സ്വന്തം ലേഖകന്‍: ബ്രസീലിന്റെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ബെല്‍ജിയം വിസില്‍; യുറുഗ്വായെ അരിഞ്ഞിട്ട് ഫ്രാന്‍സിന്റെ പടയോട്ടം; ലോകകപ്പ് റൗണ്ടപ്പ്. കളിയും പന്തടക്കവും ആക്രമണവുമെല്ലാം ഒത്തുവന്നിട്ടും 13 മത്തെ മിനിറ്റില്‍ പിറന്ന സെല്‍ഫ് ഗോളില്‍ തുടങ്ങിയ നിര്‍ഭാഗ്യം അവാസാന വിസില്‍വരെ ബ്രസീലിനെ വേട്ടയാടി. രണ്ടു തവണയാണ് ബെല്‍ജിയം ബ്രസീലിന്റെ വലകുലുക്കിയത്.
13 മത്തെ മിനിറ്റില്‍ ഫെര്‍ണാണ്ടീഞ്ഞോ സെല്‍ഫ് ഗോള്‍ വഴങ്ങിയപ്പോള്‍, കെവിന്‍ ഡിബ്രൂയിന്‍ ലുക്കാക്കു നല്‍കിയ പാസ്സ് പിടിച്ചെടുത്ത് കെവിന്‍ ഡി ബ്രുയിന്‍ ഗോളാക്കി മാറ്റി ലീഡ് രണ്ടാക്കി. 76 മത്തെ മിനിറ്റില്‍ കുട്ടിന്യോ ബോക്‌സിലേക്ക് നല്‍കിയ ക്രോസില്‍ ഉയര്‍ന്നുചാടി പന്ത് വലയിലേക്ക് കുത്തിയിട്ടാണ് അഗസ്റ്റോ ബ്രസീലിന്റെ ആശ്വാസ ഗോള്‍ നേടിയത്. മുപ്പത്തിരണ്ട് കൊല്ലത്തിനു ശേഷമാണ് ബെല്‍ജിയം ലോകകപ്പ് സെമി കളിക്കാന്‍ യോഗ്യത നേടുന്നത്.
ക്വാര്‍ട്ടറിലെ മറ്റൊരു മത്സരത്തില്‍ ഫ്രാന്‍സിനെതിരെ ഉറച്ച പ്രതിരോധം കാഴ്ചവച്ചെങ്കിലും ഗോളടിക്കാന്‍ മറന്ന യുറഗ്വായ്ക്ക് നിരാശയോടെ മടങ്ങേണ്ടി വന്നു. റാഫേല്‍ വരാന്‍ (40) അന്റോയ്ന്‍ ഗ്രീസ്‌മെന്‍ (61) എന്നിവരുടെ വകയായിരുന്നു ഫ്രാന്‍സിന്റെ വിജയ ഗോളുകള്‍.എഡിന്‍സന്‍ കവാനിയുടെ അസാന്നിധ്യത്തില്‍ യുറഗ്വായ് പതറിയതോടെ പോള്‍ പോഗ്ബയുടെയും എന്‍ഗോളോ കാന്റെയുടെയും പിന്തുണയോടെ എംബാബെയും ഗ്രീസ്‌മെനും യുറഗ്വായ് ഗോള്‍ മുഖത്ത് വട്ടമിട്ട് പറക്കാന്‍ തുടങ്ങി.
പിന്‍നിരയ്ക്കും മുന്‍നിരയ്ക്കുമിടയില്‍ പാലമിട്ട് മൈതാനം നിറഞ്ഞു കളിച്ച ഗ്രീസ്‌മെനായിരുന്നു രണ്ടു തവണയും യുറഗ്വായുടെ നെഞ്ചു തകര്‍ത്തത്. ഫ്രീകിക്കിലൂടെ ആദ്യ ഗോളിനു വഴിയൊരുക്കിയ അത്‌ലറ്റിക്കോ മഡ്രിഡ് താരം രണ്ടാം തവണ ഭാഗ്യത്തിന്റെ അകമ്പടിയോടെ ആണെങ്കിലും ലക്ഷ്യം കാണുകയും ചെയ്തു. യുറഗ്വായ് ഗോളിയുടെ ദയനീയമായ പിഴവിന്റെ ബലത്തില്‍ ഗോള്‍ നേടിയ ഗ്രീസ്‌മെന്‍ ഗോള്‍നേട്ടം ആഘോഷിക്കാതെ തിരിഞ്ഞു നടന്നതും ഫുട്‌ബോളിലെ മനോഹര നിമിഷങ്ങളില്‍ ഒന്നായി. ജൂലൈ 10 നാണ് ഫ്രാന്‍സും ബെല്‍ജിയവും തമ്മിലുള്ള സെമി പോരാട്ടം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല