന്‍സ് ക്രൊയേഷ്യയെ നേരിടും. 41 ലക്ഷം മാത്രം ജനസംഖ്യയുള്ള ക്രൊയേഷ്യ സ്വപ്ന നേട്ടത്തിനായി കളത്തിലിറങ്ങുമ്പോള്‍ സിനദേന്‍ സിദാന്റെ സുവര്‍ണ ടീമിനു ശേഷം കപ്പ് ഉയര്‍ത്തുകയെന്ന ലക്ഷ്യവുമായാണ് ഫ്രഞ്ചു പട ബൂട്ടു കെട്ടുക. ഞായറാഴ്ച ജയിച്ചാല്‍ കളിക്കാരനായും കോച്ചായും ലോകകപ്പ് നേടുന്ന മൂന്നാമനാകും ഫ്രഞ്ച് കോച്ച് ദിദിയര്‍ ദെഷാംപ്‌സ്.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.