സ്വന്തം ലേഖകന്‍: പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ക്രൊയേഷ്യയ്ക്കു മുന്നില്‍ കൊമ്പുകുത്തി റഷ്യന്‍ വീര്യം; സ്വീഡനെ തലകൊണ്ടിടിച്ചിട്ട് ഇംഗ്ലണ്ട് സെമിയില്‍; ലോകകപ്പ് റൗണ്ടപ്പ്. ഷൂട്ടൗട്ട് വരെ നീണ്ട ആവേശകരമായ ക്വാര്‍ട്ടര്‍ പോരില്‍ റഷ്യയെ കീഴടക്കി ക്രൊയേഷ്യ ലോകകപ്പ് സെമിയില്. ഷൂട്ടൗട്ടില് 4, 3 നായിരുന്നു ക്രൊയേഷ്യന് ജയം. നിശ്ചിത സമയത്തും അധിക സമയത്തും മത്സരം 2, 2 ന് അവസാനിച്ചു. ഷൂട്ടൗട്ടില് റഷ്യയുടെ ഫെദോര് സ്‌മൊളോവിനും മരിയോ ഫെര്ണാണ്ടസിനും പിഴച്ചപ്പോള്‍ നിര്ണായകമായ അവസാന കിക്ക് ലക്ഷ്യത്തിലെത്തിച്ച് ഇവാന് റാകിടിച്ച് ക്രൊയേഷ്യയുടെ സെമി പ്രവേശനം ആഘോഷമാക്കി.
ആദ്യം ഗോള് നേടി അട്ടിമറി സൂചന നല്‍കിയ റഷ്യയെ ക്രൊയേഷ്യ തിരിച്ചാക്രമിച്ചു തുടങ്ങിയതോടെ കളി ചൂടുപിടിച്ചു. 31 മത്തെ മിനിറ്റില് ഡെനിസ് ചെറിഷേവിലൂടെ റഷ്യ ലീഡ് നേടി. എട്ടു മിനിറ്റിന്റെ വ്യത്യാസത്തില് ആന്ദ്രേ ക്രമാറിച്ചിലൂടെ ക്രൊയേഷ്യ സമനില പിടിച്ചു. എന്നാല്, പിന്നീടങ്ങോട്ട് അലറി വിളിക്കുന്ന ഗാലറിയിലെ പതിനായിരങ്ങളുടെ പിന്തുണയോടെ പ്രതിരോധ മതില്‍ തീര്‍ത്ത റഷ്യയെ മറികടക്കാന് 90 മിനിറ്റ് സമയം കഴിഞ്ഞിട്ടും ക്രൊയേഷ്യയ്ക്കായില്ല.
എക്‌സ്ട്രാ ടൈമിലേക്കു നീണ്ട കളിയുടെ 101 മത്തെ മിനിറ്റില് ഡൊമഗോജ് വിദയിലൂടെ ക്രൊയേഷ്യ 21 ലീഡെടുത്തു. ക്രൊയേഷ്യ ജയിച്ചെന്നുറപ്പിച്ച ഘട്ടത്തില്, കളി തീരാന് അഞ്ചു മിനിറ്റുള്ളപ്പോള് മാരിയോ ഫെര്ണാണ്ടസിന്റെ തകര്പ്പന് ഗോളിലൂടെ റഷ്യ വീണ്ടും സമനില പിടിച്ചു. തുടര്‍ന്നാണ് കളി പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.
മറ്റൊരു ക്വാര്ട്ടര് പോരാട്ടത്തില്‍ സ്വീഡനെ വീഴ്ത്തി ഇംഗ്ലണ്ട് സെമിയില്‍. ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്കാണ് ഇംഗ്ലീഷ് പടയുടെ ജയം. 1990 നു ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് ലോകകപ്പ് സെമിയില് കടക്കുന്നത്. 1966, 1990 ലോകകപ്പുകളിലാണ് ഇംഗ്ലണ്ട് ഇതിനു മുമ്പ് സെമി കളിച്ചത്. ഹാരി മഗ്യൂറും ഡെലെ അലിയുമാണ് ഇംഗ്ലണ്ടിന്റെ ഗോള്‍വേട്ടക്കാര്‍.
ഗോള്‍ അവസരങ്ങള്‍ പാഴാക്കുന്നതില്‍ ഇരുടീമുകളും മല്‍സരിക്കുന്ന കാഴ്ചയ്ക്കാണ് സമാറ അരീനയില് ആരാധകര്‍ സാക്ഷ്യം വഹിച്ചത്. വിരസമായ കളിയില്‍ ഇംഗ്ലണ്ട് ഗോള്‍കീപ്പര്‍ പിക്‌ഫോര്‍ഡിന്റെ ഉജ്ജ്വല പ്രകടനമാണ് സ്വീഡന്റെ സെമി പ്രതീക്ഷകള്‍ തല്ലിക്കെടുത്തിയത്. ഇംഗ്ലണ്ടിന്റെ രണ്ടു ഗോളുകളും ഹെഡറില്‍ നിന്നായിരുന്നുവെന്ന പ്രത്യേകതയുമുണ്ട്. 11 ന് രാത്രി 11.30 ന് നടക്കുന്ന സെമിയില് ക്രൊയേഷ്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല