സ്വന്തം ലേഖകൻ: ഖത്തർ ലോകകപ്പിൽ അർജന്റീനയ്ക്കെതിരായ തകർപ്പൻ ജയത്തിനു പിന്നാലെ ആഘോഷങ്ങളുടെ ഭാഗമായി ബുധൻ പൊതു അവധി പ്രഖ്യാപിച്ച് സൗദി അറേബ്യ. സൗദി ഭരണാധികാരി സൽമാൻ രാജാവാണ് അവധി പ്രഖ്യാപിച്ചത്. സ്വകാര്യ–സർക്കാർ മേഖലകൾക്കും വിദ്യാർഥികൾക്കും അവധിയായിരിക്കും. ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു സൗദിയുടെ ജയം.
ഇന്നത്തെ മൽസരം കാണാൻ സർക്കാർ ജീവനക്കാർക്ക് പകുതി ദിവസത്തെ അവധിയും സൗദി അനുവദിച്ചിരുന്നു. സൗദി ടീം നേടിയ അട്ടിമറി വിജയത്തില്‍ രാജ്യമെങ്ങും ആഘോഷത്തിലാണ്. 48–ാം മിനിറ്റിൽ സാല അൽ ഷെഹ്റിയും 53–ാം മിനിറ്റിൽ സാലെം അൽ ഡവ്‌സാരി എന്നിവരാണ് സൗദിക്കായി ഗോൾ നേടിയത്. ആദ്യ പകുതിയുടെ 10–ാം മിനിറ്റിൽ സൂപ്പർ താരം ലയണൽ മെസ്സി പെനൽറ്റിയിൽനിന്നാണ് അർജന്റീനയുടെ ഗോൾ നേടിയത്.
സൗദി അറേബ്യയ്ക്ക് പിന്തുണ അറിയിച്ച് മത്സരം കാണാൻ ലുസെയ്ൽ സ്റ്റേഡിയത്തിൽ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുമെത്തി. ഇന്നലെ ഉച്ചയ്ക്ക് ലുസെയ്ൽ സ്റ്റേഡിയത്തിൽ സൗദി അറേബ്യയും അർജന്റീനയും തമ്മിൽ നടന്ന മത്സരത്തിനിടെ സ്റ്റേഡിയത്തിലെ വിവിഐപി ഗാലറിയിലെത്തിയ അമീർ മുൻപിലുണ്ടായിരുന്ന സൗദി ആരാധകരിൽ ഒരാളിൽ നിന്ന് സൗദിയുടെ ദേശീയ പതാക വാങ്ങി ഉയർത്തിയ ശേഷം കഴുത്തിലണിയുകയും ചെയ്തു.
സൗദിക്ക് പിന്തുണ പ്രകടമാക്കി ദേശീയ പതാക അണിഞ്ഞതിന്റെ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു. ഗാലറി തിങ്ങി നിറഞ്ഞ ആരാധകർക്ക് മുൻപിൽ കനത്ത പോരാട്ടമാണ് ഇരു ടീമുകളും കാഴ്ചവെച്ചത്.ലുസെയ്ൽ സ്റ്റേഡിയത്തിൽ സൗദി-അർജന്റീന മത്സരം കാണാൻ എത്തിയത് 88,012 പേർ. ലോകകപ്പിലെ 8 സ്റ്റേഡിയങ്ങളിൽ ഏറ്റവും വലിയ വേദിയാണ് ഫൈനൽ നടക്കുന്ന ലുസെയ്ൽ.
80,000 ആണ് ഫിഫ ആവശ്യപ്പെട്ട ഇരിപ്പിട ശേഷിയെങ്കിലും 92,000ത്തിലധികം പേരെ ഉൾക്കൊള്ളാൻ ശേഷിയുണ്ട്.
ഇന്നലെ ഉച്ചയ്ക്ക് 1ന് നടന്ന മത്സരം കാണാൻ രാവിലെ 9 മണിയോടെ സ്‌റ്റേഡിയത്തിന്റെ ഗേറ്റുകൾ തുറന്നപ്പോൾ തന്നെ അർജന്റീനയുടെയും സൗദിയുടേയും ആരാധകരുടെ പ്രവാഹമായിരുന്നു. കനത്ത ചൂടിലും ജഴ്‌സിയണിഞ്ഞ് ചെണ്ടമേളവും ബാൻഡും താളമേളവുമായാണ് ആരാധകരെത്തിയത്.
അർജന്റീനയുടെ അപ്രതീക്ഷിത തോൽവിയിൽ നിരാശരായെങ്കിലും ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സിയെ കളിക്കളത്തിൽ കൺമുൻപിൽ കണ്ടതിന്റെ ആഹ്ലാദത്തിൽ തന്നെയായിരുന്നു ആരാധകരുടെ മടക്കവും. ആരാധകരുടെ ആർപ്പുവിളികളും കരഘോഷവും ഏറ്റുവാങ്ങിയാണ് മെസ്സി കളിക്കളത്തിലേക്ക് പ്രവേശിച്ചത്. ഇഷ്ടതാരം മുന്നിലെത്തിയതോടെ ഗാലറിയിൽ മെസ്സി എന്നുറക്കെ വിളിച്ച് ആരാധകർ ആവേശം കൊണ്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല