സ്വന്തം ലേഖകന്‍: സെമിയില്‍ ഇംഗ്ലീഷ് പടയെ തുരത്തി ആദ്യ ലോകകപ്പ് ഫൈനലിലേക്ക് മാര്‍ച്ച് ചെയ്ത് ക്രൊയേഷ്യ. ലുഷ്‌നിക്കി സ്റ്റേഡിയത്തില്‍ ചരിത്രം കുറിച്ച് ക്രൊയേഷ്യ തങ്ങളുടെ ആദ്യ ലോകകപ്പ് ഫൈനല്‍ പ്രവേശം ആഘോഷമാക്കി. എക്‌സ്ട്രാ ടൈമില്‍ സൂപ്പര്‍താരം മരിയോ മാന്‍സൂക്കിച്ച് നേടിയ ഗോളിലാണ് ക്രൊയേഷ്യ ഇംഗ്ലണ്ടിനെ വീഴ്ത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ക്രൊയേഷ്യയുടെ വിജയം.
ആദ്യ പകുതിയില്‍ കീറന്‍ ട്രിപ്പിയര്‍ 5 മത്തെ മിനിറ്റില്‍ നേടിയ ഗോളില്‍ മുന്നില്‍ക്കയറിയ ഇംഗ്ലണ്ടിനെ രണ്ടാം പകുതിയിലെ 68 മത്തെ മിനിറ്റില്‍ ഇവാന്‍ പെരിസിച്ചും എക്‌സ്ട്രാ ടൈമില്‍ മരിയോ മാന്‍സൂക്കിച്ചും നേടിയ ഗോളുകളിലാണ് ക്രൊയേഷ്യ മറികടന്നത്. ആവേശം അലതല്ലിയ പോരാട്ടത്തില്‍ അഞ്ചാം മിനിറ്റില്‍ത്തന്നെ മുന്നില്‍ക്കയറി നേടിയ മുന്‍തൂക്കം ഇംഗ്ലണ്ട് കളഞ്ഞുകുളിക്കുകയായിരുന്നു.
മിഡ്ഫീല്‍ഡ് ജനറല്‍മാരായ ലൂക്കാ മോഡ്രിച്ച്, ഇവാന്‍ റാക്കിട്ടിച്ച് സഖ്യത്തിന്റെ കരുത്തില്‍ മല്‍സരത്തിലേക്ക് തിര്‍ച്ചുവന്ന ക്രൊയേഷ്യ, വിജയം പിടിച്ചെടുക്കുകയായിരുന്നു. ഇരമ്പിയെത്തിയ പെരിസിച്ച്, മാന്‍സൂക്കിച്ച് മുന്നേറ്റങ്ങളെ തടയാന്‍ ഇംഗ്ലണ്ട് പ്രതിരോധവും ഗോള്‍ കീപ്പറും പാടുപെട്ടു. ഇരു ഗോള്‍ കീപ്പര്‍മാരുടെയും മിന്നുന്ന സേവുകളും കാണികളെ ആവേശം കൊള്ളിച്ചു.
ഞായറാഴ്ച കലാശപോരാട്ടത്തില്‍ ക്രൊയേഷ്യ ഫ്രാന്‍സിനെ നേരിടും. അതിനു മുന്നോടിയായി ശനിയാഴ്ച നടക്കുന്ന ലൂസേഴ്‌സ് ഫൈനലില്‍ ഇംഗ്ലണ്ട് ബല്‍ജിയത്തെ നേരിടും. ഗ്രൂപ്പുഘട്ടത്തില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോള്‍ വിജയം ബല്‍ജിയത്തിനായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല