സ്വന്തം ലേഖകന്‍: പെനാല്‍ട്ടി ഷൂട്ടൗട്ടുകളുടെ ദിവസത്തില്‍ സ്‌പെയിനിനെ വീഴ്ത്തി റഷ്യയും ഡെന്മാര്‍ക്കിനെ തകര്‍ത്ത് ക്രൊയേഷ്യയും ക്വാര്‍ട്ടറില്‍; ലോകകപ്പ് റൗണ്ടപ്പ്. ഷൂട്ടൗട്ടില്‍ നാല് ഷോട്ടുകള്‍ റഷ്യ, സ്‌പെയിനിന്റെ വലയിലെത്തിച്ചപ്പോള്‍ മൂന്നെണ്ണമേ മുന്‍ ചാമ്പ്യന്മാര്‍ക്ക് റഷ്യന്‍ വലയിലെത്തിക്കാനായുള്ളൂ. സ്‌പെയിന്‍ കിക്കുകള്‍ തടഞ്ഞിട്ട റഷ്യന്‍ ഗോളി അകിന്‍ഫേവാണ് ടീമിന് ജയം നേടിക്കൊടുത്തത്. നിശ്ചിത സമയത്തും അധിക സമയത്തും സ്‌പെയിന്‍ കിക്കുകള്‍ തടഞ്ഞിട്ടതും ഇതെ ഗോളി തന്നെയായിരന്നു.
റഷ്യന്‍ ലോകകപ്പിലെ പ്രീക്വാര്‍ട്ടര്‍ പോരില്‍ ആദ്യമായാണ് മത്സരം അധിക സമയത്തേക്ക് നീളുന്നത്. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതിനെ തുടര്‍ന്നാണ് കളി അധിക സമയത്തേക്ക് നീണ്ടത്. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഇരു ടീമുകളും ഒരോ ഗോള്‍ വീതം നേടി(11). സെല്‍ഫ് ഗോളിലൂടെയാണ് സ്‌പെയിന് ഗോളെത്തിയത്. പെനല്‍റ്റിയിലൂടെയാണ് റഷ്യ ഗോള്‍ മടക്കിയത്. സ്‌പെയിന്‍ നായകന്‍ റാമോസിനെ തടയുന്നതിനിടെ പന്ത് റഷ്യയുടെ സെര്‍ജി ഇഗ്‌നാസേവിച്ചിന്റെ കാലില്‍ തട്ടി സ്വന്തം വലയിലെത്തുകയായിരുന്നു.
ആവേശം നിറഞ്ഞ ഷൂട്ടൗട്ടില്‍ ഡെന്മാര്‍ക്കിനെ 32നാണ് ക്രൊയേഷ്യ തോല്‍പിച്ചത്. നിശ്ചിത സമയത്ത് ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതിനെ തുടര്‍ന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഗോള്‍ പോസ്റ്റിന് കീഴെ നെഞ്ചും വിരിച്ചുനിന്ന ഇരു ടീമുകളുടെയും ഗോള്‍ കീപ്പര്‍മാരാണ് കളിയെ ത്രസിപ്പിച്ചത്. നാടകീയതകള്‍ നിറഞ്ഞതായിരുന്നു ഷൂട്ടൗട്ട്. കിക്കുകള്‍ തടുത്തിടുന്നതില്‍ ഇരു ഗോള്‍കീപ്പര്‍മാരും മികവ് കാണിച്ചു. ഒടുവില്‍ വിജയം ക്രൊയേഷ്യന്‍ ഗോള്‍ കീപ്പര്‍ക്കൊപ്പമായിരുന്നു.
കളി തുടങ്ങി ആദ്യ മിനുറ്റില്‍ തന്നെ ഡെന്മാര്‍ക്ക് മുന്നിലെത്തി. റഷ്യന്‍ ലോകകപ്പിലെ വേഗതയേറിയ ഗോളായിരുന്നു അത്. ജോര്‍ജെന്‍സനാണ് 58 മത്തെ സെക്കന്റില്‍ ഡെന്മാര്‍ക്കിനായി ഗോള്‍ നേടിയത്. ബോക്‌സിലേക്കുള്ള ഡെന്മാര്‍ക്കിന്റെ ത്രോയാണ് ഗോളിലേക്ക് കലാശിച്ചത്. അതിനിടെ അധിക സമയത്തിന്റെ രണ്ടാം പകുതി അവസാനിക്കാനിരിക്കെ ക്രൊയേഷ്യക്ക് അനുകൂലമായ ലഭിച്ച പെനല്‍റ്റി കിക്ക് ലക്ഷ്യത്തിലെത്തിക്കാനും ക്രോയേഷ്യക്കായില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല